റബ്ബര്‍ത്തോട്ടത്തിന് തീപിടിച്ചാല്‍
Posted on: 04 Mar 2012
കെ.കെ. രാമചന്ദ്രന്‍പിള്ള
ഏതെങ്കിലും റബ്ബര്‍ തോട്ടത്തില്‍ തീപ്പിടിത്തമുണ്ടായാല്‍ ഉടന്‍ മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. തീപ്പിടിത്തം കാരണം പൂര്‍ണമായി പൊള്ളലേറ്റ് കേടായ മരങ്ങള്‍ മുറിച്ചുമാറ്റണം. ഭാഗികമായി പൊള്ളലേറ്റ മരങ്ങളുടെ പൊള്ളലേറ്റഭാഗത്തെ പട്ട ചുരണ്ടിക്കളഞ്ഞ് ആ ഭാഗത്ത് 'ഇന്‍ഡോഫില്‍ ങ45യ്ത്ത എന്ന കുമിള്‍ നാശിനി പത്ത്ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ കലര്‍ത്തി പുരട്ടണം. പുരട്ടിയ കുമിള്‍ നാശിനി ഉണങ്ങിയശേഷം അവിടെ മുറിവുണങ്ങാന്‍ സഹായിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളായ റബ്ബര്‍കോട്ട്, സോപ്പ് കോട്ട്, പാനല്‍ പാക്‌സ്, തമ്പീസ് റബ്ബര്‍ പെയ്സ്റ്റ്, അറ്റുലസോള്‍, വാക്‌സ് റെക്‌സ്ട്രസില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നു പുരട്ടണം. പെട്രോളിയം ഉത്പന്നം പുരട്ടിയസ്ഥലത്ത് വെയിലടി ഏല്‍ക്കുന്നുണ്ടെങ്കില്‍ അവിടെ വെള്ള പൂശണം.
തീപ്പിടിത്തം തടയാന്‍
തീപ്പിടിത്തം തടയാന്‍ ചെയ്യേണ്ട പ്രധാന നടപടി തോട്ടത്തിനുചുറ്റും 'ഫയര്‍ ബെല്‍റ്റ്' നിര്‍മിക്കേണ്ടതാണ്. തോട്ടത്തിന്റെ അതിര്‍ത്തിയില്‍ നിന്നും ഉള്ളിലേക്കു മൂന്നു മീറ്റര്‍ വീതിയുള്ള സ്ഥലത്തെ കളകള്‍, തോട്ടപ്പയര്‍, ഉണക്കിലകള്‍, തീപിടിക്കാന്‍ സാധ്യതയുള്ള മറ്റ് സസ്യാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം മാറ്റി വൃത്തിയാക്കി ഇടുന്നതിനാണ് 'ഫയര്‍ ബെല്‍റ്റ്' എന്നു പറയുന്നത്. ഇത് നിര്‍മിച്ചതിനുശേഷം വീണ്ടും ആ സ്ഥലത്ത് പൊഴിഞ്ഞുവീഴുന്ന ഇലകളും മറ്റും വേനല്‍ക്കാലം കഴിയുന്നതുവരെ കാലാകാലങ്ങളില്‍ നീക്കം ചെയ്തു വൃത്തിയാക്കിഇടേണ്ടതാണ്. തോട്ടത്തിനകത്തുള്ള റോഡുകള്‍, നടപ്പാതകള്‍ എന്നിവയും മുകളില്‍ പറഞ്ഞതുപോലെ വൃത്തിയാക്കി ഇടണം.
തീപ്പിടിത്തമുണ്ടായാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ റബ്ബര്‍ തോട്ടങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446307335.