മണ്ണില്‍ പൊന്നുവിളയിച്ച് ചന്ദ്രന്‍

Posted on: 16 Jan 2013



പുതുക്കോട്(പാലക്കാട്): അധ്വാനിക്കാനുള്ള മനസ്സും ശരീരവുമുണ്ടെങ്കില്‍ ഏതുമണ്ണിലും പൊന്നുവിളയിക്കാമെന്ന് സാക്ഷ്യപ്പെടുത്തുന്നു തെക്കേപൊറ്റയിലെ ചന്ദ്രന്‍.

കൃഷി നഷ്ടമെന്നുപറയുന്നവരെ ചന്ദ്രന്‍ തിരുത്തും. 16വര്‍ഷം പച്ചക്കറിക്കൃഷി നടത്തി 23 ലക്ഷംരൂപ സമ്പാദിച്ചതിന്റെ അനുഭവങ്ങളാണ് ഈ കര്‍ഷകനുള്ളത്. നാലുപതിറ്റാണ്ടായി മനസ്സും ശരീരവും ചന്ദ്രന്‍ കൃഷിക്കായി മാറ്റിവെച്ചിരിക്കയാണ്. ഒന്നരയേക്കര്‍ നെല്പാടം, ഒരേക്കര്‍ റബ്ബര്‍ത്തോട്ടം ഇവയെല്ലാം കൃഷിയിലെ അധ്വാനത്തിലൂടെ നേടിയതാണെന്ന് ചന്ദ്രന്‍ പറയുന്നു.

ഭാര്യ ലീല അസുഖത്തെത്തുടര്‍ന്ന് പച്ചക്കറിത്തോട്ടത്തില്‍ ചന്ദ്രനെ സഹായിക്കാനെത്താറില്ല. മകന്‍ അഭിലാഷ് വര്‍ക്ക്‌ഷോപ്പ്‌ജോലി കഴിഞ്ഞുള്ള ഒഴിവുസമയത്ത് കൃഷിയിടത്തിലെത്തും.

കഴിഞ്ഞവര്‍ഷം ചന്ദ്രന്‍ തന്റെ കൃഷിയിടത്തില്‍ 100 ടണ്‍ പച്ചക്കറിയാണ് വിളയിച്ചെടുത്തത്. 2007ലാണ് ചന്ദ്രന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കര്‍ഷകര്‍ക്കായി തെക്കേപ്പൊറ്റ സ്വാശ്രയ കര്‍ഷകസമിതിക്ക് രൂപംനല്‍കുന്നത്. ഉത്പാദനവസ്തുക്കള്‍ക്ക് വിപണിയും ഇടനിലക്കാരില്ലാതെ നല്ലവിലയും കണ്ടെത്തുക എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. ഇത് വിജയിച്ചിരിക്കുന്നു. ഇപ്പോള്‍ സമിതിയില്‍ 210ഓളം അംഗങ്ങളുണ്ട്. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍നിന്ന് കച്ചവടക്കാര്‍ നേരിട്ടെത്തി തെക്കേപ്പൊറ്റയില്‍നിന്ന് പച്ചക്കറികള്‍ വാങ്ങുന്നു.

ഏക്കറിന് 25,000 പാട്ടംനല്‍കിയാണ് ചന്ദ്രന്‍ മൂന്നേക്കര്‍ പാട്ടത്തിനെടുത്തിരിക്കുന്നത്. കൃഷിനടത്തിപ്പിന് തുടക്കത്തില്‍ ഏക്കറിന് ഒരുലക്ഷത്തോളം ചെലവു വരുമെന്ന് ചന്ദ്രന്‍ പറയുന്നു.

മാര്‍ച്ചില്‍ തുടങ്ങി ജനവരിയില്‍ അവസാനിക്കുന്ന മൂന്നുസീസണുകളിലാണ് വിളവെടുപ്പ്. പാവല്‍, പയര്‍, പടവലം എന്നീ പ്രധാനവിളകള്‍ക്കിടയില്‍ കൂര്‍ക്ക, മരച്ചീനി, ചേമ്പ്, ചേന, വെണ്ട, മുളക്, നേന്ത്രവാഴ, ചീര എന്നിവയും കൃഷിയിറക്കുന്നുണ്ട്. വി.എഫ്.പി.സി.കെ.യും പുതുക്കോട് കൃഷിഭവനും ചന്ദ്രന് നിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്. ജൈവവളം, ജൈവകീടനാശിനി എന്നിവയ്ക്കാണ് മുന്‍ഗണനയെങ്കിലും കുറഞ്ഞ അളവില്‍ രാസവളം ഉപയോഗിക്കുന്നുണ്ടെന്ന് ചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ പച്ചക്കറിക്കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ചെയ്തില്ലെങ്കില്‍ ഈ മേഖലയും നഷ്ടത്തില്‍ കലാശിക്കുമെന്ന അഭിപ്രായമാണ് ചന്ദ്രന്.


Stories in this Section