ആനന്ദം...ആദായം അഷൂറയുടെ 'ആട് ജീവിതം'
Posted on: 31 Jul 2011
എ.സുരേഷ്
കൊണ്ടോട്ടി: ഏഴ് വയസ്സുകാരിയായ മകള്‍ ഒരാടിനെ വേണമെന്ന് വാശിപിടിച്ചപ്പോഴാണ് അഷൂറ അവള്‍ക്കൊരു ആടിനെ വാങ്ങിക്കൊടുത്തത്. പിന്നെപ്പിന്നെ അതിന്റെ എണ്ണം കൂടി. ഇടക്കാലത്ത് അറുപതിലേറെയുണ്ടായിരുന്നു. ഇന്നും വ്യത്യസ്ത വര്‍ഗത്തിലുള്ള ഇരുപത്തഞ്ചിലേറെ ആടുകള്‍ അഷൂറയുടെ പരിചരണത്തില്‍ വളരുന്നു.
ബിസിനസ്സുകാരനായ നെടിയിരുപ്പ് കുറുമ്പത്ത് അബൂബക്കര്‍ കുട്ടിയുടെ ഭാര്യയാണ് 49 കാരിയായ കണ്ണിയത്ത് അഷൂറ. അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ ഇവര്‍ ആട് വളര്‍ത്തല്‍ തുടങ്ങിയിട്ട്. മലബാറി, ശിരോഹി, ജമുനാ പാരി തുടങ്ങിയ മുന്തിയ ഇനം ആടുകളെയാണ് അഷൂറ വളര്‍ത്തുന്നത്.
ഉയരംകൂടി വണ്ണം കുറഞ്ഞ് കാഴ്ചയ്ക്ക് കുതിരയുടെ ചേലാണ് ശിരോഹിക്ക്. വര്‍ഷത്തില്‍ രണ്ടുതവണ പ്രസവിക്കുന്ന മലബാറിയാണ് ഏറെ ലാഭകരം. ഓരോ പ്രസവത്തിലും മൂന്നും നാലും കുട്ടികള്‍ ലഭിക്കും. ശിരോഹിയും യമുനാപാരിയും വര്‍ഷത്തിലൊരിക്കലാണ് പ്രസവിക്കുന്നത്. സാധാരണ ഓരോ കുട്ടികളാണുണ്ടാകുക. ശിരോഹിക്ക് കൂടുതല്‍ പാല്‍ ലഭിക്കും. വലിപ്പക്കൂടുതലുള്ള യമുനാ പാരിയും താരതമ്യേന ലാഭകരമാണെന്ന് ഈ വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു.
വീടിനോട് ചേര്‍ന്ന് പ്രത്യേക ഫാം നിര്‍മ്മിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിലാണ് കൂടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇരുമ്പ് വേലിയും മതിലും സ്ഥാപിച്ച് പ്രത്യേക സ്ഥലം തന്നെ ആടുകള്‍ക്ക് വേണ്ടി മാറ്റി. അതുകൊണ്ട് ആടുകളെ പകല്‍ കെട്ടിയിടുന്നില്ല.
പറമ്പില്‍ കൃഷിചെയ്യുന്ന തീറ്റപ്പുല്ലും പച്ചക്കറിക്കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളുമെല്ലാമാണ് തീറ്റ നല്‍കുന്നത്. വാഴക്കത്തോട്, കാബേജ് ഇല, കോളിഫ്ലവര്‍ ഇല തുടങ്ങിയവ കടകളില്‍ നിന്ന് ശേഖരിക്കും.
ഈ മേഖലയിലെ ചതിക്കുഴികളെക്കുറിച്ചും അഷൂറ മുന്നറിയിപ്പ് നല്‍കുന്നു. മുന്തിയ ഇനം ആടുകളെന്നപേരില്‍ ക്രോസ് ചെയ്തടുത്ത ആടുകളെ നല്‍കി കബളിപ്പിക്കുന്നവരെ സൂക്ഷിക്കണം. സങ്കര ഇനത്തില്‍പ്പെട്ട ആടുകള്‍ക്ക് രണ്ടും മൂന്നും തലമുറ കഴിയുന്നതോടെ ഗുണമേന്‍മ കുറയുമത്രേ.
ഓണം, വിഷു, നോമ്പ് കാലങ്ങളിലാണ് അഷൂറയുടെ ആടുകള്‍ക്ക് കൂടുതല്‍ ഡിമാന്റ്. മോഹവില നല്‍കിയാണ് പലരും ആടുകളെ സ്വന്തമാക്കുന്നത്. 14500 രൂപ വരെ ഒരു ആടിന് വില കിട്ടിയിട്ടുണ്ടെന്ന് അഷൂറ പറഞ്ഞു. താത്പര്യമുണ്ടെങ്കില്‍ നല്ല വരുമാനമുണ്ടാക്കാവുന്ന മേഖലയാണിതെന്ന് ഈ വീട്ടമ്മ സമര്‍ത്ഥിക്കുന്നു.
ആടിന് പുറമെ പശു, പോത്ത് വളര്‍ത്തല്‍, പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം അഷൂറ നടത്തുന്നു. കഴിഞ്ഞവര്‍ഷം കാബേജ്, കോളിഫ്ലവര്‍ കൃഷി നടത്തിയിരുന്നു. കന്നുകാലികള്‍ക്കാവശ്യമായ തീറ്റപ്പുല്ലും കൃഷി ചെയ്യാറുണ്ട്.
ഭര്‍ത്താവ് അബൂബക്കര്‍ കുട്ടിയും മക്കള്‍ സീനത്ത്, ആയിഷ, മറിയ എന്നിവരും പേരക്കുട്ടികളും ആട് കൃഷിക്ക് നല്ല പിന്തുണ നല്‍കുന്നുണ്ട്.
സാമ്പത്തിക നേട്ടം മാത്രമല്ല അഷൂറയുടെ നോട്ടം. ആദായത്തോടൊപ്പം ആനന്ദം കൂടി ഈ ജീവിതം നല്‍കുന്നുണ്ട്. 2009ല്‍ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. പാലക്കാട്ട് നിന്ന് കൂടുതല്‍ ആടുകളെ വാങ്ങി തന്റെ ഫാം വികസിപ്പിക്കുകയാണ് ഈ വീട്ടമ്മയുടെ ലക്ഷ്യം.
ഓര്‍മിക്കാന്‍
* ആടുകള്‍ക്ക് അരിഭക്ഷണം നല്‍കരുത്
* അകിട് വീക്കം ഉണ്ടാകാതിരിക്കാന്‍ പ്രസവിച്ച ആടുകളുടെ അകിടിലേക്ക് തണുത്ത വെള്ളം ചീറ്റിയടിക്കണം
* മാസത്തിലൊരിക്കല്‍ വിരയിളക്കണം പ്രസവിച്ച് 20 ദിവസമായാല്‍ കുട്ടികള്‍ക്കും വിരയിളക്കണം
* തേങ്ങാപ്പിണ്ണാക്ക്, എള്ളുപിണ്ണാക്ക് എന്നിവ ചേര്‍ത്ത് വെള്ളം നല്‍കിയാല്‍ പാലിന് കട്ടി കൂടും
* കടലപ്പിണ്ണാക്ക് നല്‍കിയാല്‍ കൂടുതല്‍ പാല്‍ ലഭിക്കും