കന്നുകാലികളിലെ മഴക്കാല രോഗങ്ങളും പ്രതിരോധവും
Posted on: 29 Jul 2011
ഡോ. എം.ഗംഗാധരന്‍നായര്‍ (മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, മൃഗസംരക്ഷണവകുപ്പ്)

കാലാവസ്ഥാ വ്യതിയാനം കന്നുകാലികളില്‍ ആരോഗ്യത്തിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നു. ഇവയുടെ സംരക്ഷണത്തിനായി മഴക്കാലത്ത് പാലിക്കേണ്ട വസ്തുതകള്‍ ഇവയാണ്.
ഷെഡിന്റെ മേല്‍ക്കൂര: ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്കകത്തുള്ള കന്നുകാലികളുടെ ഉത്പാദനക്ഷമത കുറയുന്നു. വായുസഞ്ചാരക്കുറവ് അമോണിയ പോലുള്ള വാതകം ഉത്പാദിപ്പിക്കും. ഇത് കണ്ണുകളില്‍ നീരും ശരീര അസ്വസ്ഥതയും ഉണ്ടാക്കുന്നു. രക്താതിസാരം പോലെയുള്ള രോഗങ്ങള്‍ പ്രത്യേകിച്ച് മുയലുകളിലും കോഴികളിലും നനഞ്ഞ പരിസ്ഥിതിയില്‍ കൂടുതലായി കാണുന്നു.
പരിസര ശുചിത്വം: പരിസരത്ത് കൂടുതല്‍ വളര്‍ന്നുനില്‍ക്കുന്ന പുല്ല്, മറ്റുചെടികള്‍ ഇവയെ മുറിച്ചു മാറ്റണം. പുല്ല് തീറ്റയ്ക്ക് അനുയോജ്യമാണെങ്കിലും ചിലപ്പോള്‍ ദോഷം ചെയ്യും. ഇവയില്‍ നാരിന്റെ അംശം കുറവാണെങ്കിലും ജലാശം കൂടുതലുണ്ട്. ദഹനത്തിന് ഫൈബര്‍ അത്യാവശ്യമാണ്. ഫൈബര്‍ കുറഞ്ഞാല്‍ ദഹനക്കേട് ഉണ്ടാകും. ഇത് ഉത്പാദനത്തെയും ബാധിക്കും.
ക്രമമായ വിരമരുന്ന്: നനവില്‍ അണുക്കള്‍ കൂടുതല്‍ പെരുകുകയും പലവിധത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. വിരകള്‍ വര്‍ധിക്കുന്നു. ക്രമമായി വിരമരുന്ന് കൊടുക്കണം. പ്രത്യേകിച്ച്, മഴക്കാലം തുടങ്ങുന്നതിന് മുമ്പ്.
ചെള്ള് അണുക്കള്‍: ചെള്ള്, ഉണ്ണികള്‍ എന്നിവ മഴക്കാലത്ത് കൂടുതല്‍ പെരുകുന്നു. അസുഖങ്ങള്‍ ചിലപ്പോള്‍ മാരകവും ആകുന്നു. ഇവ പരത്തുന്ന രോഗങ്ങളില്‍ പ്രധാനമായതാണ് ഈസ്റ്റ് കോസ്റ്റ് ഫീവര്‍ ചെള്ളുകള്‍. ശരീരത്തില്‍ മാത്രമല്ല, ഷെഡിനകത്തും പുറത്തും ചെടികളിലും ഷെഡ്ഢിനകത്തുള്ള ചെറിയ സുഷിരങ്ങളിലും കാണുന്നു. ടെസ്റ്റ്‌സെ ചെള്ളുകളുടെ കടിയില്‍ക്കൂടി പശുക്കളില്‍ പകരുന്ന ഒരു രോഗമാണ് 'നഗാന'. തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മാരകമാകും. ചെള്ള് നശീകരണമാണ് പ്രതിരോധം.
അണുനാശിനിപ്രയോഗം: അണുക്കള്‍ ശുചിത്വം ഇല്ലാത്ത സ്ഥലത്ത് പെരുകുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. ഇവ ഷെഡിനകത്തും പുറത്തും ചെടികളിലും കാണണം. ചുറ്റുമുള്ള ചെടികള്‍ മുറിച്ചു മാറ്റുകയും അണുനാശിനികള്‍ തളിക്കുകയും ചെയ്യണം.
തീറ്റകള്‍ നനയാതെ സൂക്ഷിക്കണം: നനഞ്ഞ തീറ്റയില്‍ പൂപ്പല്‍ബാധ കൂടുതലായി കാണുന്നു. ഒരുതരം വിഷാംശം ഉത്പാദിപ്പിക്കപ്പെടുകയും ഇത് തിന്നുന്നതുകൊണ്ട് അഫ്ലടോക്‌സിസോസിസ് എന്ന രോഗം ഉണ്ടാക്കുന്നു. കുടലുകളിലും മറ്റു ആന്തരാവയവങ്ങളിലും കാന്‍സര്‍ ബാധയ്ക്കും കാരണമാകുന്നു. നനഞ്ഞ തീറ്റ ഉണക്കിക്കൊടുക്കണം.
രോഗം ബാധിച്ച മൃഗങ്ങളും മറ്റു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗികളെ വയലുകളിലും മറ്റു പ്രദേശങ്ങളിലും പുല്ല് തിന്നാന്‍ വിടരുത്. രോഗം വന്നു മരിച്ച മൃഗങ്ങളെ ശാസ്ത്രീയമായി മറവു ചെയ്യണം.