കൊച്ചി: കാര്‍ഷിക കൂട്ടായ്മയുടെ വിജയത്തിളക്കത്തിലാണ് 'അഗ്രിക്കള്‍ച്ചറല്‍ സ്‌കീം ത്രൂ റസിഡന്റ്‌സ് അസോസിയേഷന്‍ (അസ്ത്ര)'. കേരളത്തില്‍ സുലഭമല്ലാത്ത എന്‍.എസ്-43 കാബേജ്, എന്‍.എസ്-60 എ കോളിഫ്ലവര്‍, സൂപ്പര്‍ കുറോഡ ഇനം കാരറ്റ് എന്നിവ ഈ കൂട്ടായ്മയില്‍ വളര്‍ന്നപ്പോള്‍ നഗരത്തിന് അത് പുതുമയായി.
സേവ് കേരള മൂവ്‌മെന്റും, തൃക്കാക്കര റസിഡന്റ്‌സ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സിലും (ട്രാക്), എറണാകുളം വൈ.എം.സി.എ.യും ചേര്‍ന്ന് നവംബറിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
ഇവിടെ വളരുന്ന 'അരുണ്‍' ഇനത്തിലുള്ള ചുവപ്പ് ചീര, 'സി.ഒ.' ഇനത്തിലുള്ള പച്ചച്ചീര എന്നിവയുടെ വിളവെടുപ്പ് നടന്നുവരികയാണ്. 'അസ്ത്ര'യുടെ അംഗങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും ഇവിടെ നിന്ന് പച്ചക്കറികള്‍ വാങ്ങുന്നുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെ കൃഷിത്തോട്ടത്തില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങാം.
കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ചാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്.
തൃക്കാക്കരയിലുള്ള വൈ.എം.സി.എ. ബോയ്‌സ് ഹോമിനോട് ചേര്‍ന്ന നാലേക്കര്‍ സ്ഥലത്താണ് കുറ്റിപ്പയര്‍, പച്ചമുളക്, വഴുതന, പടവലം, വെള്ളരി, മത്തന്‍, കുമ്പളം, വാഴ എന്നിവ കൃഷി ചെയ്തിട്ടുള്ളത്.
പദ്ധതിയിലെ അംഗങ്ങള്‍ സേവനമായാണ് വിത്ത് നടല്‍, വിളവെടുപ്പ് തുടങ്ങിയവ നടത്തുന്നത്. പോണേവഴി വെസ്റ്റ് റസിഡന്റ്‌സ് അസോസിയേഷന്റെ 50 സെന്റില്‍ വാഴ കൃഷിയും അസ്ത്ര ചെയ്യുന്നുണ്ട്.
ബെന്നി ബഹനാന്‍ എം.എല്‍.എ, വൈ.എം.സി.എ. പ്രസിഡന്റ് സീനിയര്‍ അഡ്വ. ബാബു വര്‍ഗീസ്, 'സേവ് കേരള മൂവ്‌മെന്റ്' പ്രസിഡന്റ് അഡ്വ. പി.ആര്‍. പത്മനാഭന്‍ നായര്‍, 'ട്രാക്' പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍, സേവ് കേരള മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്‍ എന്നിവരാണ് 'അസ്ത്ര' യ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.