ഹൈബ്രിഡ് പാവലും വെള്ളരിയും തക്കാളിയും
Posted on: 16 Jun 2012
സി.കെ. ശശി ചാത്തയില്‍
പാവലിന്റെയും വെള്ളരിയുടെയും ഹൈബ്രിഡുകളും തക്കാളിയുടെ മൂന്നിനങ്ങളും കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തു. തിരഞ്ഞെടുത്ത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിളവിറക്കിയശേഷം ഇവയുടെ വിത്തുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുമെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച നാലു പാവല്‍ ഹൈബ്രിഡുകളും നല്ല ഉത്പാദനം നല്കുന്നവയും രോഗപ്രതിരോധശേഷിയുള്ളവയുമാണ്. എം.എന്‍.ബി.എച്ച്. ശ്രേണിയില്‍ 1, 2, 3, 4 എന്ന് നാമകരണം ചെയ്യപ്പെട്ട ഇവയില്‍ എം.എന്‍.ബി.എച്ച്. 2 പച്ചനിറമുള്ളതും മറ്റുള്ള മറ്റുള്ളവ വെള്ളനിറമുള്ളവയും ആണ്. ഹെക്ടറിന് 27 ടണ്‍ മുതല്‍ 33 ടണ്‍ വരെ ഉത്പാദനം ലഭിക്കും. പതിവില്ലാത്ത തണ്ണിമണ്ണന്‍ വികസിപ്പിച്ചതിലൂടെ ശ്രദ്ധേയനായ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒളരി കള്‍ച്ചര്‍ വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ. ടി. പ്രദീപ്കുമാര്‍ ആണ് വെള്ളരിയുടെ ഹൈബ്രിഡുകള്‍ വികസിപ്പിച്ചത്. കേരളത്തില്‍ പ്രചാരത്തിലായിക്കൊണ്ടിരക്കുന്ന പോളിഹൗസ് കൃഷി സമ്പ്രദായത്തിന് അനുയോജ്യമായ ഈ ഹൈബ്രിഡുകള്‍ വെള്ളരികൃഷിക്ക് സ്വകാര്യവിത്തുകമ്പനികളെ ആശ്രയിക്കുന്നതില്‍നിന്ന് കര്‍ഷകര്‍ക്ക് മോചനം നല്കും. സംസ്ഥാനത്ത് 3000 പോളിഹൗസുകള്‍ സ്ഥാപിക്കാനുള്ള ബജറ്റ് നിര്‍ദേശം പ്രായോഗികമാകണമെങ്കില്‍ ഹൈബ്രിഡ് വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഇതു മുന്നില്‍ക്കണ്ടാണ് പുതിയ ഹൈബ്രിഡുകള്‍ വികസിപ്പിച്ചത്. പ ുതിയ മൂന്ന് തക്കാളിയിനങ്ങളില്‍ രണ്ടെണ്ണം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും മറ്റൊന്ന് ഒളരികള്‍ച്ചര്‍ വകുപ്പിലും ആണ് വികസിപ്പിച്ചത്. രോഗപ്രതിരോധശേഷിയിലും പഴങ്ങളുടെ വലിപ്പത്തിലും മുന്‍പന്തിയിലാണ് ഇവ. ഒളരിക്കള്‍ച്ചര്‍ വകുപ്പിലെ ഡോ. പി. ഇന്ദിര വികസിപ്പിച്ച എല്‍ഇ 643-1 എന്ന തരം സംരക്ഷിത കൃഷിക്ക് തുറന്ന പാടങ്ങളില്‍ കൃഷിക്കും ഒരുപോലെ യോജിച്ചതാണ്.
ഡോ. നാരായണന്‍ കുട്ടി കണ്ടെത്തിയ എല്‍.ഇ-66, എല്‍ഇ 1-2 എന്നീ തക്കാളിച്ചെടികള്‍ ഹെക്ടറിന് 25 ടണ്‍ വരെ വിളവുതരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സമതലങ്ങളില്‍ നവംബര്‍-ഫിബ്രവരി മാസങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ കാരറ്റിന്റെയും മുള്ളങ്കിയുടെയും ഇനങ്ങള്‍ തിരിച്ചറിഞ്ഞതായി ഡോ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ പാടങ്ങളില്‍നിന്ന് കേരളത്തിലെ കൃഷിസ്ഥലങ്ങളിലേക്ക് വിരുന്നു വരാന്‍ എ.സി.സി. 1003 എന്ന മുള്ളങ്കിയും മടികാണിക്കുന്നില്ലെന്ന് പരീക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണങ്ങള്‍ക്കുശേഷം ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും.