ആടുകളിലെ ന്യുമോണിയ

Posted on: 25 Aug 2013


ആടുകളുടെ ശ്വാസകോശത്തില്‍ ഉണ്ടാകുന്ന കഠിനമായ നീര്‍ക്കെട്ടിനെയാണ് 'ന്യുമോണിയ' എന്ന് പറയുന്നത്. ആട്ടിന്‍കുട്ടികളിലാണ് ഈ മാരകരോഗം കൂടുതലായി കണ്ടുവരുന്നത്. മഴക്കാലത്താണ് രോഗം വ്യാപകമാവുന്നത്.ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, ഫംഗസ് അണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. അണുക്കള്‍ ശ്വാസം വഴിയാണ് ഉള്ളില്‍ കടക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ശരീരത്തിന്റെ പ്രതിരോധ ശക്തി നഷ്ടപ്പെടുമ്പോഴും അണുക്കള്‍ പെരുകുകയും രോഗം ഉണ്ടാകുകയും ചെയ്യുന്നു.

പ്രതികൂല സാഹചര്യങ്ങള്‍

കൂടുകളില്‍ സ്ഥലസൗകര്യം ഇല്ലാതെ ആടുകള്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം, വായുസഞ്ചാരക്കുറവ്, അനാരോഗ്യമായ ചുറ്റുപാടുകള്‍, യാത്ര, പെട്ടെന്നുള്ള ഭക്ഷണം മാറല്‍, കാലാവസ്ഥാ മാറ്റം, സംരക്ഷണത്തിലെ പോരായ്മ എന്നിവ രോഗത്തിന് കാരണമാകുന്നു.

ആടുകളെ മഴക്കാലത്ത് കരുതലോടെ സംരക്ഷിക്കണം. മഴ കൊണ്ടാല്‍ വെള്ളം ശ്വാസകോശത്തില്‍ കയറി രോഗം പിടിപെടാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ ഇവയുടെ കൂട് ചുരുങ്ങിയത് രണ്ട് അടിയെങ്കിലും പൊക്കത്തില്‍ നിര്‍മിക്കണം. ഗ്രാമീണ മേഖലകളില്‍ രണ്ട് ആടും അതിന്റെ കുട്ടികളെയും പാര്‍പ്പിക്കാന്‍ ആറടി നീളവും ആറടി വീതിയുമുള്ള കൂട് മതിയാകും. സാധാരണയായി ഒരു ആടിന് ഒരു ചതുരശ്രമീറ്റര്‍ സ്ഥലം മതിയാവും. ആണ്‍ ആടിന് ഇത് രണ്ടര ചതുരശ്ര മീറ്ററാണ്. കുട്ടികളെ വേറെ താമസിപ്പിക്കണം.

ലക്ഷണങ്ങള്‍

ശക്തമായ പനി, ചുമ, വിഷമകരമായ ശ്വാസോച്ഛ്വാസം, മൂക്കില്‍ നിന്ന് പഴുപ്പോടുകൂടിയതോ അല്ലാതയോ ഉള്ള ദ്രവം, ഭാരക്കുറവ്, വയറിളക്കം, ഉറക്കം തൂങ്ങിയിരിക്കല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

പരിഹാരം

ആറ്മാസം പ്രായം വരെയുള്ളവയ്ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണം. തൊഴുത്തും പരിസരവും അണുനാശിനിലായനി ഉപയോഗിച്ച് കഴുകണം. ഭക്ഷണ ക്രമം പാലിക്കണം.

മഴക്കാലത്ത് ആട്ടിന്‍കൂട് നനയാതെയും ആടുകളെ നനയ്ക്കാതെയും നോക്കണം. പുതിയ ആടുകളെ കൊണ്ടുവരുമ്പോള്‍ 10 ദിവസമെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണം. ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കണം. അസുഖം ഉള്ളവയെ മാറ്റി ത്താമസിപ്പിക്കണം. ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം.

ഡോ. എം. ഗംഗാധരന്‍ നായര്‍


Stories in this Section