'രക്തശാലി' നെല്ലിനവുമായി ചന്ദ്രശേഖരന്‍

Posted on: 29 Jul 2011

സാലിം കാപ്പില്‍



വേരറ്റുപോയി എന്നു കരുതിയിരുന്ന 'രക്തശാലി' നെല്ലിനം വീണ്ടും തളിര്‍ക്കുകയാണ് മലപ്പുറം പന്താരങ്ങാടി പാടത്ത്. നാടന്‍ നെല്ലിനങ്ങള്‍ തോറ്റ പാടങ്ങളില്‍ ബസുമതി കൃഷി ചെയ്ത് വന്‍വിജയം നേടിയ മലപ്പുറം പന്താരങ്ങാടിയിലെ ചന്ദ്രശേഖരനാണ് രക്തശാലി നെല്ലിനം കൃഷിചെയ്യാന്‍ ഒരുങ്ങുന്നത്. വിത്തിനായി 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതോടെയാണ് ആറ് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുന്നത്.

വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍നിന്നാണ് ഇങ്ങനെയൊരു നെല്ലിനത്തെക്കുറിച്ച് ചന്ദ്രശേഖരന്‍ അറിയുന്നത്. ഇതേ തുടര്‍ന്ന് കാര്‍ഷിക വിദഗ്ധരുമായി സംസാരിച്ചതില്‍നിന്നാണ് വേരറ്റുപോയി എന്നു കരുതിയിരുന്ന രക്തശാലി ഇനമാണ് ഇതെന്ന് മനസ്സിലായത്. ആദിവാസികള്‍ മരുന്നിനുവേണ്ടി മാത്രമാണ് ഇത് കൃഷി ചെയ്തിരുന്നത്. ആദിവാസികളില്‍നിന്ന് സുഹൃത്ത് കൊണ്ടുവന്നുതന്ന ഒരു കതിരില്‍നിന്നാണ് ആദ്യം വിത്തെടുത്തത്. അതു പിന്നെ പൂചട്ടികളിലേക്ക് വിത്തിനായി നട്ടു. പിന്നെ മുറ്റത്തേക്കും അവിടെനിന്ന് 15 സെന്റ് കൃഷിസ്ഥലത്തേക്കും ഇറക്കി. ഇപ്പോള്‍ ആറ് ഏക്കര്‍ സ്ഥലത്ത് കൃഷിക്ക് ഒരുങ്ങുകയാണ് അദ്ദേഹം.

ഇത് ഏറെ ഔഷധഗുണമുള്ള ഇനമാണെന്നാണ് വിദഗ്ധര്‍ പറയുന്നതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിന്റെ ചോറിന് ഇളംമധുരമാണ്. നെല്ലും തവിടും സ്വര്‍ണനിറവും. ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്. രോഗങ്ങള്‍ വളരെ കുറവാണ്. കീടനാശിനി തീരെ ഉപയോഗിക്കേണ്ടിവന്നില്ല. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ നാലായിരം കിലോ അരി ലഭിക്കും. മൂപ്പെത്താന്‍ 90 ദിവസം പിടിക്കും. തന്റെ മറ്റു വിവിധ ഇനം അരികളുടെ കൂടെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

നവര, മറ്റു നാടന്‍ ഇനങ്ങള്‍ എന്നിവ ഇപ്പോള്‍ 22 ഏക്കര്‍ സ്ഥലത്ത് ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ നെല്ലുസംഭരണക്കാര്‍ക്കും വ്യാപാരികള്‍ക്കും പരിചയമില്ലാത്തതായിരുന്നു ബസുമതി അരി.

ബസുമതി ഏക്കര്‍ കണക്കിന്സ്ഥലത്ത് കൃഷി ചെയ്ത് ആ നെല്ല് അരിയാക്കി വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അതിനായി മില്ല് സ്ഥാപിക്കാനും തീരുമാനിച്ചു. 50 ലക്ഷം രൂപ ചെലവില്‍ പന്താരങ്ങാടിയില്‍ മില്ല് സ്ഥാപിച്ചു. കേരളത്തിലെ ആദ്യ സംരംഭം ആയിരുന്നു ഇത്. ഇവിടെനിന്നും 'ബ്ലാക്ക് ഹോഴ്‌സ്' എന്ന ബ്രാന്റില്‍ ബസുമതി അരി വിപണയിില്‍ എത്തിച്ചു. ഇദ്ദേഹംതന്നെ കൃഷി ചെയ്ത നവര അരി 'ചാരുഗിരി' എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 'രക്തശാലി' അരിയും ഇതേപേരില്‍ വിപണയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ചന്ദ്രശേഖരന്‍.



Stories in this Section