കുഞ്ഞേട്ടന്റെ മുപ്പത്തഞ്ചേക്കറിലെ വേറിട്ട കൃഷിരീതി ശ്രദ്ധേയമാവുന്നു

Posted on: 29 Feb 2012



കാഞ്ഞിരപ്പള്ളി: ഉള്‍വനത്തിലെ മണ്ണിന് സമാനമായ മണ്ണുള്ള മുപ്പത്തഞ്ചേക്കര്‍...ഇത് പ്രകൃതിയോടിണങ്ങുന്ന പരിചരണമേകുന്ന വെളിച്ചിയാനി കല്ലുക്കുന്നേല്‍ ജോസഫ് മാത്യുവിന്റെ (63-കുഞ്ഞേട്ടന്‍) വര്‍ഷങ്ങളായുള്ള പരിചരണഫലം.കൂട്ടിനായി വെജിറ്റബിള്‍ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലില്‍ അസി. പ്രോജക്ട് ഓഫീസര്‍ സ്ഥാനം രാജിവെച്ച് കൃഷിക്കിറങ്ങിയ എം.ബി.എ. ക്കാരനായ മകന്‍ സുബിനും.

കപ്പത്തോട്ടത്തില്‍ എലിയെ തുരത്താന്‍ തെങ്ങോലപ്പുത, കൊഴിഞ്ഞു വീഴുന്ന കരിയിലകള്‍ കത്തിച്ചു കളയാതെ കൃഷിയിടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍, ഓരോ വിളയ്ക്കും സമീപത്ത് വാഹനമെത്തുന്നതിനുള്ള സൗകര്യം. റബ്ബര്‍ മരത്തിന് അതിരുകളായും കൊക്കോത്തോട്ടത്തിലും മഹാഗണികൃഷി...ഇവയ്‌ക്കെല്ലാം വളമായി ചാണകവും മറ്റ് അവശിഷ്ടങ്ങളും ചേര്‍ത്ത് സ്വന്തമായി നിര്‍മ്മിക്കുന്ന ജൈവ വളം മാത്രം.

തെങ്ങോലപ്പുതയിട്ടാല്‍ കപ്പച്ചുവട്ടില്‍ എത്തുന്ന എലിയുടെ മൂക്കില്‍ ഈര്‍ക്കില്‍ കൊണ്ട് മുറിവേല്‍ക്കും... അതിനാല്‍ പിന്തിരിയും. പുതയിടില്‍ കളനാശത്തിനും ഈര്‍പ്പത്തിനും സഹായകമാകും.

ഇന്റര്‍ഗ്രേറ്റഡ് ഫാമിങ് (കൂട്ടുവിള കൃഷി) അവലംബിക്കുന്ന മുപ്പത്തിയഞ്ച് ഏക്കറില്‍ ജാതി, കൊക്കോ, കാപ്പി, കൈത, കപ്പ, റബ്ബര്‍, തെങ്ങ് കമുക്, പച്ചക്കറികള്‍, മഹാഗണി, ഈട്ടി, തേക്ക്, മാങ്കോസ്റ്റിന്‍, മുള്ളന്‍പഴം എന്നിവങ്ങനെ വൈവിധ്യമാര്‍ന്ന കൃഷിയുണ്ട്.
കൊക്കോയോടൊപ്പം വന്‍മരങ്ങള്‍ നടുന്നത് ഭൂമിക്ക് തണുപ്പും ഈര്‍പ്പത്തിനും കാരണമാകുമെന്നും ഇലപൊഴിയുന്നതുമൂലം ഭൂമിയെ മള്‍ച്ചിങ് അഥവാ പൊതിയിടലിനും സഹായിക്കുന്നു.

പാരമ്പര്യമായി ആയുര്‍വേദ ഡോക്ടര്‍മാരുടെ കുടുംബമാണ് കുഞ്ഞേട്ടന്റേത്. ചെറുപ്പം മുതലെ എല്ലാവരും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍. ഇതില്‍ നിന്ന് പ്രായോഗിക പാഠം ഉള്‍ക്കൊണ്ടാണ് ജോസഫ് മാത്യു കൃഷിക്കാരനായത്.
മഹാഗണിയുടെ വളര്‍ച്ചയെത്തിയ ശിഖരങ്ങള്‍ മുറിച്ച് നട്ട് വന്‍ മരങ്ങള്‍ സൃഷ്ടിക്കുന്ന നൂതനമായ കൃഷിരീതിയും ജോസഫ് മാത്യു വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

കൃഷിക്കാരുടെ സാമ്പത്തിക ആസൂത്രണത്തിലെ പാളിച്ചകള്‍ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് മുന്‍ കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് കൂടിയായ ജോസഫ് മാത്യു പറയുന്നു.

പാവയ്ക്കാ കൃഷിയിലൂടെ കോട്ടയം ജില്ലയിലെ മികച്ച വനിതാ കര്‍ഷകയായി 2001 ല്‍ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ജോസഫ് മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ്.


Stories in this Section