മാവുകള്‍, മാവുകള്‍ തോട്ടം നിറയെ

Posted on: 31 Jul 2011

സി.കെ. ശശി ചാത്തയില്‍



മാവുകളെ സ്‌നേഹിച്ച് കൊതിതീരാത്ത രാമന്‍കുട്ടി വാര്യര്‍. മക്കളും മാവും ഒരു മരത്തിന്റെ ശിഖരങ്ങളാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് വാര്യര്‍. അമ്മാവന്റെ പാതയിലൂടെ മാവ് കൃഷിയിലെത്തിയതാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ തോട്ടം നിറയെ മാവുകളെക്കൊണ്ട് സമ്പന്നമാണ്. ഇന്ന് മാവുകൃഷിയില്‍ അമ്മാവനും മരുമകനും നാല് പതിറ്റാണ്ട് പിന്നിടുന്നു.

വിവിധയിനം മാവുകളെക്കൊണ്ട് സമ്പന്നമാണ് ഇവരുടെ കൃഷിയിടം. അമ്മാവനായ പെരിങ്ങോട് വനജോത്സയില്‍ കെ.എം. മാധവവാര്യരും മരുമകന്‍ വട്ടംകുളം കവുപ്രമഠത്തില്‍ രാമന്‍കുട്ടി വാര്യരുമാണ് മാവുകൃഷിയിലെ കൂട്ടായ്മ. റിട്ട. പോസ്റ്റ്മാസ്റ്ററും മുന്‍ നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മെമ്പറും ആയിരുന്ന മാധവവാര്യരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാവുകള്‍ കൊണ്ടുവന്നുവെച്ചത്. അമ്മാവനെ സഹായിക്കാനാണ് മരുമകനായ രാമന്‍കുട്ടി കൃഷിയിലേക്ക് വന്നത്. പിന്നീട് പൂര്‍ണമായും മാവുകൃഷിയിലേക്ക് തിരിഞ്ഞു. നാടന്‍ ഇനം മാവുകള്‍ കൂടാതെ പതിനഞ്ചിലേറെ വിവിധയിനം മാവുകളും തോട്ടത്തിലുണ്ട്.

നാലേക്കര്‍വരുന്ന പറമ്പിലാണ് മാവുകള്‍ നില്‍ക്കുന്നത്. മഹരാജ പസന്ത്, ചന്ദ്രക്കാരന്‍, ഒളോര്‍, ഹിമപസന്ത്, ജഹാഗീര്‍, രാജ്, ഒറോറ, മല്‍ഗോവ, അല്‍ഫോണ്‍സ, മുണ്ടപ്പ, പ്രിയോണ്‍, നീലം, മടശാല, സിന്ദൂരം എന്നീ ഇനം മാവുകളാണ് നാടന്‍ ഇനം കൂടാതെ തോട്ടത്തിലുള്ളത്. ഇതിലെ പല മാങ്ങയ്ക്കും മൂന്നു കിലോ മുതല്‍ നാല് കിലോ വരെ തൂക്കമുണ്ടെന്ന് രാമന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ മാവുകളെല്ലാം ഏറെ പ്രായമുള്ളവയാണ്. എല്ലാ ഇനത്തിന്റെയും കൊമ്പെടുത്ത് ഗ്രാഫ്റ്റ് ചെയ്ത് തൈകള്‍ വില്‍ക്കുകയും പറമ്പില്‍ തന്നെ കുഴിച്ചിടുകയും ചെയ്യുന്നു. മാമ്പഴക്കാലമാകുമ്പോള്‍ മാങ്ങ തേടി എത്തുന്നവര്‍ക്കെല്ലാം പ്രതിഫലം വാങ്ങാതെയാണ് മാങ്ങകള്‍ നല്‍കുന്നത്. മുന്‍ വട്ടംകുളം കൃഷിഓഫീസറായിരുന്ന ജബ്ബാറിന്റെ നിര്‍ദേശപ്രകാരമാണ് ഗ്രാഫ്റ്റ് ആരംഭിച്ചത്.

നൂറു രൂപ നിരക്കിലാണ് തൈകള്‍ വില്‍ക്കുന്നത്. പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ നിന്നും ആളെ കൊണ്ടുവന്നാണ് ഗ്രാഫ്റ്റിങ് നടത്തുന്നത്. നാടന്‍ മാങ്ങയുടെ അണ്ടി (വിത്ത്) വിത്തെടുത്ത് മുളപ്പിച്ച് അവയിലാണ് ഗ്രാഫ്റ്റിങ് നടത്തുന്നത്. ഇതിലുപുറമെ വീടിന്റെ മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കൊമ്പുകള്‍ കാറ്റിലാടാത്തവിധം കെട്ടിനിര്‍ത്തി കൊമ്പുകളിലും ഗ്രാഫ്റ്റിങ് നടത്തുന്നുണ്ട്. തൈകള്‍ക്ക് ഏറെ ആവശ്യക്കാര്‍ ഉണ്ടെങ്കിലും തികയാത്ത അവസ്ഥയാണ്. പെരിങ്ങോട്ടെയും കവുപ്രയിലെയും തോട്ടങ്ങളില്‍ മാവുകള്‍ക്കാണ് മുഖ്യപരിഗണനയെങ്കിലും കമുങ്ങ്, വാഴ, റബ്ബര്‍, ജാതി, ഗ്രാമ്പു, വെറ്റില, വാനില, ഔഷധപടവലം, ചേന, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തോട്ടത്തിലുണ്ട്. രാമന്‍കുട്ടിയുടെ ഭാര്യ രാധയും കൃഷിയില്‍ സജീവമാണ്.

ഫോണ്‍: 0494 - 2680891.




Stories in this Section