കെ. ഷാജി
കരപ്പറമ്പ് നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് പഞ്ചായത്ത് നടപ്പാക്കുന്ന 'അന്നപൂര്‍ണ' പദ്ധതി വന്‍ ജയമാകുന്നു. പദ്ധതിപ്രകാരം ഈ വര്‍ഷം 60 ഏക്കര്‍ കരപ്പറമ്പില്‍ നെല്‍ക്കൃഷിയിറക്കി. ഏക്കറിന് 800 കി.ഗ്രാം നെല്ലും 1600 കി.ഗ്രാം വൈക്കോലുമാണ് ശരാശരി ഉത്പാദനം. കരപ്പറമ്പ് നെല്‍ക്കൃഷിയിലൂടെ പഞ്ചായത്തിനകത്ത് 48 ടണ്‍ നെല്ലും 96 ടണ്‍ വൈക്കോലും അധികമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നെല്‍ക്കൃഷി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യോത്പാദനത്തിനുള്ള സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ ധനസഹായത്തോടെ അന്നപൂര്‍ണ പദ്ധതി തുടങ്ങിയത്. ആത്മ ഫണ്ടുപയോഗിച്ച് കര്‍ഷകര്‍ക്ക പരിശീലനവും നല്‍കി.
പഞ്ചായത്തിലെ സ്‌കൂളുകള്‍, കുടുംബശ്രീകള്‍, വ്യക്തിഗത കര്‍ഷകര്‍, പാടശേഖര സമിതികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കൃഷിക്കാവശ്യമായ നെല്‍വിത്ത് കേരള സ്റ്റേറ്റ് സീഡ് അതോറിറ്റിയില്‍ നിന്നും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി വാങ്ങി നല്‍കി. വളത്തിന് 50 ശതമാനം സബ്‌സിഡിയും നല്‍കി. കൃഷിച്ചെലവിലേക്ക് ഹെക്ടറിന് 5000 രൂപ നിരക്കില്‍ കൃഷി വകുപ്പ് നല്‍കുന്നു. ആനുകൂല്യങ്ങളും കൃഷിക്കാര്‍ക്ക് നല്‍കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭന്‍, കൃഷി ഓഫീസര്‍ ഇ.കെ. അജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും മറ്റും ഏകോപിപ്പിച്ചുകൊണ്ട് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നു. കരനെല്‍ക്കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.