കൂട്ടായ്മയുടെ മുയല്‍ക്കൂട്ടില്‍ ഷാജഹാനും ജൈസലും

Posted on: 06 Aug 2011



എടപ്പാള്‍: അയല്‍വാസികളും സമപ്രായക്കാരുമാണെങ്കിലും തികച്ചും വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു ഷാജഹാന്റെയും ജൈസലിന്റെയും യാത്ര. ഒരാള്‍ ബസ് ഡ്രൈവറാണെങ്കില്‍ മറ്റേയാള്‍ ടെയ്‌ലര്‍. എന്നാല്‍ ഇടയ്‌ക്കൊരിക്കല്‍ ഒരു മുയല്‍ക്കൂടിന് മുന്നില്‍ അവര്‍ ഒരുമിച്ചു. അത് അവരുടെ ജീവിതത്തിലെ ഒരു പുതിയ ചുവടുവെപ്പായിരുന്നു.

എടപ്പാള്‍ പെരുമ്പറമ്പ് ശിവക്ഷേത്രത്തിന് സമീപം അയല്‍വാസികളായ മുഹമ്മദ്കുട്ടിയുടെയും ഹുസൈന്റെയും മക്കളാണ് ബസ്‌ഡ്രൈവറായ ഷാജഹാനും ടെയ്‌ലറായ ജൈസലും. പത്താംക്ലാസ്‌വരെ മാത്രം പഠനം. ഇപ്പോഴുള്ള ജോലികൊണ്ട് മാത്രം നന്നായി ജീവിക്കാനാവില്ലെന്ന് തോന്നിയപ്പോഴാണ് ഇരുവരും പുതിയൊരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ മുയല്‍കൃഷിയിലെത്തി.

വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ മുയല്‍വളര്‍ത്തല്‍ തുടങ്ങിയത്. ഫാം തുടങ്ങും മുമ്പ് വിവിധ സ്ഥലങ്ങളിലെ മുയല്‍ഫാമുകള്‍ സന്ദര്‍ശിച്ച് മുയല്‍കൃഷിയെക്കുറിച്ചും മുയലുകളെക്കുറിച്ചും പഠിച്ചു.

പള്ളിപ്പുറത്തുനിന്ന് 10 മുയലുകളുള്ള രണ്ട് യൂണിറ്റുകള്‍ 16,000 രൂപയ്ക്ക് വാങ്ങിയാണ് കൃഷി തുടങ്ങിയത്. തൊഴില്‍ കഴിഞ്ഞുള്ള ഇടവേളകളില്‍ മുയലുകള്‍ക്കൊപ്പമായി ഇരുവരുടെയും ജീവിതം. ഇപ്പോള്‍ 250-ല്‍പ്പരം മുയലുകള്‍ ഇവരുടെ രണ്ട് ഫാമുകളിലായുണ്ട്.

സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്‍ഡ് വൈറ്റ്, ബ്ലാക്ക് ജയന്റ്, വൈറ്റ് ജയന്റ് തുടങ്ങി വിവിധതരം മുയലുകളാണ് ഇരുമ്പുകമ്പിയടിച്ച് നീളത്തില്‍ തീര്‍ത്ത കൂട്ടിനുള്ളില്‍ കഴിയുന്നത്. പ്രതിദിനം 50 ഗ്രാം വീതം മുയല്‍തീറ്റ ഒരുനേരം നല്‍കും. രണ്ടുനേരമായി പ്ലാവില, വാഴയില, മാവില, കറുക തുടങ്ങിയ പച്ചിലകളും നല്‍കും.

രാവിലെയും വൈകുന്നേരങ്ങളിലും ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലേക്ക് 10 മിനിറ്റ് മാറ്റിയാണ് ഇണചേരല്‍ നടത്തുന്നത്. ചൂട് കൂടിക്കഴിഞ്ഞ് നടക്കുന്ന ഇണചേരലില്‍ കുഞ്ഞുങ്ങള്‍ കുറവായതിനാലാണ് രാവിലെയും വൈകീട്ടുമെന്ന് ഷാജഹാന്‍. ഒരിക്കല്‍ ഇണചേര്‍ന്ന ആണ്‍മുയലിനെ പിന്നീട് നാലുദിവസം കഴിഞ്ഞശേഷം മാത്രമേ ഇണചേരാനനുവദിക്കൂ.

28-32 ദിവസത്തിനകം പെണ്‍മുയല്‍ പ്രസവിക്കും. 6-13 വരെ കുഞ്ഞുങ്ങളാണ് ഒരു പ്രസവത്തില്‍ ലഭിക്കുക. 10 ദിവസം കഴിഞ്ഞാല്‍ തള്ളമുയലിനെ വീണ്ടും ഇണചേര്‍ക്കാം. പക്ഷേ 25 ദിവസംവരെ കുട്ടികള്‍ക്കൊപ്പം ഒരു കൂട്ടിലിടണമെന്നു മാത്രം.

ഫംഗസ് രോഗങ്ങള്‍ പോലുള്ളവയ്ക്ക് കുത്തിവെപ്പും ഇവര്‍തന്നെ കൃത്യമായി നല്‍കുന്നു. ഇതിനെല്ലാം കൂട്ടായി ഇരുവരുടെയും ഭാര്യമാരായ ജസീന, ഹസീന എന്നിവരും മാതാപിതാക്കളുമുണ്ട്.

മുയല്‍ക്കാഷ്ഠം വാഴയ്ക്ക് ഏറ്റവും ഉത്തമമായ വളമാണ്. കൂട്ടിനടിയില്‍ ഈര്‍ച്ചപ്പൊടിയും കള്‍ച്ചര്‍ എന്നപേരില്‍ ഇവര്‍ തയ്യാറാക്കുന്ന ലായനിയും കൂട്ടിക്കലര്‍ത്തിയിട്ട് അതിലാണ് കാഷ്ഠം ശേഖരിക്കല്‍. മൂന്നുമാസം കഴിയുമ്പോള്‍ ഇവ നല്ല പൊടിയായിക്കഴിഞ്ഞിരിക്കും.

ഷാജഹാന്‍ രാവിലെ ഏഴുവരെയും ജൈസല്‍ 10 വരെയും മുയലുകള്‍ക്ക് തീറ്റികൊടുക്കലും മറ്റുമായി മുയല്‍ ഷെഡിലാവും. പിന്നീട് ജോലിക്ക് പോകും. വൈകീട്ട് വന്നാല്‍ ഇരുവരും ചേര്‍ന്ന് വയലുകളിലും മറ്റും നടന്ന് കറുകപ്പുല്ല്, ഇലകള്‍ എന്നിവ ശേഖരിക്കും. രാത്രി എട്ടുവരെ മുയലുകള്‍ക്കൊപ്പം തന്നെ. 10 മുയലുകളുള്ള രണ്ട് യൂണിറ്റ് മുയലുകളെ വളര്‍ത്തിയാല്‍ത്തന്നെ പ്രതിമാസം 4000 രൂപയോളം വരുമാനമുണ്ടാക്കാമെന്ന് ഇവര്‍ പറയുന്നു. ഫോണ്‍ നമ്പര്‍: 9895349089 (ഷാജഹാന്‍), 9847658018 (ജൈസല്‍).


Stories in this Section