
കല്പറ്റ: വിവിധ നാരുകള്‍ ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് മീനങ്ങാടി ആവയല്‍ പൂവത്തിങ്കല്‍ പി.വി.എല്‍ദോയുടേത്. 14 വര്‍ഷമായി വാഴനാരില്‍ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്ന എല്‍ദോ സ്വന്തം ആവശ്യത്തിനായി കണ്ടുപിടിച്ച യന്ത്രത്തിന് സംസ്ഥാന സര്‍ക്കാറും ബിഹാര്‍ സര്‍ക്കാറും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു.
ഡീ നാച്വറല്‍ ഫൈബര്‍ എക്‌സ്ട്രാക്ഷന്‍ മെഷിന്‍ എന്ന പേരിലുള്ള യന്ത്രം ഒരു വര്‍ഷത്തെ പരീക്ഷണ നിരീക്ഷണത്തിനൊടുവിലാണ് നിര്‍മിച്ചത്. പെഡല്‍ സംവിധാനത്തിലുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മാത്രം മതിയെന്നതാണ് പ്രത്യേകത. ഇതേ ആവശ്യത്തിന് വിപണിയില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണുള്ളത്. ഇതില്‍ അഞ്ചുപേര്‍ ദിവസം ജോലി ചെയ്താല്‍ പത്തുകിലോ നാര്‌ലഭിക്കും. എന്നാല്‍ എല്‍ദോയുടെ പെഡല്‍ യന്ത്രത്തില്‍ ഒരാള്‍ മൂന്നു മുതല്‍ അഞ്ചുവരെ കിലോ നാര് ഉത്പാദിപ്പിക്കും. 45 കിലോ തൂക്കമുള്ള യന്ത്രം പൂര്‍ണമായും ഇരുമ്പിലാണ് നിര്‍മിച്ചത്. 110 സെന്റീമീറ്റര്‍ ഉയരവും 70 സെന്റീമീറ്റര്‍ വീതിയുമുള്ള യന്ത്രത്തിന്റെ നിര്‍മാണച്ചെലവ് 17,500 രൂപയാണ്. ഇതിന്റെ പ്രവര്‍ത്തനം കണ്ട് ബോധ്യപ്പെട്ട സംസ്ഥാന കൃഷിവകുപ്പ് ഇരുപതെണ്ണവും ബിഹാര്‍ സര്‍ക്കാര്‍ നൂറെണ്ണവും നിര്‍മിച്ചു നല്കാന്‍ എല്‍ദോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമായും വാഴനാര് ഉത്പാദിപ്പിക്കാനാണ് യന്ത്രം ഉപയോഗിക്കുന്നത്. ഈ നാരുകള്‍ വസ്ത്രം, കയര്‍, കരകൗശല വസ്തുക്കള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കാം. ഇവയൊക്കെ എല്‍ദോയുടെ നാഷണല്‍ ബയോടെക് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്നുമുണ്ട്. എല്‍ദോ നിര്‍മിച്ച വാഴനാരിലുള്ള പായയ്ക്ക് യുനസ്‌കൊയുടെ പുരസ്‌കാരം ലഭിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ എല്‍ദോയുടെ ഉത്പന്നങ്ങള്‍ വില്ക്കാന്‍ സ്റ്റാളുണ്ട്. ആന്ധ്ര, ബിഹാര്‍ എന്നിവിടങ്ങളിലും യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെയും വ്യവസായവകുപ്പിന്റെയും അംഗീകാരമുള്ളതാണ് എല്‍ദോയുടെ ബനാന ക്ലസ്റ്റര്‍ യൂണിറ്റ്. ഈ യൂണിറ്റിന് വസ്ത്ര നിര്‍മാണത്തിനുള്ള അനുമതി റീജ്യണല്‍ ലബോറട്ടറി ടെക്‌സ്റ്റൈല്‍സ് കമ്മിറ്റി നല്കി.
വാഴനാരില്‍ കൈകൊണ്ട് പേപ്പര്‍ നിര്‍മിക്കാനും എല്‍ദോ ശ്രമിക്കുന്നു. കേരളബ്യൂറോ ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ സംഘം എല്‍ദോയുടെ യൂണിറ്റില്‍ എത്തി പഠനം നടത്തിയശേഷമാണ് അംഗീകാരം നല്കിയത്. ജില്ലയില്‍ 32,000 ഏക്കര്‍ വയലിലും 6,500 ഏക്കര്‍ കരയിലും ശരാശരി വാഴ ഉത്പാദിപ്പിക്കുന്നു. പത്തുമാസം ഏതാണ്ട് 144 കോടി രൂപയുടെ വാഴനാരാണ് ജില്ലയില്‍ നഷ്ടപ്പെടുന്നത് എന്നാണ് കണക്ക്. ഇത് കണ്ടെത്തി ഉപയോഗ യോഗ്യമാക്കുകയാണ് എല്‍ദോയുടെ ലക്ഷ്യം. പുതിയ യന്ത്രത്തിന്റെ കണ്ടുപിടിത്തം ഇതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.കുടുംബശ്രീ യൂണിറ്റുകള്‍ക്കും വ്യക്തികള്‍ക്കും എളുപ്പം ഉപയോഗിക്കാനും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും കഴിയുന്നതാണ് യന്ത്രം.
ഉല്പാദിപ്പിക്കുന്ന വാഴനാരുകള്‍ ശേഖരിക്കാനും ബയോ ടെക് ഇന്‍ഡസ്ട്രീസിന് പദ്ധതിയുണ്ട്. ഭാര്യ ദിവ്യയും മക്കളായ ബിഥുലും, നിഥുലും എല്‍ദോയുടെ കണ്ടുപിടിത്തത്തിന് പിന്തുണയുമായി എപ്പോഴുമുണ്ട്.