പി.ടി. സിറാജുദ്ദീന്‍
ഇരുപത്തൊന്ന് വര്‍ഷക്കാലം അതിര്‍ത്തി രക്ഷാസേനയില്‍ രാജ്യസേവനം ചെയ്ത ആലപ്പുഴ വാടയ്ക്കലില്‍ കമല്‍ നിവാസിലെ കമലാസനന്‍ ശിഷ്ടജീവിതം കൃഷിയിലൂടെ രാജ്യസേവനത്തിനായി വിനിയോഗിക്കുന്നു. മൂന്നേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് പ്രദേശത്തുകാര്‍ക്ക് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കുകയാണ് അദ്ദേഹം.
പുതിയ ഉത്പന്നങ്ങള്‍ കൃഷിയിടത്തില്‍ നിന്ന് തന്നെ ലഭിക്കുന്നു എന്നു മാത്രമല്ല, വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയും ആളുകളെ ആകര്‍ഷിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കുന്നതുമൂലവും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകേണ്ട എന്നതിനാലുമുള്ള അധിക വരുമാനം ഉപഭോക്താക്കള്‍ക്ക് വീതിച്ചുനല്‍കുന്നതിനാലാണ് വിലക്കുറവില്‍ വില്‍ക്കാന്‍ കഴിയുന്നത്. പൂര്‍ണമായും ജൈവരീതിയിലുള്ള കൃഷിയായതിനാലാണ് ആവശ്യക്കാര്‍ വര്‍ധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
വിവിധതരം വാഴകള്‍ മുവായിരമെണ്ണം ഓരോവര്‍ഷവും നടുന്നു. മരച്ചീനി, മധുരക്കിഴങ്ങ്, മുളക്, വഴുതിന, വെണ്ട, പയര്‍, ചീര തുടങ്ങി വിവിധ പച്ചക്കറികളും കൃഷി ചെയ്യുന്നു. ഇതിന്റെ കൂടെ മീന്‍ വളര്‍ത്തലുമുണ്ട്. കാലികള്‍ക്കുള്ള തീറ്റപ്പുല്‍ കൃഷിയാണ് മറ്റൊരു വരുമാനമാര്‍ഗം. കിലോഗ്രാമിന് രണ്ട് രൂപയാണ് പുല്ലിന്റെ വില. പറമ്പുകളില്‍ പുല്ലു ലഭ്യമല്ലാത്തതിനാല്‍ ഏറെ പേര്‍ ഈ പുല്ല് ആശ്രയിച്ചെത്തുന്നു. സി.ഒ.-3 ഇനം പുല്ല് കാലികള്‍ക്ക് ഏറെ പോഷകദായകമാണ്.
വലിയ ലാഭം പ്രതീക്ഷിച്ചല്ല കമലാസനന്‍ കൃഷി ചെയ്യുന്നത്. അമിതോത്പാദനം പ്രതീക്ഷിക്കുന്നുമില്ല. സേനയിലായിരുന്നപ്പോള്‍ അവിടെ ലഭ്യമായ സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങും മല്ലിയും ഉള്ളിയുമെല്ലാം കൃഷിചെയ്ത് വിജയിച്ചിരുന്നു. കുമിളിയില്‍നിന്ന് വാങ്ങുന്ന ചാണകമാണ് പ്രധാന വളം. കീടനാശിനിയായി വേപ്പിന്‍ കഷായവും. ഓരോ ദിവസവും ആവശ്യമുള്ളത് മാത്രം വിളവെടുക്കുന്നതിനാല്‍ ചീത്തയാകുന്നില്ല. വാങ്ങിയ ആളുകളില്‍ നിന്ന് കേട്ടറിഞ്ഞാണ് പലരും എത്തുന്നത്.
വന്‍ വിലക്കുറവില്‍ വില്പന നടത്തിയാലും രണ്ട് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും നടീല്‍ വസ്തുക്കളും വളവും മറ്റും വാങ്ങാനുമെല്ലാം പണം ലഭിക്കുന്നതിന് പുറമെ വരുമാനമുണ്ടാക്കാനും കഴിയുന്നു. സന്മനസ്സോടെ കൃഷി ചെയ്യുകയും ലാഭേച്ഛയില്ലാതെയും ആര്‍ത്തിയില്ലാതെയും ഉപയോഗിക്കുകയും ചെയ്താല്‍ കൃഷി വിജയം തന്നെ- കമലാസനന്‍ പറയുന്നു. ഫോണ്‍: 04772126316, 9349432927.