ഫലപ്രദം ഈ ഫിറമോണ്‍ കെണികള്‍

Posted on: 20 May 2012

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍




ഫിറമോണ്‍ കെണിയുടെ സഹായം ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് ഇത്രയും ഉത്പാദനം സാധിച്ചതെന്ന് കോഴിക്കോട് പാലങ്ങാട് മേഖലാ പാടശേഖരസമിതി ചെയര്‍മാന്‍ പുല്ലാഞ്ഞോളി മൂസ്സക്കുട്ടിയും കണ്‍വീനര്‍ കെ.പി.പ്രേമനും പറയുന്നു. നരിക്കുനി കൃഷിഭവന്റെ ആര്‍.കെ.വി.വൈ. പദ്ധതിയിലാണ് അഞ്ച് ഏക്കര്‍ സ്ഥലത്ത് ഇവര്‍ സംയുക്ത പച്ചക്കറി കൃഷി സാധ്യമാക്കിയത്. ഒട്ടും രാസവളമില്ലാതെ വമ്പിച്ച വിളവ് നേടി എന്നതാണ് സംഘത്തിന്റെ പ്രധാന നേട്ടം.

കായീച്ചകള്‍ കൃഷിക്ക് എന്നും ശാപമായിരുന്നു. നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ മണ്ണിനെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്നതാണ് ഫിറമോണ്‍ കെണിയുടെ പ്രത്യേകത. ഫിറമോണിന്റെ സഹായത്തോടെ ആണീച്ചകളെ ആകര്‍ഷിച്ച് നശിപ്പിച്ച് വംശവര്‍ധന തടയുകയാണ് പ്രക്രിയ. ജീവികളില്‍ ഇണകളെ ആകര്‍ഷിക്കാനും മറ്റും ആശയവിനിമയത്തിനും സഹായിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഫിറമോണ്‍.

പെണ്ണീച്ച ആണിച്ചയെ ആകര്‍ഷിക്കുന്ന ഫിറമോണിനെ അനുകരിക്കുന്ന രാസപദാര്‍ഥമാണ് കെണിയില്‍ ഉപയോഗിക്കുന്നത്. ഈച്ചകളെ കൊല്ലുന്നതിന് വളരെ കുറഞ്ഞ അളവില്‍ മാലത്തിയോണും ഉപയോഗിക്കുന്നു. ഇവ രണ്ടും എഥനോളില്‍ മിശ്രിതമാക്കിയതില്‍ മുക്കിയെടുത്ത പ്ലൈവുഡ് കഷണം പ്ലാസ്റ്റിക് കുപ്പിയില്‍ കെട്ടിത്തൂക്കുന്നു. കുപ്പിയുടെ നാലുവശത്തും ഈച്ചകള്‍ക്ക് ഉള്ളില്‍ കടക്കാന്‍ അഞ്ച് സെ.മീറ്റര്‍ വ്യാസത്തില്‍ ദ്വാരങ്ങളിടണം. പെണ്ണീച്ചയുണ്ടെന്ന് തെറ്റിദ്ധരിച്ചെത്തുന്ന ആണീച്ചകള്‍ കെണിയില്‍ ചത്തൊടുങ്ങുകയും ഇണചേരല്‍ നടക്കാത്തതിനാല്‍ പ്രത്യുത്പാദനം തടസ്സപ്പെടുകയും ചെയ്യുന്നു. വെള്ളരി വര്‍ഗ വിളകളെ ആക്രമിക്കുന്ന കായീച്ചകള്‍ക്കെതിരെ ക്യൂലൂര്‍, മാമ്പഴങ്ങളിലെ കായീച്ചകള്‍ക്കെതിരെ മീഥൈല്‍ യൂജിനോള്‍ എന്നീ രാസപദാര്‍ഥങ്ങളാണ് ഇപ്പോള്‍ ഉപയോഗിത്തിലുള്ളത്. വിളകള്‍ പൂക്കുന്നതോടൊപ്പം സ്ഥാപിക്കുന്ന കെണി ഏക്കറിന് നാല് എന്ന തോതിലാണ് വേണ്ടത്. മൂന്നു മാസത്താളം കെണിയുടെ പ്രവര്‍ത്തനം നിലനില്‍ക്കും.

പാവല്‍, പടവലം, വെണ്ട, ചീര, എളവന്‍, വെള്ളരി തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മണ്ണിര കമ്പോസ്റ്റ്, പിണ്ണാക്ക്, കോഴിക്കാഷ്ഠം എന്നിവയാണ് വളങ്ങള്‍. ജലസേചനത്തിന് പ്രത്യേകം ടാങ്ക് സ്ഥാപിച്ച് പൈപ്പ് ഉപയോഗിച്ച് വെള്ളം കൃഷിയിടത്തില്‍ എത്തിക്കുന്നു. 25 പേരടങ്ങുന്ന സംഘാംഗങ്ങളുടെ കൂട്ടായ്മ വളരെ പ്രധാനമാണ്.

തവനൂരിലെ കൃഷി വിജ്ഞാനകേന്ദ്രത്തില്‍നിന്നാണ് കെണികള്‍ സംഘടിപ്പിച്ചതെന്ന് ആത്മയുടെ ചേളന്നൂര്‍ ബ്ലോക്ക് ടീമിന്റെ ചെയര്‍മാന്‍ കൂടിയായ സംഘാംഗം ഈശ്വരമ്പലത്ത് മുഹമ്മദ് പറയുന്നു.

ഉത്പന്നങ്ങള്‍ വിളവെടുപ്പ് സമയത്തുതന്നെ പ്രദേശവാസികള്‍ വാങ്ങിത്തീര്‍ക്കുന്നതിനാല്‍ വിപണിയെക്കുറിച്ചുള്ള ആശങ്കയേ ഇവര്‍ക്കില്ല. ഫോണ്‍: 9846458993.


Stories in this Section