മട്ടുപ്പാവില്‍ കരനെല്ലും കാരറ്റും

Posted on: 29 Jul 2011

കെ.സി. ഗിരീഷ്‌കുമാര്‍





ഏത് കൃഷിയും ടെറസില്‍ കൃഷിചെയ്ത് നല്ല വിളവെടുക്കാമെന്ന് സുജി ബേബി തെളിയിച്ചു. മഞ്ഞു പെയ്യുന്ന മലകളിലും തമിഴ്‌നാട്ടിലുമായി കൃഷി ചെയ്തിരുന്ന ക്യാരറ്റും കാബേജും നാടന്‍ പച്ചക്കറിയിനങ്ങളുമെല്ലാം പന്തളത്തിനടുത്ത് പൂഴിക്കാട്ടുള്ള സുജി ബേബിയുടെ മട്ടുപ്പാവില്‍ വിളയുന്നു. കഴിഞ്ഞവര്‍ഷം ക്യാരറ്റും കാബേജും വിളയിച്ച ആത്മവിശ്വാസത്തില്‍ ഇത്തവണ കരനെല്ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്.

പ്ലാസ്റ്റിക് കവറുകളില്‍ മണ്ണ് നിറച്ചു വിത്ത് നട്ട് ജൈവവളമുപയോഗിച്ചാണ് കൃഷി. ജൈവവളത്തിനായി മണ്ണിര കമ്പോസ്റ്റും വീടിന് സമീപം ഒരുക്കിയിട്ടുണ്ട്. താഴെ സ്ഥലസൗകര്യമില്ലാതായപ്പോഴാണ് ടെറസില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ആദ്യം സിമന്റ് ചാക്കുകളില്‍ മണ്ണ് നിറച്ചായിരുന്നു കൃഷിയെങ്കില്‍ ഇപ്പോള്‍ സ്റ്റെര്‍ലിങ് ഫാം നല്‍കുന്ന പ്ലാസ്റ്റിക് കവറുകളാണുപയോഗിക്കുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കന്നാസുകള്‍ വെട്ടി പൂച്ചെട്ടിയുടെ രൂപത്തിലാക്കി മണ്ണു നിറച്ചും കൃഷി ചെയ്യുന്നുണ്ട്.

മട്ടുപ്പാവിലെ കൃഷിക്ക് സുജി കണ്ടത് രണ്ട് പ്രയോജനങ്ങളാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കും. ടാങ്കില്‍നിന്ന് പൈപ്പിട്ട് യഥേഷ്ടം നനയ്ക്കുകയും ചെയ്യാം. പാവല്‍, പടവലം, വെണ്ട, പയര്‍, വള്ളിച്ചീര, വഴുതന, നിത്യവഴുതന, മുളക്, തക്കാളി എന്നീ പച്ചക്കറിയിനങ്ങളാണ് ഇത്തവണ കൃഷി ചെയ്തത്; കൂട്ടത്തില്‍ നെല്ലും. കഴിഞ്ഞ വര്‍ഷം കാരറ്റ്, കാബേജ്, സോയാബീന്‍ എന്നീ കൃഷിയായിരുന്നു അധികവും. ടെറസില്‍ വാഴയും കപ്പയും ചേനയും കാച്ചിലുമെല്ലാം കൃഷിചെയ്യാമെന്നും സുജി തെളിയിച്ചിട്ടുണ്ട്.

കീടങ്ങള്‍ക്കായി മരുന്ന് തളിക്കാതെ, ശാസ്ത്രീയമായ കെണികളും ജൈവപദാര്‍ഥങ്ങളുമാണ് ഉപയോഗിക്കുന്നത്. വയനാട് വെജ്മാര്‍ക്ക്, കേജ്‌ബോര്‍ഡ് സൊസൈറ്റി എന്നിവയില്‍ അംഗമാണ് സുജി. പന്തളം കൃഷി ഫാമിലെ ജെ.സജീവും മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സുജിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. കൃഷി കാര്യങ്ങളില്‍ ഭാര്യ ബിന്ദുവാണ് സഹായി. പച്ചക്കറി കൃഷികള്‍ കൂടാതെ പ്രാവ്, ഇണക്കിളികള്‍, അലങ്കാരക്കോഴികള്‍, താറാവുകള്‍, നായകള്‍, തത്തകള്‍ തുടങ്ങി വന്‍ശേഖരം തന്നെ വീട്ടുവളപ്പിലുണ്ട്. ഫോണ്‍: 9447265789.




Stories in this Section