പാമ്പാടി: വിദേശജോലി മതിയാക്കി നാട്ടിലെത്തി ചെറുപ്പംമുതല്‍ താല്പര്യം തോന്നിയിരുന്ന കാലിവളര്‍ത്തലില്‍ ഏര്‍പ്പെടുക. രാവും പകലും നീളുന്ന അക്ഷീണ പരിശ്രമംകൊണ്ട് ഈ മേഖലയില്‍ ജില്ലയിലെ തന്നെ ഒന്നാമനാകുക.... അത് വെറും ഒന്നരവര്‍ഷംകൊണ്ട്! അതിനുള്ള അംഗീകാരമാണ് പാമ്പാടി കൂരോപ്പട വളഞ്ഞാറ്റില്‍ റെജി പുന്നൂസിന് ലഭിച്ച മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്.
ചുരുങ്ങിയ കാലംകൊണ്ട് നടത്തിയ അക്ഷീണ മൃഗപരിചരണമാണ് ഈ യുവകര്‍ഷകനെ അവാര്‍ഡിനര്‍ഹനാക്കിയത്. മലേഷ്യയിലെ പാമോയില്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന റെജി, ഒന്നര വര്‍ഷംമുമ്പാണ് നാട്ടിലെത്തി പശുവളര്‍ത്തല്‍ ആരംഭിക്കുന്നത്.
ഒരു പരീക്ഷണമെന്ന നിലയില്‍ അഞ്ച് പശുക്കളുമായി തുടങ്ങിയ തൊഴുത്ത് ഇന്ന് കിടാക്കള്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചിലേറെ പശുക്കളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. സങ്കരയിനം പശുക്കളാണ് കൂടുതലും. 30 ലിറ്ററിലേറെ പാല്‍ ചുരത്തുന്ന ഇത്തരം പശുക്കളുടെ വില 50.000ത്തിലേറെ വരും.
തമിഴ്‌നാട്ടിലെ കൊട്ടിപ്പുറത്തുനിന്നാണ് പശുക്കളെ എത്തിക്കുന്നത്. തേവാരം, ആണ്ടിപ്പെട്ടി, കമ്പം എന്നിവിടങ്ങളില്‍നിന്നുള്ള പശുക്കളും റെജിയുടെ തൊഴുത്തിലുണ്ട്. ദിവസേന 210 ലിറ്ററോളം പാല്‍ ലഭിക്കുമെങ്കിലും ആവശ്യക്കാര്‍ അതിലും ഏറെയാണ്. വീട്ടുകാര്‍ക്കാണ് പാല്‍ കൂടുതലും നല്‍കുന്നത്. സ്വന്തം ഓട്ടോയില്‍ പാലുമായി ഇറങ്ങുന്ന റെജിയെക്കാത്ത് വിവിധ 'പോയന്‍റു'കളില്‍ വീട്ടുകാര്‍ കാത്തുനില്‍ക്കും. 13 കലോമീറ്ററിലേറെ ഗ്രാമീണ റോഡുകളിലൂടെ കറങ്ങി തിരികെ വീട്ടിലെത്തുമ്പോഴേക്കും പാല്‍ തീര്‍ന്നിരിക്കും. വൈകുന്നേരത്തെ പാല്‍ സൊസൈറ്റിക്കാണ് നല്‍കുന്നത്. കറവയ്ക്ക് യന്ത്രങ്ങളുടെ സഹായവും തേടും.
നല്ലതുപോലെ പാല്‍ ലഭിക്കണമെങ്കില്‍ പശുക്കള്‍ക്ക് മികച്ച പരിചരണം ആവശ്യമാണെന്ന് റെജി പറയുന്നു. പശുവളര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഒരേക്കറോളം സ്ഥലത്ത് തീറ്റപ്പുല്‍ കൃഷിയും തുടങ്ങിയിരുന്നു. മുന്തിയ ഇനം പശുക്കള്‍ക്ക് തറയില്‍ റബ്ബര്‍മാറ്റ് വിരിച്ചിട്ടുണ്ട്. കാറ്റ് കൊള്ളുന്നതിനായി ഫാനും ഘടിപ്പിച്ചിട്ടുണ്ട്. ചൂട് കുറയ്ക്കുന്നതിനായി മേല്‍ക്കൂര അലൂമിനിയം ഷീറ്റുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചാണകവും മൂത്രവും തരംതിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേക ടാങ്കുകളും ഉണ്ട്. കുളിപ്പിക്കുന്നതിനും കൂട് വൃത്തിയാക്കുന്നതിനുമായി പൈപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. റെജിയെ സഹായിക്കുന്നതിനായി തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു തൊഴിലാളി കുടുംബവും ഇവരോടൊപ്പം താമസിക്കുന്നു.
നിലവിലുള്ള ഇനങ്ങള്‍ കൂടാതെ സ്വിസ്ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പശുക്കളെക്കൂടി തൊഴുത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ യുവകര്‍ഷകന്‍. അതിനായി എയര്‍കണ്ടീഷന്‍ഡ് തൊഴുത്ത് നിര്‍മ്മിക്കാനുള്ള ആലോചനയിലാണ്.
നിശ്ചിത സമയത്ത് ആഹാരം നല്‍കുക, കൃത്യസമയത്തുതന്നെ കറക്കുക, കൂടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, ചാണകവും മൂത്രവും തരംതിരിച്ച് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ രംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള റെജിയുടെ ഉപദേശം. ഭാര്യ ലിജിമോള്‍ പൂര്‍ണ്ണ പിന്തുണയുമായി റെജിക്കൊപ്പമുണ്ട്. മക്കള്‍: നിമ്മി, നിഖില്‍, നാഹും. ആദായത്തോടൊപ്പം ആത്മസംതൃപ്തി നല്‍കുന്ന തൊഴിലാണ് കാലിവളര്‍ത്തലെന്ന അഭിപ്രായമാണ് ഈ യുവക്ഷീരകര്‍ഷകന്‍േറത്.