പതിമൂന്ന് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് കാസര്‍കോട് മടിക്കൈ കൂലോം റോഡിലെ തോട്ടോന്‍ ഗോപാലന്‍ കൃഷി പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കൃഷിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലമാവട്ടെ പാറപ്രദേശവും. ഇപ്പോള്‍ ഗോപാലന്റെ നേട്ടം ഒന്നാംതരം കുരുമുളക് തോട്ടം. നേന്ത്രവാഴയും, ചേമ്പും, ചേനയും കൃഷി ചെയ്യുന്ന തോട്ടത്തില്‍ കോഴിഫാമും മണ്ണിര കമ്പോസ്റ്റും മത്സ്യക്കുളവുമുണ്ട്. രണ്ടുവര്‍ഷം കൊണ്ടാണ് അല്പാല്പം മണ്ണിട്ട് പാറപ്രദേശം നികത്തി തോട്ടമാക്കിയത്. മൂന്ന് അടിയോളം മണ്ണിടാന്‍ 200 ലോഡ് മണ്ണ് വേണ്ടി വന്നു.
ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്തില്‍ പകുതിയോളം കുരുമുളക് കൃഷിയാണ്. 225തടം കുരുമുളക് കൃഷിയില്‍നിന്ന് മാത്രം കാല്‍ലക്ഷം രൂപയുടെ വരുമാനമുണ്ട്. 13 വര്‍ഷം ദുബായിയില്‍ കഠിനാധ്വാനം ചെയ്തിട്ടും മെച്ചമൊന്നും ഉണ്ടായില്ല. എന്നാല്‍, കൃഷിയില്‍ ഇറങ്ങിയപ്പോള്‍ സംതൃപ്തിയുണ്ടെന്ന് 57കാരനായ ഗോപാലന്‍ പറയുന്നു.
മലയോരത്ത് കുരുമുളക് വള്ളികള്‍ മുറിച്ച് മാറ്റി റബര്‍ കൃഷി തുടങ്ങുമ്പോഴാണ് ഗോപാലന്‍ കൃഷി ആരംഭിക്കുന്നത്. നാടന്‍ കുരുമുളകിന് പുറമെ പന്നിയൂര്‍, കരിമുണ്ട ഇനവും കൃഷി ചെയ്യുന്നു.
മണ്ണിനോട് പടപൊരുതുമ്പോള്‍ സഹായിക്കാന്‍ ഭാര്യ കൈപ്പാടക്കത്തി ഗിരിജയും ഭാര്യാമാതാവ് തമ്പായിയും കൂടെയുണ്ട്. പ്രധാന കൃഷിപ്പണിക്ക് മാത്രമാണ് പുറമെ നിന്ന് ജോലിക്കാരെ വിളിക്കുന്നത്.
മുരിക്ക്, മുരിങ്ങ, തെങ്ങ്, കവുങ്ങ് തുടങ്ങിയ മരങ്ങളില്‍ സമൃദ്ധമായി കുരുമുളക് വള്ളികള്‍ വളരുന്നു. ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കൂലോം റോഡ് ഹരിത പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകനാണ് ഗോപാലന്‍. കൃഷിയില്‍ മടിക്കൈ കൃഷിഭവന്റെയും മടിക്കൈ ഗ്രാമപ്പഞ്ചായത്തിന്റെയും പ്രോത്സാഹനവുമുണ്ട്. രണ്ട് മക്കള്‍: യമുന, ഗിരീഷ്.