മണ്ണറിഞ്ഞ് വിത്തെറിയാം
Posted on: 07 Dec 2011

സസ്യങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും ഏററവും അടിസ്ഥാനപരമായ ഘടകമാണ് ഫലഭൂയിഷ്ടമായ മണ്ണ്. ശരിയായ വളപ്രയോഗത്തിലൂടെ മാത്രമേ ഓരോ വിളയില്‍ നിന്നും പ്രതീക്ഷിച്ച വിളവ് ലഭിക്കുകയുള്ളൂ. മണ്ണു പരിശോധന കൂടാതെയാണ് പല കര്‍ഷകരും വളപ്രയോഗം നടത്തുന്നത്. എന്നാല്‍, ഈ രീതി എല്ലാ വിളകള്‍ക്കും എപ്പോഴും ഫലപ്രദമായിരിക്കണമെന്നില്ല. അതിനാല്‍, കൃഷിയാരംഭിക്കുന്നതിന് മുന്‍പുതന്നെ മണ്ണുപരിശോധന നടത്തണം.
മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം
പരിശോധനയ്ക്ക് എടുക്കുന്ന മണ്ണ് കൃഷിസ്ഥലത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നതായിരിക്കണം. മണ്ണ് സാമ്പിള്‍ ശേഖരിക്കുന്ന പ്രദേശം ഒന്നോ രണ്ടോ പ്രാവശ്യം സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. മണ്ണിന്റെ നിറം, തരം, കൃഷിരീതി, നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ ഇവയെല്ലാം ഒത്തുവന്നാല്‍ മാത്രമെ ആ പ്രദേശത്തെ മണ്ണ് ഒരു യൂണിറ്റായി കണക്കാക്കി പരിശോധനയ്ക്ക് ശേഖരിക്കാവൂ.വളക്കൂനകള്‍, കമ്പോസ്റ്റ് കൂനകള്‍, കന്നുകാലിത്തൊഴുത്ത്, എലിമാളങ്ങള്‍, വൃക്ഷങ്ങളുടെ തടങ്ങള്‍, ചെളിപ്രദേശങ്ങള്‍, മരങ്ങള്‍ നിന്നിരുന്ന കുഴികള്‍, അടുത്തകാലത്ത് വളം ചെയ്ത പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് മണ്ണ് എടുക്കരുത്.
സാമ്പിളുകള്‍ ശേഖരിക്കുന്ന വിധം
മണ്ണ് സാമ്പിള്‍ എടുക്കുന്ന സ്ഥലത്തെ പുല്ലും ഉണങ്ങിയ ഇലകളും മറ്റും നീക്കം ചെയ്ത്‌വൃത്തിയാക്കണം. വൃത്തിയാക്കിയ സ്ഥലത്ത് v ്്ആകൃതിയില്‍ വേണം മണ്ണ് വെട്ടിയെടുക്കാന്‍. വാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് 15 സെ.മി. മേല്‍മണ്ണാണ് പരിശോധനയ്‌ക്കെടുക്കേണ്ടത്. v ആകൃതിയുടെ ചരിഞ്ഞ വശത്തുനിന്ന് ഒന്നോ ഒന്നരയോ ഇഞ്ച് കനത്തില്‍ ഒരുപാളി മണ്ണ് അരിഞ്ഞെടുക്കണം.ഒരേക്കറില്‍ നിന്ന് എട്ട് മുതല്‍ 10 വരെ സാമ്പിളുകള്‍ ശേഖരിച്ച ശേഷം എല്ലാംകൂടി ചേര്‍ത്ത് ഒരു കൂട്ടുസാമ്പിള്‍ ഉണ്ടാക്കണം. സാമ്പിള്‍ എടുക്കുമ്പോള്‍ ഒരേ ദിശയില്‍ നിന്നുതന്നെ മണ്ണെടുക്കാതെ ഇടത്തും വലത്തും മാറി മാറി നടന്ന് മണ്ണ് ശേഖരിക്കണം.
പലസ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണ്ണ് നന്നായി കൂട്ടിക്കലര്‍ത്തി അതില്‍ നിന്ന് കല്ലുകളും ചെടികളുടെ അവശിഷ്ടങ്ങളും നീക്കണം. പിന്നീട്, പോളിത്തീന്‍ ഷീറ്റിലോ, കടലാസിലോ മണ്ണ് കൂനകൂട്ടി നാല് സമഭാഗങ്ങളായി ഭാഗിച്ച് രണ്ട് എതിര്‍ഭാഗങ്ങള്‍ മാത്രം എടുക്കണം. ഇപ്രകാരം ചതുര്‍വിഭജന പ്രക്രിയയിലൂടെ 200 ഗ്രാമായി മണ്ണ് നിജപ്പെടുത്തണം.
ഇങ്ങനെ തയ്യാറാക്കിയ സാമ്പിള്‍ വൃത്തിയുള്ള തറയിലോ കടലാസിലോ നിരത്തി തണലില്‍ ഉണക്കണം. ഉണങ്ങിയ മണ്ണ് സാമ്പിള്‍ തുണി സഞ്ചിയിലോ പ്ലാസ്റ്റിക് സഞ്ചിയിലോ നിറച്ച് ലാബോറട്ടറിയിലേക്ക് അയയ്ക്കാം.ശേഖരിച്ച് ആറുമാസത്തിനുള്ളില്‍ തന്നെ മണ്ണ് പരിശോധനയ്ക്ക് അയയ്ക്കണം.
രേഖപ്പെടുത്തേണ്ട വിവരങ്ങള്‍
1. കര്‍ഷകന്റെ പേരും
വിലാസവും
2. പഞ്ചായത്ത്, വില്ലേജ്
3. കൃഷിസ്ഥലത്തിന്റെ
വിസ്തൃതി
4. സാമ്പിള്‍ എടുത്ത തീയതി
5. കൃഷി ചെയ്യാന്‍
ഉദ്ദേശിക്കുന്ന വിള
6. തൊട്ടുമുന്‍പ് കൃഷി
ചെയ്തിരുന്ന വിളയും,
വളപ്രയോഗവും.
7. കൃഷിക്കുള്ള
വെള്ളത്തിന്റെ മാര്‍ഗം.
8. സ്ഥലത്തിന്റെ കിടപ്പ്
9. നീര്‍വാഴ്ചാ സൗകര്യം
മണ്ണ് പരിശോധനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എറണാകുളത്തുള്ള ഞാറയ്ക്കല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍:0484 -2492450, 9895523463