രോഗിക്കും ഡോക്ടര്‍ക്കും തുണ ഈ സസ്യകൃഷിയിടം

Posted on: 29 Jul 2011

സി.കെ. ശശി ചാത്തയില്‍



വീടിനോടു ചേര്‍ന്നുള്ള സ്വന്തം വര്‍ക്‌ഷോപ്പ് നടത്തുന്ന പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കോട് പെരുമ്പിലാവില്‍ പുരുഷോത്തമന്‍ വീട്ടുവളപ്പില്‍ ഔഷധസസ്യകൃഷി നടത്തി രോഗികള്‍ക്കും ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും തുണയേകുന്നു.

തനിക്കും കുടുംബത്തിനുംവേണ്ടിയുള്ള ആയുര്‍വേദ ചികിത്സയ്ക്കായിട്ടാണ് കൃഷി ആരംഭിച്ചതെങ്കിലും മരുന്നുകള്‍തേടി നാട്ടുകാര്‍ എത്തിത്തുടങ്ങിയതോടെ കൃഷി വിപുലപ്പെടുത്തി. മരുന്നുചെടികള്‍ തേടി എത്തുന്നവര്‍ക്ക് തികച്ചും സൗജന്യമായാണ് പച്ചമരുന്നുകള്‍ നല്കുന്നത്. പുരുഷോത്തമന്റെ വീട്ടുവളപ്പില്‍ 115-ലേറെ പച്ചമരുന്നുകള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ കിലോയ്ക്ക് 300 രൂപ വരെ ലഭിക്കുന്ന മരുന്നുകളുമുണ്ട്. ഒന്നര പതിറ്റാണ്ടിനുമുമ്പാണ് ഔഷധ കൃഷിയിലേക്ക് തിരിഞ്ഞത്.

പടിഞ്ഞാറന്‍ മേഖലയിലെ ചോലക്കുന്നുകള്‍ മണ്ണെടുത്ത് നശിപ്പിച്ചതോടെ പല അപൂര്‍വ പച്ചമരുന്നുചെടികളും അപ്രത്യക്ഷമായി. ഈ നാശം തടയാനാണ് പല സ്ഥലങ്ങളില്‍നിന്നും കൊണ്ടുവന്ന് പച്ചമരുന്നുചെടികള്‍ വെച്ചുപിടിപ്പിച്ചത്. മൂത്രരോഗത്തിനു ഉപയോഗിക്കുന്ന കല്ലുവാഴ മുതല്‍ ശിവലിംഗച്ചെടിവരെ തോട്ടത്തിലുണ്ട്. ഔഷധ കൃഷിയോടൊപ്പം പച്ചക്കറികൃഷിയും നടത്തുന്നുണ്ട്. കദളി, വാഴ, മുരിങ്ങ, കല്ലുവാഴ, യാഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന സോമലത, ഊദ്, അടപ്പതിയന്‍, വലംപിരി, ദന്തപാല, ശതാവരി കിഴങ്ങ്, തൊഴുകണ്ണി, കുറുന്തോട്ടി, തോരായം, ജഡാമണി, കൊട്ടം, താതിരിപ്പൂവ്, കറ്റാര്‍വാഴ, ബ്രഹ്മി, കന്നികൂര്‍ക്ക, ഗണപതിനാരങ്ങ, പതിമുഖം... പട്ടിക നീളുന്നു.

ഇഴജന്തുക്കള്‍ കടിച്ചാല്‍ വിഷമിറക്കാന്‍ ഉപയോഗിക്കുന്ന അണലിവേഗം, സോറിയാസിസ് രോഗത്തിനു ഉപയോഗിക്കുന്ന ദന്തപ്പാല എന്നിവയ്ക്ക് ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാരും ആയുര്‍വേദ വിദ്യാര്‍ഥികളും പുരുഷോത്തമന്റെ ഔഷധത്തോട്ടം സന്ദര്‍ശിക്കുക പതിവാണ്. കൃഷിപരിപാലനത്തിന് ഭാര്യ രാധാദേവിയും മക്കളായ ഗിരീഷ്‌കുമാര്‍, സജീവ്കുമാര്‍, സുരേഷ് എന്നിവരും സഹായത്തിനുണ്ട്.

ഫോണ്‍: 0466 2278100.





Stories in this Section