കന്നുകാലികളെ കൊല്ലുന്ന'കല്ലുനെരന്ത'

Posted on: 26 May 2013


നമ്മുടെ നാട്ടിലെ ചില കളസസ്യങ്ങള്‍ അഥവാ വള്ളിച്ചെടികള്‍ വിഷമടങ്ങിയവയാണ്. ഇത് കന്നുകാലികള്‍ കടിച്ചുതിന്നുകയാണെങ്കില്‍ മരണംവരെ സംഭവിക്കും. ഇത്തരത്തിലൊരു ചെടിയാണ് വേനലില്‍പ്പോലും നല്ല പച്ചയായി റോഡരികിലും തോട്ടിന് സമീപവും റെയില്‍വേ ലൈനിന്റെ വശങ്ങളിലും കാണുന്ന 'കല്ലുനെരന്ത'. ഇതിനെ കരണ്ടക വള്ളി, പൊള്ള, നഞ്ചിന്‍ വള്ളി, വള്ളിനെരന്ത എന്നും പറയാറുണ്ട്. വേനലില്‍ മറ്റെല്ലാ ചെടികളും ഉണങ്ങിനില്‍ക്കുന്ന ഭാഗത്ത് ഈ ചെടി നല്ലപച്ചപ്പോടെ തഴച്ചുനില്‍ക്കുന്നതിനാല്‍ മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ വള്ളിനെരന്ത തിന്നും.

തിന്നുകഴിഞ്ഞാല്‍ ഒന്നു രണ്ട് മണിക്കൂറിനകംതന്നെ വിഷബാധ കാണും. കാലികളുടെ വായില്‍നിന്ന് നുരയും പതയും ഒലിച്ചിറങ്ങും. അനിയന്ത്രിതമായി ശരീരം വിറയ്ക്കും. കണ്ണുചുവന്നു മറിയുക, കിടന്ന് കാലുംതലയും ഇട്ടടിക്കുക , ശ്വാസതടസ്സം ഉണ്ടാവുക എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്.

അനാമിര്‍ട്ടിന്‍ എന്ന ആല്‍ക്കലോയിഡിന്റെ കൂടിയ സാന്നിധ്യമാണ് ചെടിയെ വിഷമയമാക്കുന്നത്. ഈ വിഷപദാര്‍ഥത്തിന് മറുമരുന്നില്ലാത്തതിനാല്‍ അപകടം സംഭവിക്കും. ഒരുഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ഉടനെ പശുവിനെ കുടിപ്പിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. വെറ്ററിനറി സര്‍ജനെ കാണിക്കാന്‍ മറക്കുകയുമരുത്.

കല്ലുനെരന്തയുടെ ഇലകള്‍ തിരിച്ചറിയാന്‍ ശ്രമിക്കണം. കന്നുകാലികളെ കെട്ടുന്ന ഭാഗത്ത് ഈ ചെടിയില്ലെന്ന് ഉറപ്പാക്കണം. വീട്ടുപറമ്പില്‍ നന്നായി നിരീക്ഷിച്ച് കല്ലുനെരന്ത വള്ളിയുണ്ടോയെന്ന് നോക്കാന്‍ മറക്കരുത്. ഇവയെ വേരോടെ കിളച്ചുനീക്കി നശിപ്പിക്കണം. ഇതേപോലെ നാം ശ്രദ്ധിക്കേണ്ട ചില വിഷസസ്യങ്ങളാണ് പാര്‍ത്തീനിയം, ആവണക്ക് എന്നിവ. വേറെ ചില കളച്ചെടികളും നമ്മുടെ കൃഷിയിടവും വഴിയോരവും വനവും കൈയടക്കിവെച്ചിരിക്കുകയാണ്. ധൃതരാഷ്ട്രപച്ച, മൂടില്ലാത്താളി എന്നിവ അതില്‍ ചിലതാണ്.

'എം.എ. സുധീര്‍ബാബു


Stories in this Section