ക്ഷീര വിപ്ലവം

Posted on: 06 Dec 2011

വി. യു. മാത്യുക്കുട്ടി



ജറമിയാസ് ഡയറി ഫാം

ജോലിക്കാരന്‍:ഹാ അവിടെ പരസ്യം ഒട്ടിക്കല്ലേ... പശു തിന്നും. ഹേ പരസ്യക്കാരാ... ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:താന്‍ എവിടുത്തുകാരനാ? ഞാന്‍ ഈ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാ. ജോലിക്കാരന്‍:ഓ ക്ഷമിക്കണം. ഹെല്‍ത്ത് കണ്ടിട്ട് തോന്നിയില്ല. മാത്യൂസ്:എന്താ സാര്‍ ഇത്?

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:
സ്റ്റോപ്പ് മെമ്മോയാ... ഒരാഴ്ചയ്ക്കകം ഈ ഫാം പൂട്ടണം.

മാത്യൂസ്:
പൂട്ടാനോ.... എന്തുപറ്റി? ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:ജലമലിനീകരണം, ശബ്ദശല്യം, സ്‌മെല്‍.... ഈ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിങ്ങളുടെ അയല്‍ക്കാരന്‍ ചാണ്ടി പെറ്റീഷന്‍ തന്നിട്ടുണ്ട്. ജറമിയാസ് ചേട്ടന്‍:ഈ ആലുവാ ചാണ്ടിയും ഞങ്ങളും തമ്മിലുള്ള ഉടക്ക് സാറിനറിയാവുന്നതല്ലേ. ഇത് അയാള്‍ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ചെയ്യുന്നതാ. അത് വിശ്വസിച്ച് സാര്‍ ഇങ്ങനെ...

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:
നിങ്ങള്‍ തമ്മിലുള്ള ഉടക്കൊന്നും എനിക്കറിയണ്ട. പെറ്റീഷന്‍ കിട്ടിയാല്‍ അതിന് ആക്ഷനെടുക്കാതിരിക്കാന്‍ പറ്റില്ല.

മാത്യൂസ്:
സാര്‍.... സാര്‍ അങ്ങനെ പറയരുത്. ഒരു കംപ്ലയിന്റ് കിട്ടിയെന്നുവെച്ചിട്ട് സാറിന് കണ്ട് ബോധിക്കണ്ടേ. ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോ... സാര്‍ നോക്കിയാട്ടെ...

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:
നോക്കാന്‍ ഒരാഴ്ച കഴിഞ്ഞ് ഞാന്‍ വരുന്നുണ്ട്. അന്ന് ഈ ഫാം ഇവിടെ കാണരുത്.

മാത്യൂസ്:
സാര്‍... സാര്‍... ചങ്കില്‍കൊള്ളുന്ന വര്‍ത്തമാനം പറയരുത്. ഈ ഫാം പൂട്ടുകയെന്നു വെച്ചാല്‍ ഞങ്ങളുടെ ജീവനെടുക്കുന്നതിനു തുല്യമാണ്. ഈ ഫാം കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. ഉപകാരമേ ഉണ്ടായിട്ടുള്ളു. അത് സാര്‍ മനസിലാക്കണം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
:എടോ ഞാന്‍ മനസിലാക്കിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. നാട്ടുകാര്‍ മുഴുവന്‍ തനിക്കെതിരാണ്.

മാത്യൂസ്:
സാര്‍...

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍:
പിന്നെ ആലുവാ ചാണ്ടിയെപ്പോലൊരാളെ പിണക്കിയിട്ട് തനിക്കീ പ്രസ്ഥാനം നടത്തിക്കൊണ്ടുപോകാനാവില്ല.

മാത്യൂസ്:
ഫാം ഇല്ലാതായാല്‍ നമ്മള്‍ ഇവിടുന്ന് നാടുവിടുമെന്നാണ് ചാണ്ടിയുടെ വിചാരം. ഇവിടെ പിന്നെ കോടതിയും നിയമവുമൊക്കെ എന്തിനാണ്. ഫാം പൂട്ടും പോലും. ആര് വിചാരിച്ചാലും അത് നടക്കില്ല. അമ്മ ധൈര്യമായിട്ടിരിക്ക്. നമുക്ക് കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിക്കാം.
** ** ** **

ഇത് സിനിമ. പേര്: ഇവിടം സ്വര്‍ഗമാണ്. സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്. തിരക്കഥ: ജെയിംസ് ആല്‍ബര്‍ട്ട്. പ്രധാന കഥാപാത്രമായ മാത്യൂസ് എന്ന മാത്തച്ചന്‍ എന്ന മത്തായിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. മണ്ണിനെയും കൃഷിയെയും പശുക്കളെയുമൊക്കെ സ്‌നേഹിക്കുന്ന യഥാര്‍ഥ കര്‍ഷകന്‍. പിതാവ് ജറമിയാസി(തിലകന്‍)ന്റെ പേരാണ് ഫാമിന്. പ്രായമായെങ്കിലും ജറമിയാസും കൃഷിയില്‍ സക്രിയമാണ്. ഫാം എങ്ങനെയെങ്കിലും പൂട്ടിച്ച് 'പുഴ ഫ്രണ്ടേജാ'യിട്ടുള്ള ഭൂമി തട്ടിയെടുക്കാനെത്തിയ വില്ലനാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ ആലുവാ ചാണ്ടി. കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് ലാലു അലക്‌സ്. ടൗണ്‍ഷിപ്പെന്ന ചാണ്ടിയുടെ പ്രലോഭനത്തില്‍ നാട്ടുകാര്‍ മുഴുവന്‍ വീണെങ്കിലും മാത്യൂസ് മാത്രം ഒറ്റയ്ക്കു പിടിച്ചുനിന്നു. അയാളെയും വീഴിക്കാനുള്ള അടവാണ് പഞ്ചായത്തില്‍ നല്‍കിയ പരാതി.

ഇനി ജീവിതം - ചെറുതാഴം അമ്പലം റോഡ് കൃഷ്ണവേണിയില്‍ രശ്മി എം. വര്‍മ്മയുടെ ഗ്രീന്‍ഗ്രോണ്‍ ഡയറി ആന്‍ഡ് അഗ്രി ഫാമില്‍ അമ്പതിലധികം പശുക്കളുണ്ട്. ജഴ്‌സി, ഹോള്‍സ്‌റ്റെയിന്‍ ഫ്രീഷ്യന്‍, കാങ്കയന്‍ ക്രോസ് തുടങ്ങിയ അത്യൂത്പാദന ശേഷിയുള്ള ഇനങ്ങള്‍ക്കുപുറമെ കാസര്‍കോട് കുള്ളന്‍ പശുക്കളുമുണ്ട്. ദിവസം മുന്നൂറ് ലിറ്ററിലധികം പാല്‍ ഫാമില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് രശ്മി പറഞ്ഞു. ലിറ്ററിന് 32 രൂപ നിരക്കില്‍ പാല്‍ കുപ്പികളില്‍ നിറച്ച് നേരിട്ട് വീടുകളിലെത്തിക്കും. ജനത മില്‍ക്ക് വിപണിയിലെത്തിക്കുന്ന വെള്ളൂരിലെ ജനത ചാരിറ്റബിള്‍ സൊസൈറ്റിക്ക് മിക്കദിവസങ്ങളിലും നൂറ്‌ലിറ്റര്‍ പാല്‍ വരെ നല്‍കുന്നുണ്ട്. ഗ്രീന്‍ ഗോള്‍ഡ് തൈരും ഫാമില്‍നിന്നുള്ള ഉത്പന്നമാണ്. രശ്മിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെറുതാഴം സെന്ററിലെ നവമി ട്രേഡിങ് സെന്ററിലും അമ്പലം റോഡിലെ നവമി സ്‌റ്റോഴ്‌സിലും ഫാമില്‍നിന്നുള്ള പാലും പാല്‍ ഉത്പന്നങ്ങളും ലഭിക്കും.

രശ്മിക്കാണ് ഫാമിന്റെ മേല്‍നോട്ടം. ഭര്‍ത്താവ് മാങ്ങാട്ടുപറമ്പ് കെ. എ. പി. നാലാം ബറ്റാലിയനിലെ എസ്. ഐ. പി. കെ. രാജശേഖര വര്‍മയും സഹായിക്കും. മക്കളായ പൃഥ്വിരാജ് വര്‍മ പിലാത്തറ അരവിന്ദ് വിദ്യാലയത്തില്‍ ഏഴിലും വിശ്വജിത്ത് വര്‍മ അഞ്ചിലും പഠിക്കുന്നു. ഇളയവളായ നവമി വര്‍മ്മ പ്ലേസ്‌കൂളിലാണ്. മക്കള്‍ക്കും പശുവളര്‍ത്തലില്‍ കമ്പം തന്നെ. പൃഥ്വിരാജ് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഉണര്‍ന്ന് പാല്‍ വിതരണവും കഴിഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്.

2006 നവംബറിലാണ് ഫാം പ്രവര്‍ത്തനം തുടങ്ങിയത്. 2002-ല്‍ ഭര്‍ത്താവിന് ഔദ്യോഗിക രംഗത്തുണ്ടായ തിരിച്ചടിയെത്തുടര്‍ന്നാണ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്. ഒരു പശുവുമായിട്ടായിരുന്നു തുടക്കം. അന്ന് പശുവളര്‍ത്തല്‍ മാത്രമായിരുന്നു കുടുംബത്തിനുള്ള ഏക വരുമാനം. ഇതിനിടെ സ്വന്തം സ്ഥലത്തോട് ചേര്‍ന്ന് ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പുല്‍കൃഷിയും തുടങ്ങി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ ഡിപ്ലോമ നേടിയിട്ടുള്ള രശ്മി പയ്യന്നൂര്‍, മാടായി ബി. ആര്‍. സികളില്‍ റിസോഴ്‌സ് അധ്യാപികയായിരുന്നു. ഫാം വളര്‍ന്നതോടെ 2009-ല്‍ ഈ ജോലി മതിയാക്കി. ഡയറി ഫാമിനൊപ്പം പച്ചക്കറി കൃഷിയും വാഴകൃഷിയുമുണ്ട്. അതിയടത്ത് ആയിരം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. പൈനാപ്പിള്‍ കൃഷിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തി. ഫാമിലെ പണികള്‍ക്കും മറ്റുമായി അഞ്ച് സ്ഥിരം തൊഴിലാളികളുമുണ്ട്.

ഡയറി ഫാമില്‍ നിലവിലുള്ള മൂന്ന് ഷെഡുകള്‍ക്കു പുറമെ രണ്ട് ഷെഡുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ചാണകവും തൊഴുത്തില്‍നിന്നുള്ള മൂത്രവും പശുക്കളെ കുളിപ്പിക്കുമ്പോഴുള്ള വെള്ളവും സൂക്ഷിക്കാന്‍ പ്രത്യേകം ടാങ്കുകളുണ്ട്. മൂത്രവും വെള്ളവും കൂടി ദിവസവും പമ്പുചെയ്ത് ടാങ്കില്‍ നിറച്ച് കൃഷിയാവശ്യത്തിന് കൊണ്ടുപോകും. നാല് ക്യുബിക് മീറ്ററിന്റെ ബയോഗ്യാസ് പ്ലാന്റുമുണ്ട്. പാചകാവശ്യത്തിന് ഈ ബയോഗ്യാസാണ് ഉപയോഗിക്കുന്നത്. പ്ലാന്റില്‍ നിന്നുള്ള സ്ലറിയും ടാങ്കുകളില്‍ ശേഖരിച്ച് വളമായി ഉപയോഗിക്കുന്നു. ഫാമിലെ കിണറ്റില്‍നിന്നുള്ള വെള്ളമാണ് പാചകത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

ഒരു നോട്ടീസ്

'ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസക്കാരിയായ രശ്മി എം. വര്‍മ എന്നവര്‍ക്കെതിരെ കേരള ഗ്രാമപ്പഞ്ചായത്ത് ആക്ടിലെ 219 ഐ, ജെ. കെ. വകുപ്പുകള്‍ പ്രകാരം പുറപ്പെടുവിക്കുന്ന നോട്ടീസ്. താങ്കള്‍ 12-ാം വാര്‍ഡില്‍ നടത്തിവരുന്ന പശുവളര്‍ത്തല്‍ കേന്ദ്രത്തെപ്പറ്റി പരാതി ലഭിക്കുകയും പഞ്ചായത്തില്‍ കൂടിയ ആലോചനാ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിച്ച് താങ്കളും പരാതിക്കാരും ഒപ്പുവെക്കുകയും ചെയ്തതാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തുകയും രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സമയം നല്‍കിയതുമാണ്... ഒക്ടോബര്‍ 27-ന് നേരില്‍ നടത്തിയ അന്വേഷണത്തില്‍ താങ്കള്‍ പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പുകളെല്ലാം ലംഘിച്ചാണ് കച്ചവട ലാഭത്തിനുള്ള സ്ഥാപനം നടത്തുന്നതെന്ന് കാണുന്നു. താങ്കളുടെ പശുത്തൊഴുത്തില്‍ നിന്നുള്ള ചാണകവും മൂത്രവും കലര്‍ന്ന വെള്ളം മതിലിനപ്പുറത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായാണ് കണ്ടത്... ജനനിബിഢമായ പ്രദേശത്ത് അനവധി പശുക്കള്‍ ഉള്ള തൊഴുത്ത് നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യപൗരബോധത്തെപ്പറ്റി യോഗത്തിലും പിന്നീട് അയച്ച നോട്ടീസുകളിലും പ്രതിപാദിച്ചിരുന്നു. ഇവയൊന്നും നടപ്പിലാക്കാതെ നടത്തുന്ന പശുത്തൊഴുത്ത് നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം അടച്ചുപൂട്ടുകയും മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കാനും അറിയിക്കുന്നു. വീഴ്ചവരുത്തുന്നപക്ഷം 219എസ് വകുപ്പ് പ്രകാരം താങ്കള്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതും മറ്റ് നിയമനടപടികള്‍ക്ക് വിധേയനാക്കുന്നതുമായിരിക്കും.'
- സെക്രട്ടറി, ചെറുതാഴം ഗ്രാമപ്പഞ്ചായത്ത്


'ജറമിയാസ് ഫാം' പോലെ ഗ്രീന്‍ ഗ്രോണ്‍ ഡയറി ഫാമും നാട്ടുകാര്‍ക്ക് ശുദ്ധമായ പാലും കൃഷിയിടത്തിലേക്ക് നല്ല ജൈവ വളവും ഉത്പാദിപ്പിച്ച് മുന്നേറുന്നതിനിടെയാണ് എവിടെയൊക്കെയോ പ്രശ്‌നങ്ങള്‍ പൊട്ടിമുളച്ചത്. 2010 നവംബറിലാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് രശ്മി ഓര്‍മിക്കുന്നു. ഫാം പരിസര മലിനീകരണമുണ്ടാക്കുന്നുവെന്നും ചാണകത്തിന്റെ മണമുണ്ടെന്നുമായിരുന്നു പരാതി. കാലികള്‍ക്ക് തീറ്റയായി നല്‍കുന്ന ബീര്‍ വേസ്റ്റ് ദുര്‍ഗന്ധമുണ്ടാക്കുന്നതായാണ് മറ്റൊരു പരാതി.

നാലുവര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിച്ച ഫാമിനേക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.കഴിഞ്ഞ ജനവരിയില്‍ ഫാമിലുണ്ടായിരുന്ന 15 താറാവുകളെ സാമൂഹിക വിരുദ്ധര്‍ കൊന്നുകളഞ്ഞതായും രശ്മി പറഞ്ഞു. ഫാമിനെതിരെ കര്‍മസമിതിയും രംഗത്തെത്തി. കര്‍മസമിതി ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഡി. എം. ഒയ്ക്കുമെല്ലാം പരാതിയും നല്‍കി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആദ്യം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയുടെയും നോട്ടീസ്.

പഞ്ചായത്ത് പറയുന്നത്

പ്രദേശവാസികള്‍ കര്‍മ്മസമിതി രൂപവത്കരിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഫാമിന് നോട്ടീസ് നല്‍കിയതെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സി. എം. വേണുഗോപാലന്‍ പറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധമാണെന്നും മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാതെയാണ് ഫാം നടത്തുന്നതെന്നുമാണ് പരാതി. ഫാമില്‍നിന്നുള്ള ചാണകവും മൂത്രവുമുള്‍പ്പെടെയുള്ള മാലിന്യം സമീപത്തെ വയലില്‍ കെട്ടിനില്‍ക്കുന്നു. കൃഷി ചെയ്യാന്‍ പോലുമാവാത്ത സ്ഥിതിയാണ്. കിണറുകളെയും ബാധിച്ചു. ഇവിടെ നിന്ന് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകു ശല്യവുമുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പരിശോധന നടത്തിയിരുന്നു. പശുക്കള്‍ക്ക് ഭക്ഷണമായി ബീര്‍ വേസ്റ്റ് നല്‍കുന്നതാണ് ചാണകത്തിന് ദുര്‍ഗന്ധം രൂക്ഷമാകാന്‍ കാരണം. മുമ്പ് ഇവിടെ നിന്ന് മറ്റു ക്ഷീരകര്‍ഷകരും ബീര്‍ വേസ്റ്റ് വാങ്ങിയിരുന്നെങ്കിലും ചാണകത്തിന്റെ ദുര്‍ഗന്ധം കാരണം അവരും ഇത് വാങ്ങുന്നത് നിര്‍ത്തി. സാധാരണ കാലിത്തീറ്റ കൊടുത്ത് ഫാം നടത്തുന്നതിന് ആരും എതിരല്ല. പരിസരവാസികള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ സംവിധാനങ്ങളൊരുക്കിയ ശേഷമേ ഫാം നടത്താന്‍ പാടുള്ളുവെന്ന് വ്യക്തമാക്കിയാണ് ഫാമിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍മസമിതിക്കും പറയാനുണ്ട്

മാലിന്യപ്രശ്‌നവും ബീര്‍വേസ്റ്റിന്റെ ദുര്‍ഗന്ധവും കാരണമാണ് ഫാമിനെതിരെ പരാതി നല്‍കിയതെന്ന് കര്‍മസമിതി കണ്‍വീനര്‍ വി. മോഹനന്‍ പറഞ്ഞു. വീട്ടില്‍ അതിഥികള്‍ വന്നാല്‍ അഭിമുഖീകരിക്കാന്‍ വരെ പ്രയാസമാണ്. ഫാം നടത്തുന്നതുപോലെ തന്നെ ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള അവകാശം പരിസരവാസികള്‍ക്കുമുണ്ട്. മലിന ജലം തീറ്റപ്പുല്ലിന് തളിക്കുമ്പോഴും ദുര്‍ഗന്ധമുണ്ട്. ഫാമിനെതിരെ ചെറുതാഴം പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഫാം ഉടമ ധിക്കാരപരമായാണ് പെരുമാറുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഡി. എം. ഒയ്ക്കും കളക്ടര്‍ക്കുമെല്‌ലാം പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉടമയ്ക്ക് മറുപടിയുമുണ്ട്

ഫാം മലിനീകരണമുണ്ടാക്കുന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്ന് രശ്മി പറയുന്നു. ഫാമില്‍നിന്ന് പാലിനുപുറമെ ലഭിക്കുന്ന ചാണകവും ഗോമൂത്രവും മാലിന്യമല്ല. നല്ല ജൈവ വളമാണ്. ജനസാന്ദ്രതയുള്ള സ്ഥലത്തല്ല ഫാം. ഉപയോഗിക്കുന്ന കിണറുകളൊന്നും മലിനമല്ല. വയലില്‍ തറനിരപ്പിലുള്ള ഒരു കിണറില്‍ ചെളിയും ചാണകവെള്ളവും നിറഞ്ഞിട്ടുണ്ട്. കനത്ത മഴയില്‍ ഫാമില്‍നിന്ന് ഒഴുകിപ്പോയ ചാണകം വയലില്‍ കെട്ടിക്കിടക്കുന്നതു മാത്രമാണ് ആകെയൊരു പ്രശ്‌നമെന്നു പറയാവുന്നത്. വയലില്‍ ചാണകവും ഗോമൂത്രവും കലരുന്നത് മാലിന്യമല്ലെന്നുമാത്രമല്ല വളവുമാണ്. ഫാമില്‍നിന്ന് ദുര്‍ഗന്ധമില്ലെന്നു മാത്രമല്ല കൊതുകുശല്യവുമില്ല. ബീര്‍ വേസ്റ്റ് കാലികള്‍ക്ക് നല്ല ആഹാരമാണ്. ചോളവും ബാര്‍ലിയും ഗോതമ്പുമൊക്കെയാണിതിലുള്ളത്. മംഗലാപുരത്തുനിന്ന് ലോറിയിലെത്തിക്കുന്ന ബീര്‍ വേസ്റ്റ് ശാസ്ത്രീയമായി സംസ്‌കരിച്ചാണ് ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ഇവ പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമാവും. മാത്രമല്ല ഒരു ലോഡ് ബീര്‍ വേസ്റ്റ് എത്തിയാല്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ല. ദുര്‍ഗന്ധമുണ്ടെങ്കില്‍ പശു തിന്നില്ലെന്നത് വേറെ കാര്യം. ഇക്കാര്യങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ഫാമില്‍ വന്നു പരിശോധിക്കാം. ഫാമിനെതിരെയുള്ള പ്രചാരണത്തിനുപിന്നില്‍ മറ്റു താത്പര്യങ്ങളാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഫാമില്‍ 25 ക്യുബിക് മീറ്റര്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് രശ്മി. ഇതുവഴി എട്ടു വീടുകളില്‍ ബയോഗ്യാസ് കണക്ഷന്‍ നല്‍കാനാവും. 25 കിലോവാട്ട് ശേഷിയുള്ള ഗ്യാസ് ജനറേറ്റര്‍ വാങ്ങാനും പദ്ധതിയുണ്ട്. ഫാമിലേക്കാവശ്യമുള്ള വൈദ്യുതി ഇതുവഴി ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാവും. ഇതോടെ ഫാമില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും പുറത്തുപോവുകയില്ലെന്ന് ഉറപ്പ്. ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് നല്‍കാനാവുന്നതിനു പുറമെ പത്തോളം കുടുംബങ്ങള്‍ ഫാമിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്നും ഓര്‍മിക്കണം- രശ്മി പറയുന്നു.

വെറ്ററിനറി ഡോക്ടര്‍ പറയുന്നു

പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കാനുള്ള മാലിന്യ പ്രശ്‌നങ്ങളൊന്നും ഫാമിലില്ലെന്ന് ഏഴോം വെറ്ററിനറി ആസ്പത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജയകുമാര്‍ പറഞ്ഞു. കനത്ത മഴയില്‍ അല്പം ചാണകവും മൂത്രവും വയിലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. ഇത് മാലിന്യമല്ലെന്ന് മാത്രമല്ല വളവുമാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്നതൊന്നും ഫാമിലില്ല. ബീര്‍ വേസ്റ്റ് ഡയറി ഫാമുകളിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്നതാണ്. കാലികള്‍ക്ക് നല്ല ഭക്ഷണമാണിത്. ജില്ലയിലെ തന്നെ മറ്റു പല ഫാമുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നൊന്നും പരാതി വന്നതായി അറിയില്ല. പുതിയ ബയോഗ്യാസ് പ്ലാന്റ് വരുന്നതോടെ മൂത്രവും തൊഴുത്തില്‍നിന്നുള്ള വെള്ളവും പൂര്‍ണമായും ഇതില്‍ ഉപയോഗിക്കാനാവും. ചെടികളും മരങ്ങളും വളര്‍ത്തി ഫാമിനു ചുറ്റും ഹരിത വേലി നിര്‍മിക്കുന്നതും നന്നാവും - അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നയം

ക്ഷീരോത്പാദനം പരമാവധി കൂട്ടാനുള്ള കഠിനാധ്വാനത്തിലാണ് ക്ഷീരവികസനവകുപ്പും സംസ്ഥാന സര്‍ക്കാരും. അതിനായിട്ട് പയറ്റാത്ത പയറ്റുകളൊന്നുമില്ല. വിദേശത്തുനിന്ന് അത്യുത്പാദന ശേഷിയുള്ള പശുക്കളെയും മൂരികളെയും കടല്‍ കടത്തി ഇവിടെയെത്തിക്കുകയും ക്ഷീര കര്‍ഷര്‍ക്കായി പല പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുകയുമെല്ലാം ചെയ്തു. എന്നാല്‍, ഓരോ കന്നുകാലി സര്‍വേ കഴിയുമ്പോഴും കാലിസമ്പത്തും പാല്‍ ഉത്പാദനവും താഴേക്കാണ്. മികച്ചതെന്ന് നാം കരുതുന്ന പാല്‍ പോലും പാല്‍പ്പൊടി കലക്കി നിര്‍മ്മിച്ചതാണെന്നറിയുമ്പോഴുള്ള ഞെട്ടല്‍ വേറെ. ഇവിടെയാണ് ദിവസവും നൂറുകണക്കിന് ലിറ്റര്‍ പാല്‍ സമൂഹത്തിന് ലഭ്യമാക്കുന്ന ഗ്രീന്‍ ഗ്രോണ്‍ ഡയറി ഫാമിന്റെയും മറ്റും പ്രസക്തി. പഞ്ചായത്ത് നല്‍കിയ പൂട്ടല്‍ നോട്ടീസിന് മറുപടി നല്‍കി കാത്തിരിക്കുകയാണ് രശ്മി എം. വര്‍മയും ഗ്രീന്‍ഗ്രോണിലെ പശുക്കളും.


Stories in this Section