-സി.കെ. ശശിചാത്തയില്‍
ശീതകാല പച്ചക്കറി കൃഷിയുടെ തൈകള്‍ തയ്യാര്‍. മലപ്പുറം പി.എഫ്. പി.സി.കെ.യുടെ കീഴിലുള്ള ചുങ്കത്തറ സ്വാശ്രയ കര്‍ഷകസമിതിക്ക് കീഴില്‍ ഒരു ലക്ഷത്തോളം തൈകളാണ് തയ്യാറായിട്ടുള്ളത്. കാബേജ്, കോളിഫ്ലവര്‍ തൈകളും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയുടെ വിത്തുകളും ഇവിടെ ഉണ്ട്. ഇതിനു പുറമെ നല്ലയിനം പച്ചക്കറിവിത്തുകളും വിതരണം ചെയ്യുന്നുണ്ട്.
ശീതകാല പച്ചക്കറി കൃഷിക്ക് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളും ഉതകുമെന്നതാണ് കൃഷി വ്യാപകമാകാന്‍ കാരണമായത്. കൃഷി ഒട്ടുമിക്ക സ്ഥലങ്ങളിലും വന്‍തോതില്‍ ലാഭം ലഭിക്കാന്‍ സഹായിച്ചതോടെ തൈകള്‍ക്കും ആവശ്യക്കാര്‍ ഏറി. ചുങ്കത്തറയ്ക്കു പുറമെ എളങ്കൂര്‍ സ്വാശ്രയ സംഘത്തിന്റെ കീഴിലും തൈകള്‍ തയ്യാറായിട്ടുണ്ട്. ഫ്യൂഡോമോണസ്, ചാണകപ്പൊടി, മണ്ണിരയും മണലും ചേര്‍ത്ത മിശ്രിതത്തിലാണ് തൈകള്‍ മുളപ്പിച്ചെടുത്തിട്ടുള്ളത്. ഇതിനാല്‍ ഇവയ്ക്ക് രോഗബാധയും കുറവാണ്. 80 ദിവസം മുതല്‍ 85 ദിവസം വരെയാണ് ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പുകാലം. കഴിഞ്ഞ വര്‍ഷം തന്നെ ശീതകാല പച്ചക്കറി കൃഷിയിലും തൈകളുടെ ഉത്പാദനത്തിലും മലപ്പുറം ജില്ല സംസ്ഥാനത്തിന് തന്നെ മാതൃക കാട്ടിയിരുന്നു. പഞ്ചായത്ത് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ചുങ്കത്തറ, മുട്ടിക്കടവ്, ആനക്കയം, പരപ്പനങ്ങാടി തുടങ്ങിയ വിത്ത് കൃഷി ഫാമുകളില്‍ ലക്ഷക്കണക്കിന് തൈകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നേരത്തേ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ വില്പനയ്ക്കായി കേരളത്തില്‍ എത്തിയിരുന്നത്. പതിനേഴ് മുതല്‍ പതിനെട്ട് തവണവരെ മരുന്നുതളിച്ചാണ് ഇവ എത്തുന്നത്.
രണ്ടു വര്‍ഷത്തിലേറെയായി മലയാളി ഇവ സ്വയം കൃഷിചെയ്യുകയാണ്. ഇപ്പോള്‍ പല വീടുകളിലും വീട്ടാവശ്യത്തിന് ശീതകാല പച്ചക്കറി കൃഷിചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495453774.