പാലക് ചീര

Posted on: 03 Dec 2011

-രതീഷ് കല്യോട്ട്, (കാര്‍ഷിക കോളേജ്, വെള്ളായണി)



ബീറ്റാ വള്‍ഗാരീസ് എന്നാണ് പാലക് ചീരയുടെ നാമം. വടക്കേ ഇന്ത്യയില്‍ ശീതകാല പച്ചക്കറിവിളകളില്‍ ഒന്നാണിത്. എന്നാല്‍ കേരളത്തിലും പാലക്ചീര വളരെ നന്നായി വളരുന്നതായി കണ്ടുവരുന്നു. പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്കറി വിള ആയതുകൊണ്ട് വിപണിയില്‍ എത്രത്തോളം വില്പന നടക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കിവേണം വ്യാപകമായ രീതിയില്‍ കൃഷി ആരംഭിക്കാന്‍. എന്നാല്‍ വീട്ടിലേക്കാവശ്യമായവ വളരെ ലളിതമായിത്തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. മട്ടുപ്പാവിലെ ചെടിച്ചട്ടികളിലും ചാക്കിലും ഇവ നന്നായി വളരുന്നതായി കാര്‍ഷിക കോളേജ് വെള്ളായണിയിലെ പച്ചക്കറി വിഭാഗത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

കൃഷിരീതി:
ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളിലാണ് പാലക് ചീര കൃഷിചെയ്യാന്‍ ഉചിതം. തവാരണകള്‍ എടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് നന്നായി കിളച്ച് വിത്തുകള്‍ പാകാം. അല്ലെങ്കില്‍ വിപണിയില്‍ ലഭ്യമായ ട്രേകള്‍ ഉപയോഗിച്ചും വിത്തുകള്‍ പാകാം. വീട്ടിലെ ആവശ്യത്തിനുവേണ്ടി നടുന്ന വിത്തുകള്‍ പ്രേട്രേയില്‍ വളര്‍ത്തുന്നതും നന്ന്. (പ്രേട്രേയില്‍ നിറയ്ക്കുന്ന മാധ്യമം മണ്ണിര കമ്പോസ്റ്റും ചകിരിച്ചോര്‍ കമ്പോസ്റ്റും 3:1 അനുപാതം ) മുളച്ചുവന്ന തൈകള്‍ മുന്നാഴ്ചയ്ക്കുശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം. തൈകള്‍ 30 രൗ ന്ദ 30 രൗ അകലത്തില്‍ നടാം. വേനലില്‍ നട്ട തൈകള്‍ക്ക് ആദ്യത്തെ ഒരാഴ്ച വരെ തണല്‍ നല്‍കുന്നതും ദിവസേന മൂന്നോ നാലോ തവണ നനയ്ക്കുന്നതും അഭികാമ്യമാണ്.

ഇലകള്‍ ഒന്നര മുതല്‍ രണ്ടുമാസം കൊണ്ടുതന്നെ വിളവെടുക്കാം. മൂപ്പെത്തിയാല്‍ ഇലകള്‍ മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഓരോ വിളവെടുപ്പിനുശേഷവും അല്പം യൂറിയ ചുവട്ടില്‍ ഇട്ട് കൊടുക്കുകയോ അല്ലെങ്കില്‍ ഒരു ശതമാനം വീര്യത്തില്‍ യൂറിയ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചുകൊടുക്കുന്നതും ഇലകളുടെ വളര്‍ച്ച ത്വരപ്പെടുത്തും. ഇലകളില്‍ കാണുന്ന പുഴുവിനെതിരെ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ ഇരുവശത്തും സ്‌പ്രേ ചെയ്യുക.




Stories in this Section