പയര്‍: മണ്ണിനും വയറിനും

Posted on: 06 Oct 2012

എം.എ. സുധീര്‍ ബാബു, പട്ടാമ്പി




മാംസ്യ സമ്പുഷ്ടമായ മികച്ച പച്ചക്കറി വിളയാണ് പയറുവര്‍ഗങ്ങള്‍. ഇതില്‍ത്തന്നെ അച്ചിങ്ങപ്പയറിന് പ്രചാരമേറെയാണ്. മണ്ണിലെ ഫലപുഷ്ടിനന്നാക്കാന്‍, പയര്‍വിളകള്‍ മണ്ണില്‍ സ്ഥിരമായി കൃഷിചെയ്താല്‍ മതി.
പയര്‍ വിളകളുടെ വേരില്‍ നൈട്രജന്‍(പാക്യജനകം) സംഭരിച്ച് മണ്ണിന് നല്‍കാന്‍ ശേഷിയുള്ള ബാക്ടീരിയയും പയര്‍ വേരിലെ മുഴകളും തമ്മിലുള്ള ഗാഢബന്ധം നിമിത്തം മണ്ണ് നന്നായിവരും.

പയര്‍, മണ്ണിനെപ്പോലെ നമ്മുടെ വയറിനും ഗുണമാണ്. മാംസ്യമേറെയടങ്ങിയതാണിവ. ഏതുകാലത്തും പയര്‍ കൃഷിയിറക്കാം. ഇനങ്ങളും ഏറെയുണ്ട്. നല്ല വിത്തിനാണെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പും വി.എഫ്.പി.സി.കെ, സീഡ് അതോറിറ്റി, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴിയുള്ള വെന്‍ഡിങ് യന്ത്രം ഇവ ഉപയോഗിച്ചും ലഭ്യമാക്കാം.
ഇതിനുപുറമേ ചില സ്വകാര്യസ്ഥാപനങ്ങളും പയര്‍വിത്ത് നല്‍കിവരുന്നുണ്ട്.

നാടനിനങ്ങള്‍ ചില കര്‍ഷകര്‍ക്കിടയില്‍ പ്രചരിച്ചുവരുന്നുണ്ട്. 'പൊട്ടന്‍ക്കോട് ലോക്കല്‍' എന്ന പഴയന്നൂര്‍ പയറിനം ഏറെ പ്രിയപ്പെട്ടതാണ്.
കനകമണി, കൃഷ്ണമണി, ശാരിക, ലോല, മാലിക, വൈജയന്തി, അനശ്വര, കൈരളി, വരുണ്‍, ഭാഗ്യലക്ഷ്മി, പകസാകോമള്‍, അര്‍ക്കാഗറി, വെള്ളായണി, ജ്യോതിക, ഹൃദ്യ, ശ്രേയ ഇങ്ങനെ ഇനങ്ങള്‍ ഏറെയുണ്ട്.
പയര്‍ മഴയേറെയില്ലാത്തപ്പോള്‍ നടാന്‍ നല്ലതാണ്. കൊടിയ വരള്‍ച്ചയില്‍ പയര്‍ കൃഷി നല്ലതല്ല. നല്ലനീര്‍വാര്‍ച്ചയുള്ള മണ്ണില്‍, നനച്ചാല്‍ നല്ലവിളവുകിട്ടും. മണ്ണില്‍ കുമ്മായം ചേര്‍ത്ത് പുളിപ്പ് കുറച്ചാല്‍ നന്നാവും.

പറമ്പിലും നെല്‍പ്പാടത്തും തനിവിള, ഇടവിള എന്നിങ്ങനെ പയര്‍കൃഷി ചെയ്യാം.
ജൂണ്‍-ജൂലായ്, സപ്തംബര്‍-ഒക്ടോബര്‍ - നവംബര്‍ -ഡിസംബര്‍- ജനവരി മാസങ്ങളില്‍ പയര്‍കൃഷിയാവാം. മികച്ച വള്ളിപ്പയറിനങ്ങളാണ് നാടന്‍ കുരുത്തോലപ്പയര്‍, വൈജയന്തി, ശാരിക, മാലിക, ലോല, മഞ്ചേരി ലോക്കല്‍, കെ.എം.വി.-1 എന്നിവ. അനശ്വര, വരുണ്‍, കനകമണി, കൈരളി, അര്‍ക്കാഗരിമ ഇവ ഭാഗികമായി പടരുന്നയിനങ്ങളാണ്. എന്നാല്‍ കുറ്റിപ്പയറിനങ്ങളാണ് കൃഷ്ണമണി, ഭാഗ്യലക്ഷ്മി, പൗര്‍ണമി എന്നിവ.

ലോലപ്പയറില്‍ നിന്ന് ശരാശരി ഇരുപതുടണ്‍ വിളവ് ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കും. പയര്‍ കൃഷിയിറക്കി വരുന്നയവസരത്തില്‍ ചെടിച്ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. 'കരിവള്ളി രോഗം' വരാതിരിക്കാന്‍ ജാഗ്രതയാവശ്യമാണ്.
വൈജയന്തി, ചുവന്നനീണ്ട വള്ളിപ്പയറിനമാണ്. 12 ടണ്‍ വിളവ് ലഭിക്കും. മുഞ്ഞശല്യം ഇതില്‍ കുറവാണ്. മാലികയുടെ വിത്തിന് തവിട്ടുനിറമാണ്. നല്ല വള്ളിപ്പയറിനമാണിത്. തെക്കന്‍ കേരളത്തിലേക്കിണങ്ങിയ പയറിനമാണ് മാലിക. വള്ളിപ്പയറിനമാണ് ശാരിക. പച്ചനിറമുള്ള പയറിന്റെ അഗ്രഭാഗത്ത് വയലറ്റുനിറമുണ്ട്. വിത്തിന് കറുപ്പുനിറമാണ്.

ഉണക്കപ്പയറായും ഒടിപ്പയറായും നല്ലതാണ്. പട്ടാമ്പി-1 എന്ന 'കനകമണി' ഈയിനം എല്ലായിപ്പോഴും നടാം. പയറിന് ഇരുപതുസെന്റിമീറ്റര്‍ നീളംവരും.

പട്ടാമ്പി-2 എന്നാല്‍ കൃഷ്ണമണിയിനമാണ്. 2 അടിയോളം നീളമുള്ള ഇളംപച്ചപ്പയറിനമാണ്. വെള്ളായണി ജ്യോതിക: ഈയിനം വിത്തിട്ട് ഒരുമാസം കഴിയുമ്പോള്‍ പൂക്കാന്‍ തുടങ്ങും. പ്യൂസോറിയം വാട്ടം രോഗം ചെറുക്കുന്നയിനമാണിത്.
പച്ചക്കറിയായി കുറ്റിപ്പയറിനെ കൃഷിചെയ്യാന്‍ 1 ഹെക്ടറില്‍ 20 മുതല്‍ 25 കി.ഗ്രാം വിത്താവശ്യമാണ്. വള്ളിപ്പയറിനങ്ങള്‍ക്ക് 4 മുതല്‍ 5 കി.ഗ്രാം വിത്ത്മതി. പയര്‍, വിതയ്ക്കുന്നയവസരത്തില്‍ 60 മുതല്‍ 65 കി.ഗ്രാം വരെ വിത്താവശ്യമാണ്.
പയര്‍ നടുന്ന തടം ചുട്ടുകരിക്കുന്നത് നല്ലതാണ്.

തടങ്ങളില്‍ അരകിലോ മുതല്‍ ഒരുകിലോ വരെ കുമ്മായമിടണം.
ഫൈറ്റോലാന്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിയ ലായനി തടത്തില്‍ കുതിര്‍ക്കുന്നത് നല്ലതാണ്.
പൂര്‍ണമായി ജൈവികമായി പയര്‍ നടുന്നയവസരത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തയ്യാറാക്കിയ ലായനി തടത്തില്‍ ഒഴിക്കണം. ഇലയില്‍ തളിക്കണം.

വള്ളിപ്പയര്‍, പന്തലിട്ട് പടര്‍ത്താന്‍ ശ്രദ്ധിക്കണം. മണ്ണിലെ പുളിരസം കുറയ്ക്കാന്‍ 1 സെന്റിന് 1 കിലോഗ്രാം എന്നയളവില്‍ കുമ്മായം ചേര്‍ക്കണം. പയറിലെ പ്രധാനകീടങ്ങളെ പിടിച്ചുനശിപ്പിക്കണം. വേപ്പെണ്ണ-ഇമള്‍ഷന്‍, വെളുത്തുള്ളി-കാന്താരി മിശ്രിതം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, എഗ്ഗ് അമിനോ ആസിഡ് ഇവയ്ക്ക് പുറമെ വെര്‍മി കമ്പോസ്റ്റ്, വെര്‍മി വാഷ് ഇവയെല്ലാം ചുവട്ടില്‍ പ്രയോഗിക്കാം.



Stories in this Section