
ലോകത്തെ 80 കോടി ജനങ്ങളുടെ മുഖ്യ ആഹാരം അരിയോ ഗോതമ്പോ ചോളമോ അല്ല. നമ്മള്‍ മരച്ചീനി, കൊള്ളിക്കിഴങ്ങ്, പൂള തുടങ്ങിയ പേരുകളില്‍ വിളിക്കുന്ന കപ്പയാണ്. അതിശയിക്കേണ്ട. അരിയും ഗോതമ്പും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ പോറ്റുന്നത് ഈ വേരാണ്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ നിന്ന് 16, 17 നൂറ്റാണ്ടുകളില്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും കരീബിയനിലെയും ട്രോപ്പിക്കല്‍ സബ് ട്രോപ്പിക്കല്‍ പ്രദേശങ്ങളിലെത്തിയതാണ് കപ്പ. ഏതുമണ്ണിലും വളരാനും വരള്‍ച്ചയെ നേരിടാനുമുള്ള കഴിവും കീടബാധ കാര്യമായി ഇല്ലാത്തതും കപ്പയെ ഈ നാടുകളിലെ മുഖ്യവിളകളിലൊന്നാക്കി. പ്രധാന ആഹാരമാക്കി. അങ്ങനെ വികസ്വര രാജ്യങ്ങളുടെ പട്ടിണി നിവാരിണിയും പഞ്ഞകാലത്തേക്കുള്ള കരുതിവെപ്പും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കരുതല്‍ ശേഖരവുമായി കപ്പ.
ആഫ്രിക്കയും ഏഷ്യയുമാണ് ഭക്ഷ്യവസ്തു എന്ന നിലയില്‍ കപ്പയുടെ ഏറ്റവും വലിയ വിപണികള്‍. ലാറ്റിന്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നൈജീരിയയാണ് ലോകത്ത് ഏറ്റവുമധികം കപ്പയുത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ തായ്‌ലന്‍ഡും വിയറ്റ്‌നാമും ഇന്‍ഡൊനീഷ്യയുമാണ് കപ്പ കയറ്റുമതിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയിലെ കപ്പയില്‍ 80 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് കേരളവും തമിഴ്‌നാടുമാണ്.

വിശപ്പാറ്റും എന്നല്ലാതെ, ശരീരത്തിന് വേണ്ട പോഷകങ്ങളൊന്നും നല്‍കാന്‍ കപ്പയ്ക്കാവില്ല. ആകെയുള്ളത് കാര്‍ബോ ഹൈഡ്രേറ്റും അന്നജവും മാത്രം. പോഷകമൂല്യം വളരെ കുറവാണ്. കാല്‍സ്യവും (100 ഗ്രാമില്‍ 25 മില്ലി ഗ്രാം), ഫോസ്ഫറസും (100 ഗ്രാമില്‍ 40 മില്ലി ഗ്രാം), വൈറ്റമിന്‍ സിയും (100 ഗ്രാമില്‍ 25 മില്ലി ഗ്രാം) കപ്പയിലുണ്ട്. എന്നാല്‍ പ്രോട്ടീനോ ജീവകങ്ങളോ ഇരുമ്പ് പോലുള്ള ധാതുക്കളോ ഇതിലില്ല. കപ്പ തിന്നുന്ന 80 കോടിക്കും വിശപ്പടങ്ങുമെന്നല്ലാതെ വേണ്ട പോഷകങ്ങളോ മെച്ചപ്പെട്ട ആരോഗ്യമോ ലഭിക്കില്ല.
അതിനാലാണ്, വിശപ്പാറിയാലും വികസ്വര രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ പോഷകാഹര കുറവ് മൂലമുള്ള രോഗങ്ങളും വിളര്‍ച്ചയും അനുഭവിക്കുന്നത്. കുറഞ്ഞ ചെലവില്‍ ഉത്പ്പാദിപ്പിക്കാവുന്ന കപ്പയ്ക്കപ്പുറം മറ്റ് ആഹാര സാധനങ്ങള്‍ കിട്ടാന്‍ വഴിയില്ലാത്തവര്‍ക്ക് പോഷകമൂല്യമുള്ള കപ്പ നല്‍കാനുള്ള ഗവേഷണത്തിലാണ് ബ്രസീലിയ സര്‍വകലാശാലയിലെ ഗവേഷകര്‍. കൂടുതല്‍ ഉത്പാദനക്ഷമവും പോഷക മൂല്യമുള്ളതുമായ കപ്പ പരമ്പരാഗത രീതിയില്‍ ഉത്പ്പാദിപ്പിക്കാനാണ് ഇവരുടെ ശ്രമം. ജനിതക വ്യതികരണത്തിലൂടെ എളുപ്പം സാധിക്കുമെങ്കിലും അത്തരം വിളകളോട് പലര്‍ക്കുമുള്ള വിമുഖതയാണ് പരമ്പരാഗത രീതിയില്‍ തന്നെ മെച്ചപ്പെട്ട കപ്പ ഇനങ്ങളെ വികസിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. കൂടാതെ, ജനിതക എന്‍ജിനീയറിങ്ങിനെക്കാള്‍ ചെലവ് കുറവുമാണ് ഇതിന്.
അതിനിടെ, നൈജീരിയയും അമേരിക്കയും ജനിതക എന്‍ജിനിയീറങ്ങിലൂടെ തന്നെ ഈ രംഗത്ത് ചിലപരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ജീവകം 'എ'യാല്‍ സമ്പുഷ്ടമാക്കിയ കപ്പ നൈജീരിയയില്‍ കൃഷി ചെയ്തു തുടങ്ങി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചറും നൈജീരിയന്‍ നാഷണല്‍ റൂട്ട് ക്രോപ്‌സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് മഞ്ഞ നിറമുള്ള കപ്പ വികസിപ്പിച്ചെടുത്തത്. ദിവസവും ആവശ്യമായ ജീവകം 'എ'യുടെ 25 ശതമാനം ഇതിലൂടെ ലഭിക്കും. ജീവകം 'എ'യുടെ അഭാവം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സബ്‌സഹാറന്‍ ആഫ്രിക്കയില്‍ വ്യാപകമാണ്. 2013-ന്നോടെ ജീവകം 'എ'യാല്‍ സമ്പുഷ്ടമാക്കിയ കപ്പ വ്യാപകമായി കൃഷി ചെയ്തുതുടങ്ങാനാവുമെന്നാണ് കരുതപ്പെടുന്നത്.
കപ്പയുടെ പോഷക ഗുണം കൂട്ടാനുള്ള ഗവേഷണങ്ങള്‍ക്കിടെ മറ്റൊരു കണ്ടുപിടിത്തവും കൂടി നടന്നു. പയറിന്റെയും ചോളത്തിന്റെയും ജീനുകള്‍ കപ്പയില്‍ കടത്തി സിയോലിന്‍ എന്ന പ്രോട്ടീന്‍ ഉത്പ്പാദിപ്പിച്ചു യു.എസിലെ സെന്റ് ലൂയിയിലുള്ള ഡാന്‍ഫോര്‍ത്ത് പ്ലാന്റ് സയന്‍സ് സെന്ററിലെ ക്ലോഡ് ഫൗക്വെറ്റ്. അങ്ങനെ കപ്പയിലെ പ്രോട്ടീനിന്റെ അളവ് 12. 5 ശതമാനമാക്കി.
2050-താകുമ്പോള്‍ ഭൂമിയില്‍ ഇന്നുള്ളതിലും ഇരുന്നൂറോ മുന്നൂറോ കോടി അധികം ജനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍, ലഭ്യത എളുപ്പമായ ഭക്ഷ്യവസ്തുക്കളെ സമ്പുഷ്ടീകരിക്കലാണ് ആരോഗ്യകരമായ ഭക്ഷണം ആളുകള്‍ക്കെത്തിക്കുന്നതിന് ഏറ്റവും ലളിതവും പ്രായോഗികവുമായ മാര്‍ഗം.