കലര്‍പ്പില്ലാത്ത മാധുര്യം

Posted on: 09 Jun 2013


പാലക്കാട്: അമേരിക്കയിലെ നോര്‍ത്ത് ലാന്‍ഡ് ലബോറട്ടറിയില്‍നിന്ന് പരിശോധനാഫലം വന്നപ്പോള്‍ മനോജ്കുമാര്‍ അമ്പരന്നു. താന്‍ ജൈവരീതിയില്‍ വിളവെടുത്ത കരിമ്പില്‍നിന്നുണ്ടാക്കിയ വെല്ലത്തിന് ശുദ്ധമായ തേനിനേക്കാള്‍ ഗുണമുണ്ടെന്നായിരുന്നു ലാബിലെ പരിശോധനാഫലം. കഞ്ചിക്കോട് പ്രിക്കോട്ട്മില്‍ കോളനിയിലാണ് 34-കാരനായ മനോജിന്റെ ജൈവകൃഷിത്തോട്ടം. നാലേക്കറിലാണ് കരിമ്പ്. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന എട്ട് പശുക്കളുണ്ട്. ഇവയുടെ ചാണകവും മൂത്രവും മാത്രമാണ് വളം.

സുഭാഷ് പലേക്കറാണ് കൃഷിയില്‍ ഗുരു. 2008-ലാണ് ജൈവകൃഷിയിലേക്ക് കാലൂന്നിയത്. ആദ്യവര്‍ഷം 4,700 കിലോഗ്രാമായിരുന്നു ഉത്പാദനം. 2010-'11ല്‍ ഇത് 5100 കിലോഗ്രാമായി. ജീവാമൃതവും തുള്ളിനനയും വിളവ് വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഉത്പാദനം 7,860 കിലോഗ്രാമായി. ഈ വര്‍ഷം 9,709 കിലോഗ്രാമായിരുന്നു.

മനോജ് വെറും കര്‍ഷകനല്ല; ടെക്‌സ്റ്റൈല്‍ ടെക്‌നോളജി എന്‍ജിനിയറാണ്. പ്രിക്കോട്ട് മില്ലിലും മദ്രാസ് സ്പിന്നിങ് മില്ലിലും എന്‍ജിനിയറായി ജോലി ചെയ്തിട്ടുണ്ട്. സുഭാഷ് പലേക്കറുടെ ഒരു ക്ലാസില്‍ പങ്കെടുത്തതോടെയാണ് മനസ്സ് മാറിയത്. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങി. ജൈവരീതിയില്‍ 'സി.ഒ. 86032' ഇനം കരിമ്പാണ് വിളവിറക്കുന്നത്.

കൃഷിയിടത്തോട് ചേര്‍ന്ന വീട്ടിലാണ് വെല്ലം തയ്യാറാക്കല്‍. സംശുദ്ധവെല്ലത്തിന് വിപണിയില്‍ വില അല്പം കൂടും. ഇത്തവണ കിലോഗ്രാമിന് 68 മുതല്‍ 75 വരെയാണ് നികുതിയുള്‍പ്പെടെ വില. അരിഷ്ടമുണ്ടാക്കുന്നവരാണ് പ്രധാന ഉപഭോക്താക്കള്‍. ആവശ്യക്കാര്‍ക്ക് ശര്‍ക്കരപ്പൊടിയും തയ്യാറാക്കി നല്‍കും. സുഭാഷ് പലേക്കറും വിദേശികളും കാര്‍ഷികവിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ മനോജിന്റെ കൃഷിയിടത്തില്‍ എത്തിയിട്ടുണ്ട്.

13 ഏക്കറുണ്ട് മനോജിന്റെ മൊത്തം കൃഷിയിടം. തെങ്ങ്, ഞാലിപ്പൂവന്‍ വാഴ, മധുരക്കിഴങ്ങ്, ഉഴുന്ന് എന്നിവയാണ് വിളകള്‍. ഇവയുടെ കൃഷിയും ജൈവരീതിയില്‍ത്തന്നെ. ജൈവകൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് വിവരങ്ങളും സഹായവും നല്‍കാന്‍ മനോജിന് താത്പര്യമുണ്ട്. E-mail: organicfoods.manojkumar@gmail.com.


Stories in this Section