നായ്ക്കളിലെ ചര്‍മ്മ രോഗങ്ങള്‍
Posted on: 04 Aug 2012

ഏതു പ്രായത്തിലും ഇനത്തിലുംപെട്ട നായ്ക്കളിലും ഏറ്റവും സാധാരണയായി കാണുന്ന രോഗങ്ങള്‍ വിവിധ ചര്‍മ്മരോഗങ്ങളാണ്. ക്ഷമയോടും സൂഷ്മതയോടും കൂടിയ ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമുള്ള ഇത്തരം രോഗങ്ങള്‍ നായ വളര്‍ത്തുന്നവര്‍ക്ക് ഒരു തലവേദന തന്നെയാണ്. ശരീരം മുഴുവന്‍ ചൊറിച്ചില്‍, രോമം കൊഴിയല്‍, ചുവപ്പുനിറങ്ങള്‍, ശരീരത്തിന് അസ്വാഭാവിക നിറം, ഗന്ധം ഇവയൊക്കെ ചര്‍മ്മ രോഗത്തിന്റെ ലക്ഷണങ്ങളാണ്. സാധാരണ കാണുന്ന രോഗങ്ങളും അവയുടെ ലക്ഷണങ്ങളും മനസ്സിലാക്കുന്നത് നായ്ക്കളുടെ ചര്‍മ്മ സംരക്ഷണത്തിന് വളരെ സഹായിക്കും. എത്രയും വേഗം ചികിത്സ ലഭ്യമാക്കുക എന്നത് ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ്. സാധാരണ കാണുന്ന ചില രോഗങ്ങളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്.
1. ബാഹ്യപരാദങ്ങള്‍
വിവിധയിനം പേന്‍, ചെള്ള്, പട്ടുണ്ണികള്‍ മുതലായവ നായകളില്‍ കാണുന്നു. ഇവ ത്വക്കിനെ ആക്രമിച്ച് രക്തം കുടിച്ചാണ് ജീവിക്കുന്നത്. ഇതുമൂലം നായ്ക്കള്‍ക്ക് അസ്വസ്തതയും ചെറിച്ചിലും വ്രണങ്ങളും ഉണ്ടാകുന്നു. മാത്രമല്ല ഇവയ്ക്ക് മറ്റു പല മാരക രോഗങ്ങളും പരത്താനുള്ള കഴിവുമുണ്ട്. ഇവെക്കതിരെ പ്രത്യേകം ഷാംപൂ, സ്‌പ്രേ ഇവ ലഭ്യമാണ്. ചെറിയ പേനുകളെയും മറ്റും കണ്ടുപിടിക്കാന്‍ രോമം വിശദമായി പരിശോധിക്കേണ്ടതാണ്. നീളം കൂടിയ രോമമുള്ള ഇനങ്ങളിലാണ് ഇവ കൂടുതല്‍ കാണുന്നത്.
2. മേഞ്ച് (Mange)
ത്വക്കിലെ കോശങ്ങളെ തുരന്നു തിന്ന് ജീവിക്കുന്ന ചില സൂഷ്മ ഇനം ജീവികളാണ് ഇതിനു കാരണം. കഠിനമായ ചെറിച്ചില്‍, വേദന, ചുവപ്പുനിറം, കുരുക്കള്‍ മുതലായവയാണ് ലക്ഷണങ്ങള്‍. എല്ലാ പ്രായത്തിലുമുള്ള നായ്ക്കളെ ഇത് ബാധിക്കുന്നു. നായ്ക്കളുടെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഈ രോഗം കാണുന്നത്. അതിനാല്‍ ആരോഗ്യ പരിപാലനം ഈ രോഗ നിയന്ത്രണത്തിന് അത്യാവശ്യമാണ്. ഇത്തരം രോഗമുള്ള നായ്ക്കളുടെ ഭക്ഷണത്തില്‍ എല്ലാ പോഷകങ്ങളും ഉണ്ടായിരിക്കണം. ഇന്‍ജക്ഷനുകളും ഗുളികകളും ഉപയോഗിച്ച് ദീര്‍ഘകാല ചികിത്സ ഈ രോഗത്തിന് ആവശ്യമാണ്.
3. വട്ടചോറിയും ഫംഗല്‍ രോഗങ്ങളും
വിവിധതരം ഫംഗസുകള്‍ പരത്തുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വൃത്താകൃതിയിലുള്ള രോമം കൊഴിയലും, താരന്‍ പോലുള്ള പൊടികള്‍ ശരീരമാകമാനം പടരലുമാണ്. ചര്‍മ്മത്തിലും കൂടിനുള്ളിലും ഈര്‍പ്പം തങ്ങി നില്‍ക്കുന്നതാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. വിവിധതരം ലേപനങ്ങളും, ഷാംപൂകളും ഇതിനെതിരെ ലഭ്യമാണ്. എന്നാല്‍ രോഗം മാരകമായാല്‍ ഗുളികകള്‍ ഉപയോഗിച്ച് ദീര്‍ഘകാലം ചികിത്സിക്കേണ്ടിവരും.
4. ബാക്ടീരിയല്‍ രോഗങ്ങള്‍
ചര്‍മ്മത്തെ ആക്രമിക്കാന്‍ കഴിവുള്ള വിവിധ ബാക്ടീരിയകളുണ്ട്. വൃത്തിഹീനമായ ചുറ്റുപാടുകളും, ചര്‍മ്മപരിപാലനത്തിന്റെ അഭാവവും കാരണം അവ നായ്ക്കളില്‍ രോഗമുണ്ടാക്കുന്നു. അസുഖബാധിതരില്‍ പനി, വിശപ്പില്ലായ്മ, തൊലിയില്‍ ചെറിയ കുരുക്കള്‍ ഇവ കാണാം. ഈ കുരുക്കളില്‍ പഴുപ്പ് നിറയുകയും പൊട്ടിയൊലിക്കുകയും വ്രണമായി മാറി കഠിനമായ വേദനയുണ്ടാക്കുകയും ചെയ്യാം. ശ്രദ്ധാപൂര്‍വ്വമുള്ള ചര്‍മ്മപരിപാലനത്തിനു പുറമെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഈ രോഗപരിഹാരത്തിന് അത്യാവശ്യമാണ്.
5. മാലസീഷിയ രോഗം
ചിലയിനം യീസ്റ്റുകളാണ് ഈ രോഗമുണ്ടാക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരംഭിച്ച് ശരീരം മുഴുവന്‍ പടരുന്നരോഗമാണ് ഇത്. ഇത് ബാധിച്ച നായ്ക്കള്‍ക്ക് ഒരു പ്രത്യേക ദുര്‍ഗ്ഗന്ധമുണ്ടാകും. ശരീരത്തില്‍ നിന്ന് എണ്ണപോലുള്ള ഒരു സ്രവം ഉണ്ടാവുകയും നായ കിടക്കുന്ന ഭാഗങ്ങള്‍ നനഞ്ഞതായി തോന്നുകയും ചെയ്യുന്നു. ചെറിച്ചില്‍, രോമം മുഴുവനായോ ഭാഗികമായോ കൊഴിയുക, ചര്‍മ്മത്തിന് നിറമാറ്റം ഉണ്ടാവുക, താരന്‍ ഉണ്ടാവുക ഇവയൊക്കെയാണ് ലക്ഷണങ്ങള്‍. ഇതിന്റെ ചികിത്സ താരതമ്യേന ചിലവേറിയ ഒന്നാണ്. അതുകൊണ്ട് തന്നെ തുടക്കത്തിലെ മനസ്സിലാക്കി ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്.
6. അലര്‍ജി രോഗങ്ങള്‍
മനുഷ്യരിലെ പോലെതന്നെ നായ്ക്കളിലും വിവിധ അലര്‍ജികള്‍ കാണാം. ചര്‍മ്മത്തില്‍ കുരുക്കളും തടിപ്പുകളും പ്രത്യക്ഷപ്പെടാം. വിവിധ മരുന്നുകള്‍, ചില ഭക്ഷണസാധനങ്ങള്‍, പ്രാണികള്‍, പുഴുക്കള്‍, പൂമ്പൊടി ഇവയൊക്കെ അലര്‍ജിക്ക് കാരണമാകാം. അലര്‍ജിക്കുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ സുഖമാക്കാവുന്നതാണ്. അലര്‍ജി ഒരിക്കല്‍ കണ്ടിട്ടുള്ള നായ്ക്കളെ വീണ്ടും അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്.
7. ജന്മനാലുള്ള രോഗങ്ങള്‍
ചില നായ്ക്കളില്‍ ചില രോഗങ്ങള്‍ ജന്മവൈകല്യങ്ങളായി കാണപ്പെടുന്നു. അവയ്ക്ക് ശാശ്വതമായ ചികിത്സ ലഭ്യമല്ല. ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായിവരുന്ന ഇത്തരം രോഗങ്ങള്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. വൈവിധ്യമേറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ രോഗങ്ങള്‍ മറ്റു ചികിത്സകളോടൊന്നും പ്രതികരിക്കില്ല. അത്തരം രോഗബാധിതരെ പ്രജനനത്തില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
അനുമോള്‍ ജോസഫ് & പി.വി. ട്രീസമോള്‍.വെറ്ററിനറി കോളേജ്, മണ്ണുത്തി