മഞ്ഞള്‍ വിളവെടുപ്പും സംസ്‌കരണവും

Posted on: 04 Feb 2012

രവീന്ദ്രന്‍ തൊടീക്കളം



മഞ്ഞലോഹംപോലെത്തന്നെ മഞ്ഞളിനും വന്‍ ഡിമാന്‍ഡാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ അനേകം കര്‍ഷകര്‍ മഞ്ഞള്‍കൃഷിയിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യകര്‍ഷകര്‍ക്ക് കൃഷിരീതിയെക്കുറിച്ച് അറിവുണ്ടെങ്കിലും മഞ്ഞള്‍കൃഷിക്ക് ശാസ്ത്രീയകൃഷിരീതികള്‍ അനുവര്‍ത്തിക്കുന്നവര്‍ നാമമാത്രമാണ്. വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്യാത്തതിനാല്‍ ഉത്പന്നവില ലഭിക്കുന്നതും കുറവാണ്. വിളവെടുപ്പിന് പാകമാകുന്ന മഞ്ഞള്‍കൃഷിയിലെ ഉത്പന്ന സംസ്‌കരണം നോക്കാം.

ശരിയായി മൂപ്പെത്തിയ മഞ്ഞള്‍മാത്രം പറിച്ചെടുത്ത് സംസ്‌കരിക്കാന്‍ ശ്രദ്ധിക്കണം. സംസ്‌കരണത്തില്‍ പുഴുങ്ങല്‍, ഉണക്കല്‍, പോളിഷിങ് എന്നീ നാല് ഘട്ടങ്ങളാണ് ഉള്ളത്. വെള്ളത്തിലിട്ട് തിളപ്പിച്ചാണ് പച്ചമഞ്ഞള്‍ പുഴുങ്ങുന്നത്. കിളച്ചെടുത്ത കിഴങ്ങുകളില്‍ നിന്നും മണ്ണും വേരും നീക്കം ചെയ്തശേഷം രണ്ടുമൂന്നു ദിവസത്തിനകം പുഴുങ്ങണം. മാതൃകാണ്ഡവും ശാഖാകാണ്ഡവും വെവ്വേറെ പുഴുങ്ങണം. മാതൃകാണ്ഡത്തിന് വേവാന്‍ കൂടുതല്‍ സമയം വേണം. വേവുമ്പോള്‍ മഞ്ഞളിന്റെ ഗന്ധം മാറുന്നു. ഉണങ്ങാന്‍ ആവശ്യമായ സമയം കുറയുന്നു. നല്ല നിറവുമുണ്ടാകുന്നു.

കുറഞ്ഞ അളവില്‍ സംസ്‌കരിക്കുന്നതിന് മണ്‍പാത്രമോ ചെമ്പുപാത്രമോ ഉപയോഗിക്കാം. ഒരടി ഉയരവും നാല് അടി വ്യാസവുമുള്ള വട്ടച്ചെമ്പാണ് പുഴുങ്ങുന്നതിന് ഏറ്റവും അനുയോജ്യം. ഇതില്‍ മുക്കാല്‍ഭാഗം മഞ്ഞള്‍ നിറച്ച് അത് മുങ്ങുന്നവിധത്തില്‍ വെള്ളം നിറയ്ക്കുക. അതിന് മുകളിലായി മഞ്ഞളില ഇട്ടശേഷം നനഞ്ഞ ചാക്ക് കൊണ്ടുമൂടി തിളപ്പിക്കണം. പാകത്തിന് വേവാന്‍ ശാഖാകാണ്ഡത്തിന് അരമണിക്കൂറും മാതൃകാണ്ഡത്തിന് മുക്കാല്‍ മണിക്കൂറും വേണം. തിളപ്പിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ കുറച്ച് ചാണകം ചേര്‍ക്കാറുണ്ടായിരുന്നു. ഇത് അനാരോഗ്യകരമായതിനാല്‍ ഇപ്പോള്‍ ആരും ചേര്‍ക്കാറില്ല.

കൂടുതല്‍ മഞ്ഞള്‍ സംസ്‌കരിക്കേണ്ട അവസ്ഥയില്‍ ആന്ധ്രപോലുള്ള സംസ്ഥാനങ്ങളില്‍ സിന്ധിവാഹിനി എന്നറിയപ്പെടുന്ന അടുപ്പാണ് ഉപയോഗിക്കുന്നത്. അരിപ്പയും നാകത്തിടമ്പും ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. മഞ്ഞളിന്റെ വേവ് അതിന്റെ ഗുണത്തെ ബാധിക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധവേണം. വേവുമ്പോള്‍ മൃദുത്വമുള്ളതും എളുപ്പം ഒടിയുന്നതും അകത്തെ ചുവപ്പുനിറം മഞ്ഞനിറവുമാകുന്നു. ഈര്‍ക്കില്‍ കൊണ്ട് കുത്തുമ്പോള്‍ നിഷ്പ്രയാസം കടന്നുപോകുന്നു. മഞ്ഞള്‍ പാകത്തിന് വെന്തുകഴിഞ്ഞാലുടന്‍ വെള്ളം മുഴുവന്‍ വാര്‍ത്തുകളഞ്ഞ് വെയിലത്തിട്ടുണക്കണം. ശരിയായി ഉണങ്ങാന്‍ 10-15 ദിവസമെടുക്കും. ഞെക്കുമ്പോള്‍ അമരാത്ത പരുവമാകുംവരെ ഉണക്കണം. നന്നായി ഉണങ്ങിയ മഞ്ഞള്‍ക്കഷണം പൊട്ടിച്ചാല്‍ ലോഹത്തകിടില്‍ത്തട്ടുന്ന ശബ്ദമാണുണ്ടാവുക. ഉണക്കുയന്ത്രങ്ങള്‍ ഉപയോഗിച്ച് ഉണക്കുന്ന രീതിയും നിലവിലുണ്ട്.

ആകര്‍ഷകമായ നിറവും ആകൃതിയും മിനുസവും ലഭിക്കുന്നതിന് വേണ്ടിയാണ് പോളിഷിങ് ചെയ്യുന്നത്. വിദേശവിപണികളില്‍ പോളിഷിങ് ചെയ്ത മഞ്ഞളിന് മാത്രമാണ് പ്രിയം. ഉണങ്ങിയ മഞ്ഞള്‍ ചാക്കില്‍ കെട്ടി കാലുകള്‍ കൊണ്ട് ചവിട്ടിയുരസ്സിയോ, കടുപ്പമുള്ള വസ്തുക്കളുമായി ഉരസ്സിയോ, കൈകള്‍ കൊണ്ട് കൂട്ടിയുരസ്സിയോ, മിനുസ്സപ്പെടുത്താം.

ഉത്പന്നങ്ങള്‍ കുറച്ചുമാത്രമുള്ളപ്പോള്‍ ഈ രീതിയാണ് നല്ലത്. കറങ്ങുന്ന വീപ്പകള്‍ കൊണ്ടോ മോട്ടോര്‍ ഉപയോഗിച്ചോ പ്രവര്‍ത്തിപ്പിച്ച് പോളിഷ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. വീപ്പകള്‍ അഷ്ടകോണാകൃതിയില്‍ 1.35 മീറ്റര്‍ നീളത്തിലും 0.90 മീറ്റര്‍ വ്യാസത്തിലും നിര്‍മിച്ചവയാണ്. വീപ്പയുടെ നടുവില്‍ ഘടിപ്പിച്ച 7 സെ.മീ. കനമുള്ള ഇരുമ്പുകമ്പിയുടെ രണ്ടറ്റവും ബലമുള്ള കല്‍ത്തൂണില്‍ ഉറപ്പിക്കണം. 45ത30 സെ.മീ. വലിപ്പമുള്ള ദ്വാരമാണ് വീപ്പക്കുള്ളതും ഈ ദ്വാരത്തിലൂടെയാണ് മഞ്ഞള്‍ നിറയ്ക്കുന്നതും. ഈ വിപ്പയില്‍ 60-70 കിലോഗ്രാം ഉണങ്ങിയ മഞ്ഞള്‍ കൊള്ളും.

കൈകൊണ്ട്കറക്കുമ്പോള്‍ ഒന്ന് ഒന്നര മണിക്കൂര്‍കൊണ്ടും മോട്ടോര്‍കൊണ്ട് കറയ്ക്കുമ്പോള്‍ 10മിനിറ്റുകൊണ്ടും മിനുസ്സപ്പെട്ടുകിട്ടും. പോളിഷ് ചെയ്ത മഞ്ഞള്‍ മുളകൊണ്ടുള്ള കൂടയിലിട്ട് മഞ്ഞള്‍പ്പൊടി ഇട്ട് ഇളക്കിയെടുത്ത് നിറം വരുത്താം. 100 കി.ഗ്രാം മഞ്ഞളിന് 200 ഗ്രാം മഞ്ഞള്‍പ്പൊടി വേണ്ടിവരും. ഒരുപോലെ നിറംവന്നാല്‍ വെയിലത്ത് നിരത്തി ഉണക്കാവുന്നതാണ്.




Stories in this Section