
കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ നര്‍ക്കിലക്കാട്ട് കോട്ടമലയിലെ കാട്ടുമൃഗങ്ങളോടും കിഴുക്കാംതൂക്കായ കുന്നിന്‍ചെരിവുകളോടും പാറക്കൂട്ടങ്ങളോടും പടവെട്ടി വിജയിച്ചവനാണ് പോണാട്ട് ബെന്നി. കഠിനപ്രയത്‌നവും ജയിച്ചേ തീരൂ എന്ന നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന ബെന്നിയുടെ നയത്തിന് മുന്നില്‍ കോട്ടമലയ്ക്ക് കീഴടങ്ങുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. സാധാരണഗതിയില്‍ നടന്നുകയറാന്‍ തന്നെ ഏറെ പ്രയാസമായ കോട്ടമലയുടെ മാറ്റം ആരേയും അത്ഭുതപ്പെടുത്തും.
അധ്വാനിക്കുവാനും കഷ്ടപ്പെടുവാനും പറ്റാത്തതുകൊണ്ട് കൃഷിയിലേക്ക് വരാന്‍ മടിക്കുന്ന യുവതലമുറയ്ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ് ബെന്നി. 2002-ല്‍ ബിസിനസ്സില്‍ നിന്നും കൃഷിയിലേക്ക് തിരിഞ്ഞതാണ് ബെന്നി. കോട്ടമല കയറിയ ഈ യുവ കര്‍ഷകന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്ന് കോട്ടമല എസ്റ്റേറ്റിലെ 30 ഏക്കര്‍ കുന്ന് മുഴുവന്‍ വാഴയാണ്- പല പ്രായത്തിലും പല ജനുസ്സിലുമുള്ള മുപ്പതിനായിരം വാഴകള്‍. കൂട്ടത്തില്‍ കേമന്‍ നേന്ത്രന്‍ തന്നെ. എല്ലാ സീസണിലും വിളവെടുക്കുന്ന രീതിയിലാണ് ബെന്നിയുടെ ഫാം പ്ലാനിങ്.

തൈ നട്ട് മണ്ണ് മുഴുവന്‍ കിളച്ച് പുതയിടുന്നതാണ് കൃഷിയിലെ ആദ്യഘട്ടം. മഴക്കാലം വരെ കുന്നിന് സുഷുപ്താവസ്ഥ തന്നെ. മഴ വന്നാല്‍ ഓരോ മാസത്തെ ഇടവേളകളില്‍ ആറു തവണയായാണ് വളപ്രയോഗംം - ഇത് മഴയെ ആശ്രയിച്ചുള്ള വാഴക്കൃഷി. തികച്ചും വ്യത്യസ്തമായാണ് നനവാഴ കൃഷി ചെയ്യുന്നത്. രണ്ടര കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നും ഒഴുകിവരുന്ന വെള്ളം ടാങ്കില്‍ ശേഖരിച്ച് സ്പ്രിംഗ്ലര്‍ വഴിയാണ് നനവാഴയ്ക്ക് ജലസേചനം. ടാങ്കിലെ വെള്ളത്തില്‍ ചെറു ടാങ്കില്‍ നിന്നുള്ള രാസവള ലായനി ചേര്‍ത്തു ഫെര്‍ട്ടിഗേഷന്‍ വഴി വളമെത്തിക്കുന്നതിനാല്‍ പണിച്ചെലവും അതുവഴി ഉത്പാദനച്ചെലവും കുറയ്ക്കാന്‍ സാധിക്കുന്നതായി ബെന്നി പറയുന്നു. കോട്ടമലയെ തട്ടുതിരിച്ചുള്ള വാഴക്കൃഷിയില്‍ തെക്കോട്ട് ചെരിവുള്ള കുന്നും പോഷകസമ്പുഷ്ടമായ മണ്ണും ബെന്നിയെ കുറച്ചൊന്നുമല്ല സഹായിച്ചത്.
അതിരാവിലെ മുതല്‍ ഇരുട്ടുന്നതുവരെ ഉരുളന്‍ പാറകള്‍ക്കിടയിലെ ഇത്തിരി മണ്ണും കൂട്ടിച്ചേര്‍ത്ത് വാഴത്തോട്ടത്തിന്റെ പ്രശാന്തതയില്‍ ബെന്നിയുണ്ടാകും- ഒപ്പം അഞ്ച് സ്ഥിരം തൊഴിലാളികളും. റബ്ബര്‍ തൈകളുടെ പരിചരണമാണ് ബെന്നി കൃഷിഭൂമിക്ക് നല്‍കുന്ന പാട്ടം. വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ സ്വന്തം വിശ്വാസങ്ങളെ കൈവിടാതെ പൊരുതിനേടിയ ബെന്നിയെ ജില്ലാ തല ആത്മ അവാര്‍ഡിന് തിരഞ്ഞെടുക്കുവാന്‍ കൃഷിവകുപ്പുദ്യോഗസ്ഥര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജില്ലയ്ക്കകത്തും പുറത്തുമുള്ള കര്‍ഷക ഗ്രൂപ്പുകള്‍ക്ക് വാഴക്കൃഷി പരിശീലനം നല്‍കുന്നതിനുള്ള വേദി കൂടിയാണ് ഈ യുവകര്‍ഷകന്റെ വാഴത്തോട്ടം. ഭാര്യ ഷെര്‍ളിയും മക്കളായ എബിനും ഐബിനുമാണ് കൃഷിയില്‍ ബെന്നിയുടെ സഹായികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: