മധുരക്കിഴങ്ങ് കൃഷിയില്‍ നൂറുമേനി; കാര്‍ഷികപ്പെരുമയുമായി തോമസ്

Posted on: 27 Apr 2012


പൊന്‍മുടി (ഇടുക്കി): കുടിയേറ്റകാലത്തെ ഭക്ഷ്യസമൃദ്ധിയെ ഓര്‍മപ്പെടുത്തി പന്നിയാര്‍കുടി മലയംപുറത്ത് തോമസിന്റെ മധുരക്കിഴങ്ങുപാടത്തെ വിളവെടുപ്പ് തുടങ്ങി. ഒരേക്കര്‍ സ്ഥലത്താണ് തോമസ്, ചീനിപ്പടല്‍ കൃഷി നടത്തിയത്. 25 സെന്റ് സ്ഥലത്തുനിന്ന് മാത്രം ആയിരത്തോളം കിലോഗ്രാം വിളവെളടുക്കാന്‍ കഴിഞ്ഞു.

പന്നിയാര്‍കുടിയില്‍നിന്ന് തൊടുപുഴയിലെ കാഡ്‌സിന്റെ ഗ്രീന്‍ഫെസ്റ്റിന്റെ കാര്‍ഷികമേളയിക്കേ് ഒരു ലോറി നിറയെ മധുരക്കിഴങ്ങുമായാണ് തോമസ് പുറപ്പെട്ടത്. മൂന്നുവര്‍ഷമായി മധുരക്കിഴങ്ങ് കൃഷിയിലേര്‍പ്പെടുന്ന ഈ കര്‍ഷകനിപ്പോള്‍ നാലിനം കിഴങ്ങുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. റോസ്, ചീമ, കാരറ്റ്, വയലറ്റ് എന്നീ ഇനങ്ങളില്‍.

ചീമ അഥവാ വെള്ളക്കിഴങ്ങുകള്‍ക്കാണ് വലിപ്പവും തൂക്കവും കൂടുതലുള്ളത്. നാലുകിലോഗ്രാം വരെ തൂക്കമുള്ള കിഴങ്ങുകള്‍ തോമസ് ഉല്പാപ്പിച്ചിട്ടുണ്ട്. മണല്‍ ചേര്‍ന്ന മണ്ണിലാണ് മധുരക്കിഴങ്ങുകള്‍ സമൃദ്ധമായി വളരുന്നത്. കാര്യമായ വളപ്രയോഗമൊന്നും ആവശ്യമില്ല. തണ്ടുകളോ ചെറിയ കിഴങ്ങുകളോ നടാം. രണ്ടുമാസം കഴിയുമ്പോഴേക്കും വിളവെടുപ്പ് തുടങ്ങാം.

മൂന്നുമാസംകൊണ്ട് വളര്‍ച്ച പൂര്‍ത്തിയികും. കിഴങ്ങുകള്‍ കഴുകി വൃത്തിയാക്കിയാണ് കമ്പോളങ്ങളില്‍ എത്തിക്കുന്നത്.
കിലോഗ്രാമിന് 15 രൂപ മുതല്‍ ഇരുപത് രൂപ വരെ വില ലഭിക്കുന്നുണ്ട്. രാജാക്കാട് ഗ്രാമപ്പഞ്ചായത്തിലെ മുന്‍ പ്രസിഡന്റു കൂടിയായ തോമസ് വാഴ, ചേമ്പ്, കാച്ചില്‍, പാവല്‍, പടവലം എന്നീ കൃഷികളിലും സവിശേഷമായ ശ്രദ്ധ വയ്ക്കുന്നുണ്ട്. മധുരക്കിഴങ്ങുകൃഷി ദീര്‍ഘമായ ഇടവേളയ്ക്കുശേഷം ഹൈറേഞ്ചില്‍ വേരുപിടിക്കുന്നതിലുള്ള ആഹ്ലാദത്തിലാണ് ഈ കര്‍ഷകന്‍.


Stories in this Section