
ശ്വാനപ്രേമിയുടെ ഏറ്റവും ഭാരിച്ച ദൗത്യം ഏതെന്നതിന്ഒരുത്തരമേയുള്ളു-നായ്ക്കളുടെ ഭക്ഷണം. നല്ല ഭക്ഷണം ശരിയായ അളവില്‍, കൃത്യസമയത്ത് നല്കല് വെല്ലുവിളിതന്നെയാണ്. ഭക്ഷണച്ചിട്ട നായ്ക്കളെ ശീലിപ്പിച്ചില്ലെങ്കില്‍ എത്ര നല്ല ജനുസ്സും പൊണ്ണത്തടിയന്മാരും അലസരും അല്പായുസ്സുകളുമാകും. വന്‍വില കൊടുത്തു വാങ്ങുന്ന അരുമകള്‍ ഈ കോലത്തിലാകുന്നത് ആരെങ്കിലും സഹിക്കുമോ?
നായ്ക്കളെ സ്നേഹിക്കുന്നവര്‍ക്കും അതിനെ പരിചരിക്കുന്നവര്‍ക്കും ഭക്ഷണക്രമത്തെക്കുറിച്ചുള്ള ചില വിവരങ്ങളാണിത്തവണ. ഒരു നിയന്ത്രണവുമില്ലാതെ നായ്ക്കളെ തീറ്റുന്നവര്ക്ക് ഒരു മുന്നറിയിപ്പുകൂടിയാണിതിലെ വിവരങ്ങള്‍. അടുത്തുള്ള വെറ്ററിനറി സര്‍ജനുമായി സംസാരിച്ച ശേഷം നിങ്ങളുടെ അരുമകളുടെ ഭക്ഷണക്രമം തീരുമാനിക്കുക.
'സ്നേഹിച്ചു കൊല്ലുക' എന്നൊക്കെ പറയുന്നപോലെ, ചിലര്‍ നായ്ക്കളെ ഭക്ഷണംകൊടുത്തു 'കൊല്ലാറുണ്ട്'. നാലുനേരം മൂക്കുമുട്ടെക്കൊടുത്ത് ചിലര്‍ അതിനെ ഒരുവഴിക്കാക്കും. വേറൊരു വിഭാഗം സമയത്തിനു ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നായയെ പീഡിപ്പിക്കും. രണ്ടിനുമിടയിലാണ് നല്ലൊരു ശ്വാനപ്രേമിയുടെ സ്ഥാനം.
ശ്രദ്ധിക്കുക, മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നായക്കുട്ടിക്ക് പരിചരണം ആവശ്യമാണ്. പ്രസവിച്ച് എട്ടാഴ്ചയെങ്കിലുമാകാതെ കുഞ്ഞിനെ അമ്മയുടെ അടുത്തുനിന്നു മാറ്റരുത്. കാരണം, അമ്മയുടെ പാല് കുടിച്ചു വളരേണ്ട സമയമാണിത്. രോഗപ്രതിരോധശേഷിക്കു പാല് അത്യാവശ്യമാണ്. ആറുമുതല്‍ എട്ടാഴ്ചവരെ, ദിവസവും മൂന്നുനാലു തവണ ഭക്ഷണം നല്‍കാം. മൂന്നുമുതല്‍ ആറുമാസം വരെയുള്ള സമയം പല്ലുവളര്ച്ചയുടെതാണ്. ഈസമയം ദിവസം രണ്ടുനേരം പോഷകാഹാരം നിര്‍ബന്ധം. എട്ടാഴ്ചയ്ക്കു ശേഷം, ദിവസം രണ്ടുനേരം മതി ഭക്ഷണം. പൂര്‍ണവളര്‍ച്ചയെത്തിയ നായക്ക് ദിവസം രണ്ടുനേരം ഭക്ഷണം മതിയെന്നു ചുരുക്കം.
ഭക്ഷണസമയം നിങ്ങള്‍ക്കു തീരുമാനിക്കാം. ഒരുകാര്യം ശ്രദ്ധിക്കണം. ഭക്ഷണം എല്ലാദിവസവും ഒരേസമയം തന്നെ വേണം. 'ഒരു ബാത്ത് റൂം സമയക്രമം' ഇതുവഴി കൈവരികയാണ്. നേരംതെറ്റിയുള്ള ഭക്ഷണം നമ്മളെപ്പോലെതന്നെ നായ്ക്കള്‍ക്കും അപകടമാണ്. കഴിയുന്നതും ദിവസവും ഒരേ രീതിയിലുള്ള ഭക്ഷണം തന്നെ നല്‍കുക. ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റം നായ്ക്കളുടെ ദഹനേന്ദ്രിയവ്യവസ്ഥ താങ്ങില്ല. ഭക്ഷണം മാറ്റുന്നുണ്ടെങ്കില്ത്തന്നെ അത് ക്രമേണ മതി.