താറാവ് വസന്ത തടയാം

Posted on: 26 May 2013താറാവുകളെ സാധാരണ ബാധിക്കുന്ന രോഗങ്ങളാണ് താറാവ് വസന്ത, ബ്രൂഡര്‍ ന്യൂമോണിയ, സാല്‍മോണ പ്ലോസിസ്റ്റ്, ഡക്ക് വൈറസ് ഹെപ്പറ്റൈറ്റിസ്, വിരബാധ, അഫ്ലാ ടോക്‌സിക്കോസിസ്, രക്താതിസാരം എന്നിവ.

ഇക്കൂട്ടത്തില്‍ ഏറ്റവും മാരകമായത് താറാവ് വസന്ത അഥവാ 'ഡക്ക്‌വൈറസ് എന്ററൈറ്റിസ്' ആണ്. സാധാരണയായി വെള്ളത്തില്‍ തുറന്നുവിട്ട് വളര്‍ത്തുന്നവയിലാണ് ഈ വൈറസ് രോഗം കൂടുതലായി കണ്ടുവരുന്നത്. കര്‍ഷകര്‍ക്ക് വമ്പിച്ചനഷ്ടം ഉണ്ടാക്കുന്ന ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1963-ല്‍ ബംഗാളിലാണ്.

രോഗലക്ഷണങ്ങള്‍

രോഗം ബാധിച്ചവ, ചിറകുകള്‍ താഴ്ത്തിയിട്ട് തീറ്റയെടുക്കാതെയും നീങ്ങാന്‍ വയ്യാതെയും കിടക്കും. ഈ അവസരത്തില്‍ കണ്‍പോളകള്‍ ചേര്‍ന്നടഞ്ഞിരിക്കും. വെള്ളംപോലെ കാഷ്ഠിക്കുന്നതായും മലദ്വാരത്തിനടുത്തുള്ള തൂവലുകളില്‍ കാഷ്ഠം ഒട്ടിപ്പിടിച്ചിരിക്കുകയും ചെയ്യും.

കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പും കാണാം. പിന്നീട് തലതാഴ്ത്തിയിട്ട് ചുണ്ട് നിലത്തുമുട്ടി കുഴഞ്ഞുപോകും. ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചാല്‍ വിറയ്ക്കുന്നതായി കാണാം. മുട്ടയിടാറായ പ്രായത്തിലെത്തിയതോ മുട്ടയിടുന്നതോ ആയ താറാവുകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസത്തിനകം ഇവ ചത്തുപോകും.

ചത്ത താറാവുകളെ മരണാനന്തര പരിശോധന നടത്തിയാല്‍ അണ്ഡാശയക്കുഴലില്‍ ചെറിയ കുരുക്കള്‍, കരളില്‍ രക്തസ്രാവം, കുടലിലും വയറ്റിലും രക്തം നിറഞ്ഞുനില്‍ക്കുക എന്നിവ ദൃശ്യമാകുന്നു. ഹൃദയത്തിന്റെ ഭിത്തികളില്‍ രക്തസ്രാവത്തിന്റെയും സെല്ലുകള്‍ നിര്‍ജീവമായതിന്റെയും ലക്ഷണങ്ങള്‍ കാണാം. വൃക്കകള്‍, കണയഗ്രന്ഥി, ശ്വാസകോശങ്ങള്‍ എന്നിവിടങ്ങളിലും രക്തം പൊടിയുന്നു. പക്ഷേ, പ്ലീഹയില്‍ മാറ്റമൊന്നും കാണപ്പെടുന്നില്ല.

പ്രതിരോധ മാര്‍ഗങ്ങള്‍

ഈ രോഗത്തിനെതിരെയുള്ള പ്രതിരോധവാക്‌സിന്‍ പാലോട്ടുള്ള വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിര്‍മിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്.

താറാവ് കുഞ്ഞുങ്ങള്‍ക്ക് എട്ടുമുതല്‍ പന്ത്രണ്ടാഴ്ചവരെ പ്രായമുള്ളപ്പോള്‍ കുത്തിവെപ്പ് നടത്താം. ഒരിക്കല്‍ കുത്തിവെച്ചാല്‍ ഒന്നരവര്‍ഷത്തോളം പ്രതിരോധശക്തി ലഭിക്കും. എങ്കിലും ഇരുപത്താറ് ആഴ്ച പ്രായമുള്ളപ്പോഴും പിന്നീട് വര്‍ഷംതോറും ഓരോ കുത്തിവെപ്പ് ചെയ്യിക്കുന്നതാണ് ഉത്തമം.

താറാവിന്‍കൂട്ടത്തില്‍ ഏതെങ്കിലും ചിലതിന് രോഗമുള്ളപ്പോള്‍ മറ്റുള്ളവയ്ക്ക് കുത്തിവെപ്പ് നടത്തരുത്. അതുപോലെ ആരോഗ്യം കുറഞ്ഞവയ്ക്കും കുത്തിവെക്കുന്നത് നല്ലതല്ല. അത്യുഷ്ണമുള്ള സമയത്ത് കുത്തിവെപ്പ്അഭികാമ്യമല്ല. ഇത്തരം ശാസ്ത്രീയമുറകള്‍ അവലംബിച്ചാല്‍ താറാവ് വളര്‍ത്തല്‍ വളരെ ലാഭകരമാക്കാം.

'ഡോ. പി.കെ. മുഹ്‌സിന്‍

മൃഗസംരക്ഷണവകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍


Stories in this Section