ഡോ. വനജ ടി. (കാര്‍ഷിക കോളേജ്, പടന്നക്കാട്)
ഉപ്പുവെള്ളം കയറുന്ന ഉത്തര മലബാറിലെ കൈപ്പാട് നെല്‍ക്കൃഷി ഭൂമിക്ക് വേണ്ടി കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ആദ്യത്തെ അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങളായ 'ഏഴോം -1', 'ഏഴോം -2' കഴിഞ്ഞ വര്‍ഷം കയ്പാട് കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ഇവ ഇന്ന് വ്യാപകമായി കയ്പാട് മേഖലയില്‍ കൃഷിചെയ്യുന്നുണ്ട്. 'ഏഴോം -1' ദീര്‍ഘകാല മൂപ്പുള്ളതും (140 ദിവസം), 'ഏഴോം -2' മധ്യകാല മൂപ്പുള്ളതും (120-125 ദിവസം) ആണ്.
തുടര്‍ന്നുള്ള പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് 'ഏഴോം -2' ഉപ്പില്ലാത്ത സാധാരണ നെല്‍പ്പാടത്തും എല്ലാ പൂവിലും മധ്യകാല മൂപ്പോടുകൂടി മികച്ച വിളവ് തരുന്നതായി കാണുന്നു. ജൈവപ്രജനനരീതികളും 'ഏഴോം -2'ന്റെ വികസനത്തില്‍ അവലംബിച്ചതിനാല്‍, ഈ ഇനം ജൈവകൃഷിക്ക് നന്നായി പ്രതികരിക്കുന്നു എന്നുള്ളത് ആശാവഹമാണ്.
2009, 2010 വര്‍ഷങ്ങളില്‍ ഒന്നാംവിള / രണ്ടാംവിള സമയങ്ങളില്‍ പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും 2010-ല്‍ ഒന്നാംവിള സമയത്ത് കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ നെല്ലുഗവേഷണ കേന്ദ്രങ്ങളിലും കൃഷിചെയ്തു 'ഏഴോം -2' ജൈവ പാക്കേജ് പ്രകാരവും 'പാക്കേജ് ഓഫ് പ്രാക്ടീസ്' പ്രകാരവുമായിരുന്നു ഈ രണ്ടു കൃഷികളും.
2009, 2010 വര്‍ഷങ്ങളിലായി ഒന്നാംവിള / രണ്ടാംവിള സമയങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തില്‍ അരയിടം പാടശേഖരത്തിലും ഏഴോം പഞ്ചായത്തില്‍ കുറുവാട് പാടശേഖരത്തിലെ സി. ഗോവിന്ദന്‍ നമ്പ്യാരുടെ പാടത്തും കാസര്‍കോട് ജില്ലയിലെ നീലേശ്വരം പഞ്ചായത്തില്‍ കൊഴുന്തില്‍ പാടശേഖരത്തിലെ സുരേശന്റെ പാടത്തും പടന്ന പഞ്ചായത്തില്‍ കുളവയല്‍ പാടശേഖരത്തിലെ ക്‌നാത്തില്‍ ലക്ഷ്മണന്റെ പാടത്തും കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ മാധവി അമ്മയുടെ പാടത്തും 'ഏഴോം -2' ജൈവകൃഷിയായി ചെയ്തു. മയ്യില്‍ പഞ്ചായത്തിലെ അരയിടം പാടശേഖരവും ചെങ്ങോട്ടുകാവിലെ മാധവി അമ്മയും വര്‍ഷങ്ങളായി നെല്‍ക്കൃഷിയില്‍ ജൈവരീതികള്‍ അവലംബിക്കുന്നവരും ജൈവകൃഷി രംഗത്തെ അവാര്‍ഡ് ജേതാക്കളുമാണ്.
ഒന്നാംവിളയില്‍ ജൈവരീതികള്‍ അവലംബിച്ച് കൃഷി ചെയ്തപ്പോള്‍ ഏക്കറിന് ശരാശരി 1588 കി.ഗ്രാം വിളവും പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരം കൃഷിചെയ്തപ്പോള്‍ ഏക്കറിന് ശരാശരി 1476 ഗ്രാം വിളവും ലഭിച്ചു. രണ്ടാംവിളയില്‍ ജൈവരീതികള്‍ അവലംബിച്ച് കൃഷി ചെയ്തപ്പോള്‍ ഏക്കറിന് ശരാശരി 1952 കി.ഗ്രാം വിളവും പാക്കേജ് ഓഫ് പ്രാക്ടീസ് പ്രകാരം കൃഷി ചെയ്തപ്പോള്‍ ശരാശരി 2232 കി. ഗ്രാം വിളവും ലഭിച്ചു. സാമാന്യം ഉയരത്തില്‍ വളരുന്നതിനാല്‍ നെല്ലിന് പുറമെ വൈക്കോലും നന്നായി ലഭിക്കുന്നു. ധാരാളം ചിനപ്പു പൊട്ടുന്നതും ഗുണമേന്മയും രുചിയുമുള്ള ചോറും ഏഴോം 2ന് ഉണ്ടെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മധ്യകാല മൂപ്പുള്ള മറ്റ് നെല്ലിനങ്ങളുടെ കൃഷിരീതികള്‍ തന്നെയാണ് 'ഏഴോം -2'ന്റെ കൃഷിയിലും അവലംബിക്കേണ്ടത്. ധാരാളം ചിനപ്പു പൊട്ടുന്നതിനാല്‍ നടുന്ന അകലം കുറഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.2010-ല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകരുടെ പുരയിടഭൂമിയില്‍ വിവിധ വിളകളുടെ ഇടവിളയായി പരീക്ഷണാടിസ്ഥാനത്തില്‍ 'ഏഴോം -2' കൃഷി ചെയ്തപ്പോള്‍ തെങ്ങിന്‍ തോട്ടത്തില്‍ ഏക്കറിന് ശരാശരി 1100 കി. ഗ്രാം വിളവും ചെറു കശുമാവിന്‍ തോട്ടം, ചെറു റബ്ബര്‍ തോട്ടം, കായ്ക്കുന്ന കുരുമുളക് തോട്ടം എന്നിവിടങ്ങളില്‍ ഏക്കറിന് ശരാശരി 500 കി.ഗ്രാം. വിളവും ലഭിച്ചു.