ഈ 'സുന്ദരി'കളില്‍ ഭദ്രം ഹാരിസിന്റെ ജീവിതം

Posted on: 11 Jan 2012

ഉണ്ണി ശുകപുരം



എടപ്പാള്‍: മിഥിലാജ് വില്ലയിലേക്ക് കയറുമ്പോള്‍ നിങ്ങളെ സ്വീകരിക്കുക ഒരുകൂട്ടം സുന്ദരികളായിരിക്കും. വിദേശികളും സ്വദേശികളുമായ സുന്ദരികള്‍. സില്‍ക്കി, കൊഷിന്‍ ബാന്‍ഡം, ഫ്രില്‍, മില്ലിഫ്ലവര്‍... അങ്ങനെ കുക്കുട സുന്ദരികള്‍ നാനാവിധം. കൂടെ കൂറ്റന്‍ ടര്‍ക്കികളും. ഇവയെല്ലാമാണ് ഹാരിസിന്റെ ജീവിതം ഭദ്രമാക്കുന്നത്. പൂക്കരത്തറ പടിഞ്ഞാറ്റുമുറി പണിക്കവീട്ടില്‍ ഹാരിസ് ആണ് കോഴികളോടുള്ള പ്രേമം മൂത്ത് കരാര്‍ പണിക്കിടയില്‍ കോഴി വളര്‍ത്തലില്‍ വിജയക്കൊടി പാറിക്കുന്നത്.

പഠനകാലം മുതല്‍ തന്നെ ഹരിസിന്റെ മനസ്സ് പക്ഷികള്‍ക്കൊപ്പമായിരുന്നു. 50ഓളം കോഴികളായിരുന്നു അന്ന് തുണ. സൈക്കിളില്‍ ആവശ്യക്കാരെ കണ്ടെത്തി മുട്ട വിറ്റായിരുന്നു സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്. കോഴികളോടും പക്ഷികളോടുമുള്ള പ്രേമം പഠനത്തിന് തടസ്സമാകുമെന്നുകണ്ട് പിതാവ് ഒരു ദിവസം കോഴികളെയെല്ലാം നാടുകടത്തി. ഇതോടെ തത്കാലം കച്ചവടം നിലച്ചു.
ഐ.ടി.ഐ പഠനം കഴിഞ്ഞ ശേഷമാണ് പിന്നീട് മനസ്സിലെ പക്ഷിപ്രേമം ഹാരിസ് പുറത്തെടുക്കുന്നത്. 10 സെന്റ് പുരയിടത്തില്‍ സ്ഥലമുള്ളിടത്തെല്ലാം സ്വയം നിര്‍മിച്ചും പണിയിപ്പിച്ചും വെച്ച കൂടുകളില്‍ 12ഓളം ഇനങ്ങളിലായി 100ല്‍പരം അലങ്കാരക്കോഴികളാണ് ഇന്നുള്ളത്.

ഒരുലക്ഷത്തോളം രൂപയാണ് ഹാരിസ് ഇതിനായി മുടക്കിയത്. ഇപ്പോള്‍ എല്ലാ ചെലവും കഴിച്ച് 5000 രൂപയോളം ഹാരിസിന് ഈ അരുമക്കോഴികള്‍ നല്‍കുന്നത്. കോഴികള്‍ക്കൊപ്പം ഒമര്‍, മുഥീന തുടങ്ങിയ പ്രാവിനങ്ങളും ഒരു ജോഡിക്ക് 12000 രൂപ വിലയുള്ള ഫെസന്റ, 6000 വിലയുള്ള അമേരിക്കന്‍ ബാന്റം ടര്‍ക്കി, ഗിരിരാജ, ഗിനി എന്നിവയും ഹാരിസിന്റെ പക്ഷിക്കൂട്ടത്തിലുണ്ട്.
നാടന്‍ കോഴികളുടെ ഒരുകൂട്ടത്തെ വിരിയിപ്പിക്കല്‍ യന്ത്രമായി ഹാരിസ് വളര്‍ത്തുന്നുണ്ട്. തന്റെ പക്ഷിക്കൂട്ടത്തിലെ എല്ലാ വിഭാഗത്തിന്റെയും മുട്ടകള്‍ വിരിയിക്കലാണ് ഇവയുടെ ജോലി.

യന്ത്രം വാങ്ങിയാലുള്ള സാമ്പത്തികച്ചെലവും വൈദ്യുതിച്ചെലവുമൊന്നും ഇതിനില്ല എന്നതാണ് ഹാരിസിന്റെ കണ്ടെത്തല്‍.
ഇലക്ട്രിസിറ്റി ഓഫീസിന് കീഴില്‍ കോണ്‍ട്രാക്ടറാണ് ഹാരിസ്. രാവിലെ 5.30 മുതല്‍ കോഴികളോടൊപ്പമാണ് ഹാരിസ്. കൂട്ടിന് ഭാര്യ നിഷയും കുട്ടികളായ മുഹമ്മദ് മിഥിലാജും മുഹമ്മദ് കൈസും. ഓമനിക്കാനും ഒപ്പം വീട്ടില്‍ ഒരു വരുമാനമാര്‍ഗമുണ്ടാക്കാനും താത്പര്യമുള്ളവര്‍ക്കും ഹാരിസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 9847795172.


Stories in this Section