പട്ടാമ്പി കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക പിന്‍ബലത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല രൂപകല്പന ചെയ്ത 'കെ.എ.യു. പഡ്‌ലര്‍' എന്ന ചെളികലക്കിയാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ പുതിയ ഉത്പന്നം. കര്‍ഷകര്‍ക്ക് ഏറെ സഹായകരമാവുന്ന ഊര്‍ജക്ഷമതയേറിയ ഈ ഉഴവുപകരണത്തിന് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്.
ഒന്നുംരണ്ടും വിളയ്ക്ക് നടീല്‍നടത്തുന്ന പാടങ്ങളില്‍ ട്രാക്ടറിന്റെ കേജ്‌വീലിനൊപ്പം ഘടിപ്പിച്ച് പാടത്തെ ചെളികലക്കാനാണ് പഡ്‌ലര്‍ ഉപയോഗിക്കുന്നത്. ഇതിലെ കറങ്ങുന്നബ്ലേഡുകള്‍ ചെളി നന്നായി കടയും. കട്ടകള്‍ ഉടച്ച് ഉഴവ് മെച്ചപ്പെട്ടതാക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്.
സാധാരണ കേജ്‌വീലുകള്‍ ഇട്ട് പൂട്ടുന്നതിനേക്കാള്‍ 40 ശതമാനം സമയലാഭവും 35 ശതമാനം ഇന്ധനലാഭവും ചെളികലക്കി ഉപയോഗിക്കുമ്പോള്‍ കിട്ടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരേക്കര്‍ ഉഴവുനടത്തുമ്പോള്‍ കര്‍ഷകന് 500 രൂപയ്ക്കടുത്ത് ലാഭംകിട്ടുമെന്നും ഇവര്‍ അവകാശപ്പെട്ടു. ട്രാക്ടര്‍ കേജുവീലുകള്‍ക്ക് കൂടുതല്‍ ആയുസ്സ് കിട്ടുമെന്നതും പഡ്‌ലറിന്റെ സവിശേഷതയാണ്.
ട്രാക്ടറും കേജുവീലും മാത്രം ഉപയോഗിച്ച് ഉഴവുജോലി നിര്‍വഹിക്കുന്നസ്ഥാനത്ത് പഡ്‌ലര്‍ ഉപയോഗിക്കുമ്പോള്‍ ചെളി നന്നായി കലങ്ങുമെന്നതിനാല്‍ നടീല്‍നടത്താന്‍ എളുപ്പമാണ്. പെട്ടെന്ന് വേര് പിടിക്കുകയും ചെയ്യും.
കാര്‍ഷിക സര്‍വകലാശാലയുടെ ആവശ്യപ്രകാരമാണ് പഡ്‌ലര്‍ നിര്‍മിച്ച് വില്‍ക്കുന്നതെന്ന് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ.എന്‍.കൃഷ്ണകുമാര്‍ പറഞ്ഞു. ഒരെണ്ണത്തിന് 30,000 രൂപയാണ് വില. ഇതുവരെ അഞ്ച് പഡ്‌ലര്‍ നിര്‍മിച്ചുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
ട്രാക്ടറുകള്‍ സ്വന്തമായുള്ള പാടശേഖരസമിതികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഡ്‌ലര്‍ ഉപയോഗിക്കാം. കൃഷിവകുപ്പ് സബ്‌സിഡി നല്‍കുകയാണെങ്കില്‍ കര്‍ഷകര്‍ക്കും ഏറെ പ്രയോജനംചെയ്യും. പഡ്‌ലര്‍ ആവശ്യത്തിന് നിര്‍മിച്ചുനല്‍കാനുള്ള സാങ്കേതികവിദ്യയും തൊഴിലാളികളും മെറ്റല്‍ ഇന്‍ഡസ്ട്രീസിലുണ്ട്.
കാര്‍ഷിക പണിയായുധങ്ങള്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ഏക സര്‍ക്കാര്‍സ്ഥാപനമാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ്.