കുഷ്യന്‍സീറ്റിലിരുന്നും ഇനി തെങ്ങുകയറാം

Posted on: 30 Jan 2012


പട്ടാമ്പി: കുഷ്യനോടുകൂടിയ സീറ്റില്‍ സുരക്ഷിതമായി ഇരുന്നുകൊണ്ടും ഇനി തെങ്ങുകയറാം. പട്ടാമ്പി കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന കാര്‍ഷികപ്രദര്‍ശനത്തിലാണ് ഇത്തരമൊരു തെങ്ങുകയറ്റയന്ത്രം പ്രദര്‍ശിപ്പിച്ചത്. നിലവില്‍ ഇരുന്നുകയറാനുള്ള യന്ത്രത്തിന്റെ എല്ലാ അപാകങ്ങളും പരിഹരിച്ച് മണ്ണുത്തി കാര്‍ഷികഗവേഷണകേന്ദ്രമാണ് യന്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

8.4 കിലോഗ്രാം തൂക്കംവരുന്ന യന്ത്രം രൂപകല്പനചെയ്തിരിക്കുന്നത് 304 ഗ്രേഡിലുള്ള 18 മില്ലിമീറ്റര്‍ വ്യാസമുള്ള സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ചാണ്. 400കിലോഗ്രാം ഭാരംവരെ യന്ത്രത്തിന് താങ്ങാന്‍കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഇരിപ്പിടം, ചവിട്ടുപ്പടി എന്നീ രണ്ടുഭാഗങ്ങളാണ് യന്ത്രത്തിനുള്ളത്. തെങ്ങിന്‍ ഘടിപ്പിച്ചശേഷം ഇരിപ്പിടത്തിലിരിക്കുന്നതോടെ യന്ത്രം തെങ്ങുമായി സുരക്ഷിതമായി ബന്ധിക്കപ്പെടും. ഇരുന്നതിനുശേഷം താഴെയുള്ള ചവിട്ടുപ്പടിയില്‍ കാല്‍കൊണ്ട് സമ്മര്‍ദം ചെലുത്തുമ്പോള്‍ യന്ത്രം മുകളിലേക്കുയരുന്നു. യന്ത്രമുപയോഗിച്ച് ഒരുമിനിറ്റിനുള്ളില്‍ തെങ്ങിനു മുകളിലെത്താം.

കാര്‍ഷികഗവേഷണകേന്ദ്രം മേധാവി ഡോ. യു. ജയകുമാരന്റെ നേതൃത്വത്തില്‍ സുമനായര്‍, വി.ആര്‍. രാമചന്ദ്രന്‍, സക്കീനബീവി, അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്. യന്ത്രത്തിന് ഏകദേശം 8,000 രൂപയോളം വിലമതിക്കുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനംനടത്തിയാല്‍ 7,000 മുതല്‍ 7,500 രൂപവരെ മാത്രമേ വിലവരൂ എന്നാണ് ഗവേഷണകേന്ദ്രം കണക്കുകൂട്ടുന്നത്. തൊഴിലാളികളുടെ അഭിപ്രായം വിലയിരുത്തിയശേഷം വാണിജ്യാടിസ്ഥാനത്തില്‍ യന്ത്രം നിര്‍മിക്കാനുള്ളപദ്ധതി ആവിഷ്‌കരിക്കും.

അതോടൊപ്പം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവൃത്തിപരിചയപരിശീലനവും ആസൂത്രണംചെയ്യും. തെങ്ങുകയറ്റം ഒരു ഹൈടെക്‌പ്രൊഫഷനാക്കി മാറ്റുകയാണ് ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2370726


Stories in this Section