കേര കര്‍ഷകര്‍ക്കായി കേരോത്‌പാദക സംഘങ്ങള്‍

Posted on: 03 Dec 2011


നാളികേര വികസനബോര്‍ഡ് കേര കര്‍ഷകരെ സഹായിക്കാന്‍ നാളികേര ഉത്പാദകസംഘങ്ങള്‍ (സി.പി.എസ്.) രൂപവത്കരിക്കുന്നു. കൃഷിയില്‍ ശാസ്ത്രീയ രീതികളവലംബിച്ച് ഉത്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം നാളികേര സംഭരണം, സംസ്‌കരണം, വിപണനം എന്നീ തലങ്ങളില്‍ സൊസൈറ്റികള്‍ ഫലവത്തായ പങ്കുവഹിക്കും. തുണ്ടുഭൂമിയില്‍ കൃഷി ചെയ്യുന്ന ചെറുകിട-ഇടത്തരം കേര കര്‍ഷകരെ കേരളത്തില്‍ ചുരുങ്ങിയത് 1000 സൊസൈറ്റികള്‍ ഈ വര്‍ഷം രൂപവത്കരിക്കും.

സി.പി.എസ്. വഴി വിപണികണ്ടെത്തി നാളികേരത്തിനു മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതോടൊപ്പം വിപണനചെലവുകള്‍ കുറയ്ക്കുകയും ചെയ്യാമെന്ന് ബോര്‍ഡ് കരുതുന്നു. കൂട്ടായ വളപ്രയോഗനടപടികള്‍, തെങ്ങുകൃഷിയിലെ ശാസ്ത്രീയ പരിചരണമുറകള്‍ എല്ലാ അംഗങ്ങളും അവലംബിക്കല്‍, രോഗ-കീടനിയന്ത്രണപ്രവര്‍ത്തനങ്ങള്‍, നഴ്‌സറികള്‍ സ്ഥാപിക്കല്‍, സങ്കരയിനം വിത്തുതേങ്ങയുത്പാദനം, വിത്തുതേങ്ങ സംഭരണം, കരിക്കു സംഭരണം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, സ്റ്റഡി ടൂറുകള്‍, സെമിനാറുകള്‍ സംഘടിപ്പിക്കല്‍, എക്‌സിബിഷനുകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ സി.പി.എസ്സിലൂടെ നിര്‍വഹിക്കാം. സംഘങ്ങളുടെ നാളികേരോത്പാദനത്തില്‍ 50 ശതമാനം വര്‍ധനയാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

ചുരുങ്ങിയത് കായ്ക്കുന്ന 10 തെങ്ങുകളെങ്കിലും സ്വന്തമായുള്ള കര്‍ഷകര്‍ക്ക് സി.പി.എസ്സില്‍ അംഗമാകാം. ശരാശരി 4000-5000 തെങ്ങുകളെങ്കിലും ഓരോ സി.പി.എസ്സിന്റെയും പ്രവര്‍ത്തനപരിധിയിലുണ്ടാവണം. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും ആറ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളുമടങ്ങിയ കമ്മിറ്റിയാണ് സൊസൈറ്റിയുടെ ഭരണസമിതി. സൊസൈറ്റിക്ക് രൂപം നല്‍കാനുള്ള മാതൃക നിയമാവലി ബോര്‍ഡില്‍ നിന്നും ലഭിക്കും.

സംഘം നാളികേര വികസനബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ് എന്ന വിലാസത്തില്‍ എറണാകുളത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റിനൊപ്പം നിശ്ചിത അപേക്ഷാഫോറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. രജിസ്‌ട്രേഷന്റെ കാലാവധി 2 വര്‍ഷമാണ്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സംഘങ്ങള്‍ 100 രൂപ (2 വര്‍ഷത്തിലൊരിക്കല്‍) ഫീസ് നല്‍കണം.




Stories in this Section