പോഷകസമൃദ്ധം ചിപ്പിക്കൂണുകള്‍

Posted on: 28 Dec 2011


പോഷകസമൃദ്ധവും ഔഷധഗുണങ്ങള്‍ ഏറെയുള്ളതുമായ കുമിളുകളാണ് കൂണ്‍. പ്രോട്ടീനും വൈറ്റമിനും ധാതുലവണവും ധാരാളം അടങ്ങിയുട്ടുള്ള കൂണുകളുടെ വളര്‍ച്ചയ്ക്ക് വളരെ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത
്.


ചിപ്പിക്കൂണ്‍, പാല്‍കൂണ്‍ എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന ഭക്ഷ്യയോഗ്യമായ കൂണുകള്‍. കൂണ്‍ കൃഷിക്ക് വളരെ കുറച്ച് മുതല്‍മുടക്ക് മതി. അതുകൊണ്ട്, കേരളത്തിലെ വീട്ടമ്മമാര്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ് കൂണ്‍.പ്ലൂട്ടോസ് അഥവാ ഓയിസ്റ്റര്‍ മഷ്‌റൂം എന്ന പേരില്‍ അറിയപ്പെടുന്ന ചിപ്പിക്കൂണുകളാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്.

വയ്‌ക്കോല്‍, അറക്കപ്പൊടി, ചകിരിച്ചോര്‍, വാഴപ്പോള എന്നീ ജൈവ മാദ്ധ്യമങ്ങളില്‍ കൂണ്‍ വളര്‍ത്താവുന്നതാണ്. എന്നാല്‍, വയ്‌ക്കോലില്‍ വളരുമ്പോഴാണ് കൂണില്‍നിന്ന് കൂടുതല്‍ വിളവ് ലഭ്യമാകുന്നത്. നല്ലതുപോലെ ഉണങ്ങിയ പുതിയ വയ്‌ക്കോല്‍ അണുനശീകരണം നടത്തി വേണം കൃഷിക്ക് ഉപയോഗിക്കാന്‍.

അണുനശീകരണം നടത്തുന്നതിനായി വയ്‌ക്കോല്‍ 12 മണിക്കൂറോളം വെള്ളത്തില്‍ മുക്കിവയ്ക്കണം. പിന്നീട്, വയ്‌ക്കോല്‍ വെള്ളത്തില്‍ നിന്ന് വാരി, വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം നന്നായി പോയശേഷം വീണ്ടും അണുനശീകരണം നടത്തണം.

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ വയ്‌ക്കോല്‍ ഇട്ട് 45 മിനിട്ടോളം തിളപ്പിച്ചോ, ആവി കയറ്റിയോ അണുനശീകരണം നടത്താവുന്നതാണ്. പിന്നീട്, വയ്‌ക്കോല്‍ വൃത്തിയുള്ള തറയില്‍ നിരത്തി ഉണക്കണം.

വിത്ത് പാകല്‍

വിത്ത് പാകാന്‍ പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ ഉപയോഗിക്കാം. വിത്ത് എടുക്കന്നതിന് മുന്‍പ് കൈകളും ഉപയോഗിക്കാനെടുക്കുന്ന പാത്രങ്ങളും വൃത്തിയായി കഴുകണം.

വിത്ത് ഒരു പാത്രത്തില്‍ എടുത്ത് കട്ടിയായിരിക്കുന്ന വിത്തിനെ കൈകൊണ്ട് പൊടിച്ച് വേര്‍തിരിക്കണം. കൂണ്‍ നിറയ്ക്കാന്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂടിന് 10-15 ദ്വാരങ്ങള്‍ ഇടണം. കവറില്‍ ആദ്യം 5 സെ.മീ. കനത്തില്‍ വയ്‌ക്കോല്‍ ചുരുട്ടി വയ്ക്കണം. ഇത് കവറില്‍ ഉറപ്പിച്ചശേഷം വിത്തുകള്‍ വയ്‌ക്കോല്‍ചുരുട്ടുകളുടെ അരികുകളില്‍ ഇട്ടുകൊടുക്കണം.

ഇപ്രകാരം വയ്‌ക്കോലും വിത്തും കവറില്‍ നിറച്ച് കൂടിന്റെ മുകള്‍വശം കെട്ടണം.ഇവ, ഇരുട്ടും തണുപ്പും അണുനശീകരണം നടത്തിയിട്ടുമുള്ള മുറിയില്‍ കെട്ടിത്തൂക്കുകയോ സ്റ്റാന്‍ഡുകളില്‍ വയ്ക്കുകയോ ചെയ്യണം. മുറിയിലെ കാലാവസ്ഥ കൂണിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണെങ്കില്‍ 10-15 ദിവസംകൊണ്ട് വളര്‍ച്ച പൂര്‍ത്തിയാകും.വെള്ളനിറത്തില്‍ തന്തുക്കള്‍ വയ്‌ക്കോലില്‍ നിറഞ്ഞുകഴിയുമ്പോള്‍ ഇവയെ പ്രകാശമുള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലേക്ക് മാറ്റാം. ഈര്‍പ്പമുള്ള മുറിയാണ് ഇതിന് അനുയോജ്യം.

മുറിയില്‍ തണുപ്പ് കുറവാണെങ്കില്‍ വശങ്ങളില്‍ ചാക്ക് നനച്ച് കെട്ടിത്തൂക്കാവുന്നതാണ്. രണ്ടു ദിവസത്തിന് ശേഷം ബെഡ്ഡുകളില്‍ വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കണം. ഏകദേശം 4-5 ദിവസം കഴിയുമ്പോഴേക്കും കൂണ്‍മൊട്ടുകള്‍ ബെഡ്ഡില്‍ പ്രത്യക്ഷപ്പെടും.
മൊട്ടുകള്‍ 2-3 ദിവസംകൊണ്ട് വിരിഞ്ഞുവരും. കവറിന് പുറത്തേക്ക് കൂണ്‍ വിരിഞ്ഞുകഴിഞ്ഞാല്‍ മുറിച്ച് എടുക്കാവുന്നതാണ്. വിളവെടുപ്പിന് ശേഷം ബെഡ്ഡ് നനച്ചുകൊടുക്കണം.ഒരു കവറില്‍ നിന്ന് ഏകദേശം അരക്കിലോ മുതല്‍ ഒരു കിലോ വരെ കൂണ്‍ ലഭ്യമാകും.


Stories in this Section