മരച്ചീനിക്ക് ഇടവിള കൂര്‍ക്കയും മഞ്ഞളും

Posted on: 07 Apr 2012

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍



കൃഷിസ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ചെലവ് കുറച്ച് ആദായം കൂട്ടുന്നതിനും പുതിയ കൃഷിക്കൂട്ടുകള്‍ ഒരുക്കുകയാണ് കോഴിക്കോട് കാക്കൂരില്‍ പുന്നശ്ശേരിയിലെ കുറ്റിവയലില്‍ അബ്ദുള്ള. പിതാവിന്റെ കാലം തൊട്ടേ വയല്‍ തേവി നനച്ച് തുടങ്ങിയ പാഠങ്ങള്‍ ഇന്നും വിസ്മരിക്കാതെ പുതിയ കാലത്തിനൊത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൃഷിയില്‍ സജീവമായി മുന്നേറുന്നു അദ്ദേഹം. ജോലി കഴിഞ്ഞുള്ള സമയമാണ് കോഴിക്കോട് മാറാട്ടെ ജിനരാജദാസ് എ.എല്‍.പി. സ്‌കൂളിലെ ഈ അധ്യാപകന്‍ ഉത്പാദനക്ഷമമാക്കുന്നത്.

പ്രധാന വിളയായ മരച്ചീനിയോടൊപ്പം നെല്ല്, വാഴ, മഞ്ഞള്‍, ഇഞ്ചി, വിവിധ കിഴങ്ങുവിളകള്‍ എന്നിവയെല്ലാം അദ്ദേഹം വളര്‍ത്തുന്നു. മരച്ചീനിക്ക് ഇടവിളയായി കൂര്‍ക്കയും മഞ്ഞളും നടുന്ന അദ്ദേഹത്തിന്റെ രീതി സമീപസ്ഥ കര്‍ഷകരും മാതൃകയാക്കുന്നു. ഉയരത്തില്‍ മണ്ണ് കൂട്ടി നീളത്തില്‍ വരമ്പെടുത്താണ് മരച്ചീനി നടുന്നത്. ചെടികള്‍ക്കടുത്ത് വെള്ളം കെട്ടി നില്‍ക്കുന്നതിന് വരമ്പുകള്‍ തടസ്സമാകുന്നു. കൂര്‍ക്കയും ഇതേ രീതിയിലാണ് കൃഷി ചെയ്തിരുന്നത്. ഇവ രണ്ടും സംയോജിപ്പിക്കാമെന്ന് കണ്ടെത്തിയതോടെ ഒരൊറ്റ അധ്വാനത്തില്‍ രണ്ടു വിളയും ചെയ്യാം. ബാഷ്പീകരണം മൂലം വരമ്പിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാനും കൂര്‍ക്ക വള്ളികള്‍ സഹായിക്കുന്നു. മൂന്ന് മാസം കൊണ്ട് കൂര്‍ക്ക വിളവെടുക്കാം. വിളവെടുപ്പ് സമയത്ത് മണ്ണിളക്കുന്നത് മരച്ചീനിക്ക് ഗുണം ചെയ്യുന്നു. കളയുടെ വ്യാപനം തടയാനും ഇടവിളയായ കൂര്‍ക്ക സഹായിക്കുന്നു.

സിലോണ്‍, വയനാടന്‍, മിക്‌സ്ചര്‍, മിസരി എന്നീ നാല് ഇനം മരച്ചീനികളാണ് അബ്ദുള്ള വളര്‍ത്തുന്നത്. കൂര്‍ക്ക ഇടവിളയാക്കുമ്പോള്‍ നടുന്നതിനുള്ള മരച്ചീനി കമ്പുകള്‍ അല്പം നീളം കൂട്ടിയാണ് മുറിക്കുന്നത്. ഇലവിരിയുന്ന മുകുളങ്ങള്‍ ഉയരത്തിലാവാന്‍ ഇത് സഹായിക്കുന്നു. മെയ്, ജൂണ്‍ മാസത്തില്‍ തടത്തില്‍ വിത്ത് മുളപ്പിച്ചാണ് കൂര്‍ക്കയുടെ തലപ്പുകള്‍ ഉണ്ടാക്കുന്നത്. പട്ടാമ്പിയിലെ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നിന്ന് വാങ്ങിയ 'നിധി' ഇനമാണ് വിത്തിനായി ഉപയോഗിക്കുന്നത്. ആഗസ്ത്-സപ്തംബര്‍ മാസത്തില്‍ തലപ്പുകള്‍ മുറിച്ച് നടാന്‍ സമയമാകും.

എല്ലുപൊടി, പിണ്ണാക്ക് പൊടി, വെണ്ണീര്‍ എന്നിവ മിശ്രിതമാക്കിയാണ് വളപ്രയോഗം. വളത്തിന്റെ പരമാവധി ആഗിരണവും സ്ഥലപരിമിതിക്ക് പരിഹാരവുമാണ് ഇടവിള രീതിയെന്ന് അദ്ദേഹം പറയുന്നു. കാലവര്‍ഷം തുടങ്ങുമ്പോള്‍ ആരംഭിക്കുന്ന മരച്ചീനി കൃഷിക്ക് മഞ്ഞളാണ് ഇടവിള. മഞ്ഞളിന് ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ കൂടി വളമായി നല്‍കുന്നു. ഒരു മൂടില്‍ നിന്ന് ശരാശരി ഒരു കി. ഗ്രാം വരെ പച്ചമഞ്ഞള്‍ ലഭിക്കുന്നതായി അദ്ദേഹം പറയുന്നു. എല്ലാ സമയവും ഏതെങ്കിലും തരത്തില്‍ സജീവമാണ് അദ്ദേഹത്തിന്റെ കൃഷിയിടം. നേന്ത്രന്‍, പൂവന്‍ എന്നീ വാഴയിനങ്ങള്‍, തണ്ണി മത്തന്‍, നെല്ല്, വെള്ളരി, വിവിധ പച്ചക്കറികള്‍ എന്നിവയാല്‍ നിറസമൃദ്ധമാണ് അദ്ദേഹത്തിന്റെ പാടം. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍: 9747567423.



Stories in this Section