ചെലവുകുറച്ച് കൂടുതല്‍ പാല്‍
Posted on: 31 Jul 2011
ഡോ. ആര്‍.രാധിക
തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കവറപ്പശുക്കളുള്ള കേരളത്തില്‍ പാലുത്പാദനച്ചെലവ് അനുദിനം വര്‍ധിച്ചുവരുന്നു. ഉത്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50 ശതമാനം വര്‍ധനയുണ്ടാകുമ്പോള്‍ തീറ്റയുടെ വില 200 ശതമാനത്തിലധികം വര്‍ധിക്കുന്നു.വര്‍ധിച്ച ഉത്പാദനച്ചെലവ് സുസ്ഥിര പശുവളര്‍ത്തലിനെ സാരമായി ബാധിക്കുന്നു. ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവ സുസ്ഥിര പശുവളര്‍ത്തലിന്റെ ഘടകങ്ങളാണ്. ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞചെലവില്‍ കൂടുതല്‍ ഉത്പാദനം ലഭ്യമാക്കുന്ന സാങ്കേതിക വിദ്യകള്‍ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്ത് മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദശാസ്ത്ര വിഭാഗത്തില്‍ നടത്തിയ പഠനങ്ങളില്‍ കറവപ്പശുക്കളില്‍ 40 ശതമാനം വിരബാധയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
കറവപ്പശുക്കള്‍ക്ക് പ്രസവത്തിനുമുമ്പ്, അതായത് എട്ട് മാസം ചെനയുള്ളപ്പോഴോ, പ്രസവിച്ച് 10-ാമത്തെ ദിവസമോ വിരമരുന്ന് നല്‍കാം. വിവിധയിനം ബ്രോഡ് സ്‌പെക്ട്രം വിരമരുന്നുകള്‍ രോഗത്തിന്റെ തരം നിര്‍ണയിച്ച ശേഷം നല്‍കാവുന്നതാണ്. ചെനയുള്ളപ്പോള്‍ ചിലതരം മരുന്നു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇവ നല്‍കുന്നതിലൂടെ 305 ദിവസം കറവ കാലയളവില്‍ പ്രതിദിനം 1.22 ലിറ്റര്‍ പാലിന്റെ വര്‍ധനവുണ്ടാകുന്നതായി തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതായത് ഉത്പാദനച്ചെലവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകന് പ്രതിദിനം 25 രൂപയുടെ അധിക വരുമാനമുണ്ടാകുന്നു. ഒരു കറവക്കാലയളവിന് 7,500 രൂപയിലധികമാണ്.