ചേമ്പ് നടാന്‍ കാലമായി
Posted on: 14 Jul 2013
നല്ലപോലെ മഴപെയ്ത് നിലം തണുത്തു. ഇനി കിളച്ച് തടംകോരി ചെറിയ കുഴികുത്തി ചേമ്പ് നടാം. നെല്‍ക്കൃഷി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കിഴങ്ങുവര്‍ഗ വിളകള്‍ക്ക്, പ്രത്യേകിച്ചും ചേമ്പിന് ഏറെ പ്രസക്തിയുണ്ട്. ഒരു യൂണിറ്റ് സ്ഥലത്തില്‍നിന്ന് മറ്റ് ഭക്ഷ്യവിളകളേക്കാള്‍ കൂടുതല്‍ വിളവ് നല്‍കാന്‍ ചേമ്പിന് കഴിയും.
എളുപ്പത്തില്‍ ദഹിക്കുന്ന അന്നജം ചേമ്പിന്റെ മാത്രം പ്രത്യേകതയാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍വരെ ചേമ്പ് ഉള്‍പ്പെടുത്താം. ചേമ്പിലയില്‍ മാംസ്യവും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ നാടന്‍ വിഭവങ്ങളിലെ പ്രധാന ചേരുവയായി ചേമ്പ് തിരഞ്ഞെടുത്തിരുന്നതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. 'കര്‍ക്കടകത്തില്‍ ചേമ്പ് കട്ടിട്ടായാലും കൂട്ടണം' എന്നത് പാഴ്‌വാക്കല്ല.
തുറസ്സായ സ്ഥലത്ത് തനി വിളയായും തെങ്ങിന്‍ തോട്ടത്തിലും വാഴത്തോട്ടത്തിലും ഇടവിളയായും ചേമ്പ് കൃഷിചെയ്യാം. മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. 100 മുതല്‍ 200 ഗ്രാം വരെ തൂക്കംവരുന്ന തള്ളച്ചേമ്പോ 50 മുതല്‍ 75 ഗ്രാം വരെ തൂക്കമുള്ള പിള്ളച്ചേമ്പോ നടീല്‍ വസ്തുക്കളായി തിരഞ്ഞെടുക്കാം. വാരങ്ങളിലോ ചാലുകളിലോ രണ്ടടി അകലംപാലിച്ച് നടാവുന്നതാണ്. നട്ടുകഴിഞ്ഞാല്‍ പച്ചിലയോ കരിയിലയോ കൊണ്ട് പുതയിടണം. ഒരേക്കറിന് അഞ്ച് ടണ്‍ ജൈവവളം അടിവളമായി നല്‍കാം. രാസവളം ചേര്‍ക്കുന്നെങ്കില്‍ ഏക്കറില്‍ 20 കിലോഗ്രാം യൂറിയയും 50 കിലോഗ്രാം എല്ലുപൊടിയും 15 കിലോഗ്രാം പൊട്ടാഷും ചേമ്പ് മുളച്ച് രണ്ടാഴ്ചയ്ക്കകം നല്‍കണം. ഒരു മാസത്തെ ഇടവേളയില്‍ 20 കിലോഗ്രാം യൂറിയയും 15 കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കണം. വളം ചെയ്യുന്നതിന് മുമ്പായി കള പറിക്കുന്നതിനും വളം ഇളക്കിചേര്‍ത്തശേഷം മണ്ണ് കൂട്ടിക്കൊടുക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. നനയുള്ള സ്ഥലത്ത് എപ്പോള്‍ വേണമെങ്കിലും ചേമ്പ് കൃഷിചെയ്യാം. വിളവെടുപ്പിന് ഒരു മാസം മുമ്പ് നന നിര്‍ത്തണം.
ചേമ്പുകളിലെ ഏറ്റവും കുഞ്ഞനാണ് 'കണ്ണന്‍ചേമ്പ്'. അധികം ഉയരംവെക്കാത്ത ചെറിയ ഇലകളോടുകൂടിയ ഈ ചേമ്പിന്റെ കിഴങ്ങുകളും ചെറുതായിരിക്കും. പറമ്പുചേമ്പെന്നും ചെറുചേമ്പെന്നും കണ്ണന്‍ ചേമ്പിന് പേരുണ്ട്.
നീല ചേമ്പ്, വെട്ടി ചേമ്പ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന 'ചക്ക ചേമ്പി'ന്റെ തണ്ട് നീല നിറമായിരിക്കും. കണ്ണന്‍ ചേമ്പിനേക്കാള്‍ വലിപ്പംകൂടിയ ചക്ക ചേമ്പ് തനി വിളയായും ഇടവിളയായും കൃഷിചെയ്യാം.
ഒരാളുടെ ഉയരംവെക്കുന്ന 'പാല്‍ ചേമ്പാ'ണ് ചേമ്പുകളുടെ കൂട്ടത്തിലെ ഭീമന്‍. കനത്ത തണ്ടും വലിയ ഇലകളും ഒരു മുഴത്തിലേറെ നീളവും വണ്ണവുമുള്ള ഒറ്റക്കിഴങ്ങും പാല്‍ ചേമ്പിന്റെ പ്രത്യേകതയാണ്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രം പുറത്തിറക്കിയ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ് ശ്രീരശ്മി, ശ്രീപല്ലവി, ശ്രീകിരണ്‍. കീടരോഗ പ്രതിരോധശേഷിയും അത്യുത്പാദനവും മാത്രമല്ല, ചൊറിച്ചിലില്ല എന്ന മേന്മയും 'ശ്രീ' ഇനങ്ങള്‍ക്കുണ്ട്. ഏക്കറിന് എട്ട് ടണ്‍ വിളവുതന്ന് ചേമ്പ് കൃഷിക്ക് 'ശ്രീ' നല്‍കുന്നവയാണ് ഈ ചേമ്പിനങ്ങള്‍.
ചേമ്പിനെ വാഴത്തോട്ടത്തിലെ ഇടവിളയാക്കിയാല്‍ കൃഷിച്ചെലവ് കൂടാതെ തന്നെ വരുമാനം കൂട്ടാന്‍ സാധിക്കും. നാല് വാഴയുടെ നടുവില്‍ ഒരു ചേമ്പ് എന്നതാണ് കണക്ക്. സീസണില്‍ കിലോഗ്രാമിന് 50 രൂപവരെ കിട്ടും. മറ്റ് കിഴങ്ങുവര്‍ഗ വിളകളെ അപേക്ഷിച്ച് നേരത്തേ വിളവെടുക്കാമെന്നതും ചേമ്പിന്റെ വാണിജ്യസാധ്യത കൂട്ടുന്നു.
ചേമ്പിലകൊണ്ട് തയ്യാറാക്കുന്ന പോഷകസമ്പുഷ്ടമായ പലഹാരമാണ് 'പത്രഅട'. ചേമ്പിലയില്‍ പ്രകൃതിയുടെ അമൂല്യനിക്ഷേപങ്ങളായ പോഷകങ്ങളും ധാതുലവണങ്ങളും മുന്തിയതോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നഷ്ടമാകാതെ തയ്യാറാക്കുന്ന വിഭവമാണ് 'പത്രോട' എന്ന പത്രഅട. ചേമ്പില കഴുകി വൃത്തിയാക്കി കട്ടികൂടിയ ഞരമ്പുകള്‍ ചെത്തി മാറ്റണം. കുതിര്‍ത്ത അരി, വറ്റല്‍മുളക്, കായം, ബിലിമ്പി പുളി, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ചേമ്പിലയുടെ പിന്‍വശത്ത് നിരത്തി ഇലയട പോലെ മടക്കി ആവിയില്‍ പുഴുങ്ങണം. ഇല കളയാതെ ചെറുചൂടോടെ കഴിക്കാം. പത്രോട മുറിച്ച് കഷ്ണങ്ങളാക്കി 'പനീറി'ന് പകരമായി ചേര്‍ത്ത് തയ്യാറാക്കുന്ന പത്രോടക്കറി കാസര്‍കോട്ടെ തൗളവരുടെ ആഘോഷത്തിന് പൊലിമയേറ്റുന്നു.
(കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം, ശ്രീകാര്യം. ഫോണ്‍: 0471 2598551.)
വീണാറാണി ആര്‍.
കൃഷി ഓഫീസര്‍,കിനാനൂര്‍-കരിന്തളം
veena4raghavan@gmail.com