ഹരിപ്പാട്: ബാബുവിന്റെ നായ്ക്കുട്ടി അപ്പുവിന്റെ ഇഷ്ടവിനോദം പശുക്കളെ മേയ്ക്കലാണ്. രാവിലെ വീട്ടില്‍നിന്ന് പശുവിനെ കയറില്‍ കടിച്ചുപിടിച്ച് ഇറങ്ങുന്ന അപ്പു പുല്ലുള്ളസ്ഥലത്ത് പശുവിനെ എത്തിക്കും. ഉച്ചയോടെ പശുക്കളെ ഒന്നൊന്നായി തിരികെവീട്ടിലുമെത്തിക്കും. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലെ ഡാണാപ്പടി വേലിയില്‍ വടക്കതില്‍ ബാബുവിന്റെ വളര്‍ത്തുനായയാണ് അപ്പു.
മൂന്ന് പശുക്കളാണ് ബാബുവിനുള്ളത്. ഇവയുടെ പരിപാലനത്തില്‍ തന്നേക്കാള്‍ ഉത്തരവാദിത്വം അപ്പുവിനാണെന്ന് ബാബു പറയുന്നു.
പശുക്കളെ തൊഴുത്തില്‍നിന്ന് പുറത്തിറക്കുമ്പോള്‍ അപ്പു ഓടിയെത്തും. കയറില്‍ കടിച്ചുപിടിച്ച് പശുവിന്റെ ചുമതലയേറ്റെടുക്കും. തുടര്‍ന്ന് വീടിന് പുറത്തേക്ക് നടന്നിറങ്ങുന്ന പശുവിനുപിന്നാലെ ഉടമയുടെ ഗൗരവത്തോടെ നടക്കും. പശു ഇടയ്ക്ക് നിന്നുപോയാല്‍ അപ്പു ചെറുതായി കുരയ്ക്കും. ഇതോടെ പശു വേഗംനടന്ന് പുല്ലുള്ളഭാഗത്ത് എത്തി നില്കും. പിന്നാലെവരുന്ന ബാബു പശുവിനെ കെട്ടും. ഉടന്‍ തിരികെ വീട്ടില്‍ ഓടിയെത്തുന്ന അപ്പു തൊഴുത്തിന് സമീപം നില്‍ക്കും. ബാബുവിന്റെ ഭാര്യ കൊച്ചുമോള്‍ മറ്റൊരുപശുവിനെ അഴിച്ചു കൊടുത്താല്‍ അതിനെയും റോഡരികിലെത്തിക്കും.
ഇടയ്ക്കിടെ പശുക്കളുടെ അടുത്ത് ഓടിപ്പോകും. ഉച്ചയോടെ ബാബു പശുക്കളെ അഴിക്കാന്‍ പോകുമ്പോള്‍ അപ്പു മുമ്പിലുണ്ടാകും. അപ്പോഴും പഴയജോലി ആവര്‍ത്തിക്കും. വീടിനടുത്തെ പറമ്പില്‍നിന്ന് ബാബു എടുത്തു വളര്‍ത്തിയ നാടന്‍ഇനത്തിലെ നായക്കുട്ടിയാണ് വീട്ടില്‍ പശുക്കളുടെ കാവലാളായിരിക്കുന്നത്. കുഞ്ഞായരിക്കുമ്പോള്‍ മുതല്‍ പശുക്കള്‍ക്കൊപ്പം കളിച്ചുവളര്‍ന്ന അപ്പു പശുക്കളെ മേയാന്‍വിടുമ്പോള്‍ ഒപ്പം കൂടാറുണ്ടായിരുന്നു. ഇങ്ങനെ ഒരുദിവസം ബാബു പശുവിന്റെ കയര്‍ അപ്പുവിന് നേരെ നീട്ടി. കയര്‍ കടിച്ചുപിടിച്ച് പശുവിന് പിന്നാലെ വീട്ടിലേക്ക് നടന്നു. പിന്നീടിത് പതിവായി. പശുക്കള്‍ അനുസരണയുള്ള കുട്ടികളെപ്പോലെയാണ് അപ്പുവിനൊപ്പം പോകുന്നത്.