പാല്‍ ഉത്‌പന്നങ്ങളിലൂടെ പണക്കൊയ്ത്ത്
Posted on: 04 Aug 2013
പാലിനെ തൈരും വെണ്ണയും നെയ്യുമൊക്കെയാക്കി സ്വന്തം ഗ്രാമത്തില്‍ത്തന്നെ വിറ്റഴിച്ച് മികച്ച സാമ്പത്തികനേട്ടമുണ്ടാക്കുകയാണ് തൃശ്ശൂര്‍ അന്തിക്കാട്ടുകാരായ നാരായണന്‍ നമ്പൂതിരിയും ഭാര്യ ശ്രീലതയും. 500 ലിറ്ററോളം പാലാണ് ഇവര്‍ ദിവസവും ഉത്പന്നങ്ങളാക്കുന്നത്.
കേരളത്തിനുപുറത്ത് ജോലിചെയ്തിരുന്ന നാരായണന്‍ നാട്ടിലെത്തിയപ്പോള്‍ പശുപരിപാലനം സ്വയംതൊഴിലായി സ്വീകരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ പൂര്‍ണപങ്കാളിത്തത്തോടെ പാലിനെ ഉത്പന്നങ്ങളാക്കിയതോടെ സംരംഭം വിജയത്തിലെത്തി. 20 പശുക്കളെയാണ് നാരായണന്‍ വളര്‍ത്തുന്നത്. നല്ല വായുസഞ്ചാരമുള്ള തൊഴുത്തില്‍ സീലിങ് ഫാനുകളും റബ്ബര്‍ ഫ്ലോര്‍മാറ്റുകളുമൊക്കെ സജ്ജമാണ്. പശുക്കളെ വളരെ സ്‌നേഹത്തോടെയാണ് പരിചരിക്കുക.
സുരഭി, രാധ, നന്ദിനി, കര്‍ണകി, കാവേരി, ഗംഗ ഇങ്ങനെ പശുക്കള്‍ക്ക് പേരിട്ടിട്ടുണ്ട്. കൊടുക്കുന്ന തീറ്റയും തരുന്ന പാലും തമ്മിലുള്ള അനുപാതം കൃത്യമായി നിരീക്ഷിച്ച് ഉത്പാദനക്ഷമതയുള്ള പശുക്കളെ മാത്രമേ നിര്‍ത്താറുള്ളൂ. തൊഴുത്തിന്റെ ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. ദിവസവും രാവിലെ നാരായണനും ശ്രീലതയും രണ്ട് സഹായികളും തൊഴുത്ത് നന്നായി കഴുകുകയും പശുക്കളെ കുളിപ്പിക്കുകയും ചെയ്യും. ഗോമൂത്രവും ചാണകവുമൊക്കെ ചാലുകളില്‍നിന്ന് പൈപ്പുകള്‍ വഴി ബയോഗ്യാസ് പ്ലാന്റിലും പുല്‍ത്തോട്ടത്തിലുമെത്തിക്കുന്നു. ചാണക സ്ലറിയും പുല്ലിന് വളമാക്കും.
പശുപരിപാലനത്തില്‍ രണ്ട് പതിറ്റാണ്ട് നീളുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തീറ്റ നല്‍കുന്നത്. പിണ്ണാക്കും കാലിത്തീറ്റയും പോഷക ടോണിക്കുമൊക്കെ ടാങ്കിലിട്ട് മിശ്രിതമാക്കി ഓരോ പശുവിന്റെയും ഉത്പാദനക്ഷമതയ്ക്കനുസരിച്ച് തീറ്റ കൊടുക്കുന്നു. പച്ചപ്പുല്ലും നല്ല അളവില്‍ നല്‍കുന്നുണ്ട്. ഇതിനായി അര ഏക്കറോളം പറമ്പില്‍ കോ-3, ഗിനി ഗ്രാസ്, ആഫ്രിക്കന്‍ നേപ്പിയര്‍ തുടങ്ങിയ തീറ്റപ്പുല്ലുകള്‍ കൃഷിചെയ്യുന്നു. മികച്ച പാലുത്പന്നമാണ് ഈ ഫാമിലെ പശുക്കളുടേത്. യന്ത്രക്കറവ ഉപയോഗിച്ച് 150 ലിറ്ററോളം പാല്‍ ദിവസവും കറന്നെടുക്കാനാകുന്നു. 26 ലിറ്റര്‍ ചുരത്തുന്ന പശുക്കള്‍ വരെ ഇവിടെയുണ്ട്.
പാല് മുഴുവനായി ഉത്പന്നങ്ങളാക്കുന്നതാണ് തന്റെ സംരംഭത്തെ പുരോഗതിയിലെത്തിച്ചതെന്ന് നാരായണന്‍ വിശ്വസിക്കുന്നു. പുറമേനിന്ന് 350 ലിറ്ററോളം പാല്‍ കൂടി വാങ്ങി മൊത്തം 500 ലിറ്റര്‍ പാലാണ് ഉത്പന്നങ്ങളാക്കുക. പാലില്‍നിന്ന് യന്ത്രത്തിന്റെ സഹായത്താല്‍ ക്രീം വേര്‍തിരിച്ച് വെണ്ണയും ഉരുക്കി നെയ്യുമാക്കുന്നു. സ്വന്തമായി ഉണ്ടാക്കിയെടുത്ത യന്ത്രമുപയോഗിച്ച് തൈര്, ഇഞ്ചിസത്ത്, കറിവേപ്പില തുടങ്ങിയവ നന്നായി കടഞ്ഞ് സംഭാരമുണ്ടാക്കുന്നുമുണ്ട്. വീട്ടംഗങ്ങള്‍ക്ക് പുറമേ രണ്ട് വനിതകളുടെ സഹായമേ പാലുത്പന്നങ്ങളുണ്ടാക്കാന്‍ വേണ്ടിവരുന്നുള്ളൂ. തന്റെ ഉത്പന്നങ്ങളൊക്കെ പാക്ക് ചെയ്ത് 'ഓം കൃഷ്ണ' എന്ന് ബ്രാന്‍ഡ് നല്‍കിയാണ് നാരായണന്‍ വിറ്റഴിക്കുന്നത്. ഗുണമേന്മയില്‍ മികച്ചതായതിനാല്‍ വില അല്പം കൂട്ടിയാണിവ വില്‍ക്കുക. ദിവസവും ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായും അന്തിക്കാട്ടും പരിസരപ്രദേശങ്ങളിലുമായി ചെലവാകുന്നു.
''ഉത്പന്നങ്ങളുടെ മേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് ഈ വ്യവസായത്തിലെ അടിസ്ഥാനതത്ത്വം. എന്നാല്‍ മാത്രമേ വാങ്ങിയവര്‍ ഇതുതന്നെ വീണ്ടും വാങ്ങുകയുള്ളൂ. ഗുണം മെച്ചമെങ്കില്‍ അധികവില നല്‍കാന്‍ ആര്‍ക്കും മടിയുമില്ല. എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും ഇത്തരം സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. വിപണിയില്‍ ഇപ്പോള്‍ കിട്ടുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന പാലുത്പന്നങ്ങളുടെ ഗുണമേന്മയില്‍ ജനങ്ങള്‍ സന്തുഷ്ടരല്ലെന്നതുതന്നെ കാരണം'' -നാരായണന്‍ പറയുന്നു.
ദിവസത്തില്‍ ഏറിയപങ്കും നാരായണനും ശ്രീലതയും പശുപരിപാലനത്തിനും ഉത്പന്ന നിര്‍മാണത്തിനുമായാണ് ചെലവിടുന്നത്. പശുക്കളുടെ ചാണകം വാരാനോ അവയെ കുളിപ്പിക്കാനോ ഒന്നും ബിരുദധാരികളായ ഈ ദമ്പതികള്‍ക്ക് ഒട്ടും മടിയില്ല. പശുക്കള്‍ ഇവര്‍ക്ക് കാമധേനുക്കളാണ്.
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍