ഡോ. പി.കെ. മുഹ്സിന്, താമരശ്ശേരി

മനുഷ്യരിലെന്നപോലെ കന്നുകാലികള്‍, പന്നി, കോലാടുകള്‍, നായ, പൂച്ച എന്നീ മൃഗങ്ങളിലും കോഴികളിലും ക്ഷയരോഗം കണ്ടുവരുന്നു.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും ഇത് പകരും. തൊഴുത്തുകളില്‍ സദാസമയവും കെട്ടിയിട്ട് വളര്‍ത്തുന്ന കാലികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. പശുക്കളേക്കാള്‍ കൂടുതല്‍ രോഗം എരുമകളില്‍ കണ്ടുവരുന്നു. ആന, ഒട്ടകം, മാന്‍, കാട്ടുപോത്ത് എന്നിവയിലും ക്ഷയരോഗം കണ്ടുവരുന്നു. പ്രായംകൂടിയ പശുക്കളിലാണ് രോഗബാധ കൂടുതല്‍.
മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണ് കന്നുകാലികളില്‍ രോഗമുണ്ടാക്കുന്നത്. ചൂടിനെ ചെറുത്തുനില്‍ക്കുമെങ്കിലും സൂര്യരശ്മിക്ക് ഇവയെ നശിപ്പിക്കാന്‍ കഴിവുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉച്ഛ്വാസവായു, കഫം, മലമൂത്ര വിസര്‍ജ്യങ്ങള്‍, പാല് എന്നിവയിലൂടെ രോഗാണുക്കള്‍ പുറത്തുകടക്കും. ശ്വാസകോശക്ഷയരോഗം ബാധിച്ച മൃഗം ചുമയ്ക്കുമ്പോള്‍ ചുറ്റുമുള്ള ചുമരിലും തറയിലും വീഴുന്ന കഫത്തില്‍ രോഗാണുക്കള്‍ ഉണ്ടാകും. അടുത്ത് സമ്പര്‍ക്കമുള്ള മൃഗങ്ങളില്‍ നിന്ന് ഉച്ഛ്വാസവായു വഴിയും രോഗം പകരുന്നു. ക്ഷയരോഗം ബാധിച്ച മൃഗം വെള്ളം കുടിച്ച കുളത്തില്‍ പതിനെട്ട് ദിവസം വരെ രോഗാണുക്കള്‍ തങ്ങിനില്ക്കും. രോഗം ബാധിച്ച മൃഗത്തിന്റെ ചാണകത്തിലും അത് വീണ സ്ഥലത്തും ആഴ്ചകളോളം രോഗാണുക്കള്‍ ഉണ്ടാകും.
മുലക്കണ്ണിലെ സുഷിരങ്ങളിലൂടെ അകിടിലേക്ക് രോഗാണുക്കള്‍ കടക്കുന്നു. രോഗബാധയേറ്റ പശുവിന്റെ പാല് കുടിക്കുക വഴി മനുഷ്യരിലേക്കും കന്നുകുട്ടികളിലേക്കും രോഗം പകരും. പശുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും രോഗമുള്ളവയുടെ പാല്കുടിക്കുന്നത് മൂലമാണ്.