തെങ്ങിന്റെ ചങ്ങാതികളായി ബബിതയും ബിജിതയും

Posted on: 05 Jan 2012

പി.പി.ജയന്‍



തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിലൂടെ ജീവിതവഴി കണ്ടെത്തുകയാണ് ഈ സഹോദരങ്ങള്‍-ബബിതയും ബിജിതയും. അധ്വാനത്തിന്റെ കരുത്തില്‍ കുതിച്ച് ആരേയും അതിശയിപ്പിക്കുകയാണിയവര്‍. തേങ്ങപറിക്കല്‍, തെങ്ങ് രോഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങി തെങ്ങുമായി ബന്ധമുള്ള എന്തിനും ഇവര്‍ എപ്പോഴും തയ്യാര്‍.

കാസര്‍ക്കോട് വെസ്റ്റ് എളേരി നാട്ടക്കല്‍ അടുക്കളക്കണ്ടത്തെ പനംതിട്ട ബാബുവിന്റെയും ശാന്തയുടെയും മക്കളാണ് ബബിതയും(22) ബിജിതയും(20). കമ്പ്യൂട്ടര്‍ അക്കൗണ്ടന്റ് യോഗ്യതയുണ്ട് ബബിതക്ക്. അനുജത്തി ബിജിത എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവ.കോളേജില്‍ ബി.എ ഹിന്ദി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഞങ്ങള്‍ രണ്ട് പെണ്‍മക്കള്‍ മാത്രം. ജീവിതദുരിതം മാറ്റാന്‍ അച്ഛനെയും അമ്മയെയും സഹായിക്കണം. ഈ ജോലി തിരഞ്ഞെടുത്തതിനുള്ള കാരണം ബബിതയും ബിജിതയും വിശദീകരിക്കുന്നു. കൂടെ പഠനത്തിനുള്ള ചെലവും കണ്ടെത്തണം. ഇപ്പോള്‍ ആവശ്യത്തിന് വരുമാനമുണ്ട്. ജീവിതം സുഖകരം-ഇരുവരും പറയുന്നു. ഒരു തെങ്ങില്‍ കയറിയാല്‍ 15രൂപകിട്ടും. ഒരുദിവസം 30 മുതല്‍ 50വരെ തെങ്ങില്‍ വരെ കയറും. രാവിലെ 6 മുതല്‍ 8 മണിവരെ തേങ്ങ പറിക്കല്‍, അതിന് ശേഷം കോളേജ് എന്നതാണ് ബിജിതയുടെ പതിവ്. ഒഴിവ് ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലിക്കായി കണ്ടെത്തുന്നു. മിമിക്രിയിലും ചെണ്ടമേളത്തിലും കോളേജിലെ താരമാണ് ബിജിത. നാടന്‍പാട്ടില്‍ കണ്ണൂര്‍ സര്‍വ്വകലാശാല തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. ചേച്ചി ബബിത പഠനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

കമ്പ്യൂട്ടര്‍ അക്കൗണ്ടിങും ഡി.ടി.പിയും വശമുള്ള ബബിത ഡിഗ്രി പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്. നാളികേര വികസന ബോര്‍ഡും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും ചേര്‍ന്ന് നടത്തിയ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിപാടിയിലാണ് തെങ്ങ് കയറ്റവും തെങ്ങ് രോഗചികിത്സയും ഇവര്‍ പഠിച്ചത്. നാളികേര വിദഗ്ദ്ധയെന്ന സാക്ഷ്യപത്രവും അധികൃതര്‍ ഇവര്‍ക്ക് നല്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന പിന്തുണ ഈ രംഗത്ത് ഉത്സാഹം തരുന്നതായി ഇവര്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും പിന്തുണ നല്കുന്നുണ്ട്. തെങ്ങ് ചതിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം-ഇരുവരും പറഞ്ഞുനിര്‍ത്തുന്നു.


Stories in this Section