വേറിട്ട കൃഷിരീതിയിലൂടെ ഹംസയുടെ ജൈത്രയാത്ര

Posted on: 02 Sep 2012

ശ്രീനിവാസന്‍ പള്ളിക്കര



വേറിട്ട കൃഷിരീതിയിലൂടെ കാര്‍ഷികരംഗത്ത് പുതിയ പാത കണ്ടെത്തിയ കര്‍ഷകനാണ് പയ്യോളി തുറശ്ശേരിക്കടവിലെ കാട്ടുക്കണ്ടി ഹംസ.ജൈവകൃഷിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഹംസയ്ക്ക് അതിനുള്ള അംഗീകാരവും ലഭിച്ചു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ആലപ്പുഴ സരോജിനി- ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2011-ലെ 'അക്ഷയശ്രീ' അവാര്‍ഡിന് കോഴിക്കോട് ജില്ലയില്‍നിന്ന് മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുത്ത് ഹംസയെയാണ്. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത കൃഷിരീതിയും കൃഷിയിലെ പരീക്ഷണങ്ങളും ഇദ്ദേഹം ഇന്നും നടത്തിവരുന്നു. തോട്ടം കിളയ്ക്കാതെ തോട്ടത്തില്‍ വീഴുന്ന തെങ്ങോലകളും മറ്റിലകളും തെങ്ങിന്റെ തടത്തിലിട്ട് ജൈവ സമ്പുഷ്ടമാക്കി ഭൂമിക്ക് 'പുത'യാക്കി മാറ്റുന്നതാണ് ഈ രീതി. കൂലിച്ചെലവ് സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത ഇന്നത്തെ കാലത്ത് ഈ കൃഷിരീതി കര്‍ഷകര്‍ക്കൊരു അനുഗ്രഹമാണ്.
ഹംസയുടെ വീടും ചുറ്റുപാടും മറ്റൊരു ലോകം തന്നെയാണ്. തെങ്ങ്, കവുങ്ങ്, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, വാഴ, കുരുമുളക്, പച്ചമുളക് വിവിധ പച്ചക്കറികള്‍ ഒരു ഭാഗത്ത്. റമ്പൂട്ടാന്‍, ദുരിയ, ഗ്രാമ്പു, കറുകപ്പട്ട, ഫിലോസ, മാംഗോസ്റ്റിന്‍, കൂണ്‍, കൊക്കോ, കൂടാതെ അലങ്കാര മത്സ്യങ്ങള്‍, മുയല്‍ വളര്‍ത്ത്, വിവിധയിനം അലങ്കാര പക്ഷികള്‍, കാട, കരിമീന്‍, കല്ലുമ്മക്കായ, മനോഹരങ്ങളായ പേര്‍ഷ്യന്‍ പൂച്ചകള്‍, നൂറ് രൂപമുതല്‍ 18,000 രൂപവരെവിലയുള്ള പ്രാവുകള്‍ ഇവയൊക്കെ ഹംസയുടെ വീട്ടിലുണ്ട്.

മുയല്‍ഫാമിനോട് ചേര്‍ന്ന രീതിയില്‍ മണ്ണിരക്കമ്പോസ്റ്റ് രൂപപ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ട് മുയലിന്റെ കാഷ്ഠവും മറ്റ് മാലിന്യങ്ങളും വര്‍ഷത്തില്‍ ഒന്നോ, രണ്ടോ, പ്രാവശ്യം മാത്രം മാറ്റിയാല്‍ മതി. ഹംസ ഈ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് എട്ട് വര്‍ഷമായി. കൃഷി നനയ്ക്കുന്നത് സ്പ്രിംഗ്ലര്‍ ഉപയോഗിച്ചാണ്. പുതയിടുന്നതിന് മുകളില്‍ അല്പം കോഴിക്കാഷ്ഠവും കൂടി ഇടുമ്പോള്‍ കിളയ്ക്കുന്ന ജോലികളൊക്കെ മണ്ണിര ചെയ്യുന്നതായി ഹംസ പറഞ്ഞു.

പെട്ടെന്ന് തന്നെ ജൈവകൃഷിയിലേക്ക് തിരിയാതെ ഓരോ വര്‍ഷവും ജൈവകൃഷിയുടെ തോത് വര്‍ധിപ്പിച്ചെടുക്കുന്നതാണ് നല്ലതെന്നും ഇങ്ങനെ ചെയ്താല്‍ സാധാരണക്കാരന്‌പോലും വലിയ ചെലവില്ലാതെ കൃഷിപരിപോഷിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രീയമായരീതിയില്‍ മിതമായ നിരക്കിലുള്ള മണ്ണിരകമ്പോസ്റ്റ് നിര്‍മാണത്തിലും തെങ്ങുകയറ്റ യന്ത്രമുപയോഗിച്ച് സൗജന്യമായി തെങ്ങ്കയറ്റം പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൃഷിരംഗത്ത് ഹംസയെ സഹായിക്കാന്‍ ഭാര്യ നിഷാന്ത്, മക്കളായ മുഹസിന്‍, അമീര്‍, ഷാനിബ എന്നിവരുടെ സഹായവുമുണ്ട്. കൂടാതെ മെജീഷ്യന്‍, ഹിപ്‌നോട്ടിസ്റ്റ്, കരാട്ടെ ബ്ലാക്ക്‌ബെല്‍ട്ട്, പാലിയേറ്റീവ് രംഗങ്ങളിലും ഹംസ സജീവമാണ്. ഫോണ്‍: 9447830482.




Stories in this Section