നിറംപകരാന്‍ കുപ്പമഞ്ഞള്‍

Posted on: 29 Jul 2011

ഡോ. എ.കെ. പ്രദീപ്, സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി



ഏകദേശം മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ശിഖരിച്ചുവളരുന്ന മനോഹരമായ ചെറുവൃക്ഷമാണ് അനാറ്റോ. കുപ്പമഞ്ഞള്‍, കുരങ്ങുമഞ്ഞള്‍ എന്നീ പേരുകളില്‍ കേരളത്തിലും തൃണപുഷ്പി, സിന്ദൂരിപുഷ്പി, രക്തബീജ എന്നീ പേരുകളില്‍ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അറിഞ്ഞുവരുന്ന ഈ ചെടിക്ക് ഹൃദയാകാരത്തില്‍ തിളക്കമാര്‍ന്ന ഇലകളും ശാഖാഗ്രങ്ങളില്‍ വെള്ളയോ പാടലവര്‍ണം കലര്‍ന്നതോ ആയ പൂക്കള്‍ പൂങ്കുലകളിലായും കാണപ്പെടുന്നു. കാഴ്ചയില്‍ റംബൂട്ടാന്‍ ഫലങ്ങളെ അനുസ്മരിപ്പിക്കുന്ന രക്തവര്‍ണാഭ ചൊരിയുന്ന ഫലങ്ങളാണ് ഈ ചെറുവൃക്ഷത്തെ ഏറെ മനോഹരമാക്കുന്നത്. കായ്കളുടെ പുറന്തോട് മൃദുലവും ലോലവുമായ അനേകം 'മുള്ളു'കളാല്‍ ആവൃതമാണ്. ഓരോ കായയിലും അനേകം വിത്തുകള്‍ കാണാം. തൃകോണാകൃതിയിലുള്ള ഇവയുടെ വിത്തുകള്‍ ചുവന്ന പള്‍പ്പുകൊണ്ട് ആവൃതമാണ്. പള്‍പ്പില്‍ അടങ്ങിയിരിക്കുന്ന ബിക്‌സിന്‍, നോര്‍ബിക്‌സിന്‍ എന്നീ നിറം നല്കുന്ന രാസഘടകങ്ങള്‍ ഉള്ള 'അനാറ്റോ ഡൈ' ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് നിറം നല്കാന്‍ വിദേശരാജ്യങ്ങളില്‍ വ്യപാകമായി ഉപയോഗിച്ചുവരുന്നുണ്ട്. വെണ്ണ, പാല്‍ക്കട്ടി, ചോക്‌ലേറ്റുകള്‍, ഔഷധങ്ങള്‍, വസ്ത്രങ്ങള്‍, ഷൂ പോളിഷുകള്‍, ഫ്ലോര്‍ പോളീഷ് എന്നിവകളില്‍ നിറം പകരുന്ന വസ്തുവായും അനാറ്റോ ഉപയോഗിച്ചുവരുന്നുണ്ട്.

വിത്തുകളെ ആവരണം ചെയ്തിട്ടുള്ള പള്‍പ്പ് കൊതുകിനെ അകറ്റാനും ഉപകരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ബ്രസീലിലും മെക്‌സിക്കോയിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന അനാറ്റോ ഇന്ത്യയില്‍ ഒറീസ്സ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും കൃഷി ചെയ്തുവരുന്നത്.

നല്ല ജൈവവളാംശവും നിര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും അനായാസം തഴച്ചുവളരുന്ന അനാറ്റോ ചെടിയില്‍ ഫിബ്രവരി, മാര്‍ച്ച് മാസങ്ങളില്‍ കായ്കള്‍ പൊട്ടിപ്പിളരുന്നതിന് തൊട്ടുമുമ്പായി വിളവെടുപ്പ് നടത്തണം. കായകള്‍ 3-4 ദിവസം തണലില്‍ ഉണക്കി, വിത്തുകള്‍ തല്ലിയെടുക്കേണ്ടതാണ്. ഒരു വൃക്ഷത്തില്‍നിന്നും വര്‍ഷത്തില്‍ 2 മുതല്‍ 3 കിലോഗ്രാം വരെ വിത്തുകള്‍ ലഭിക്കും.

വിത്തുകള്‍ പാകിമുളപ്പിച്ച തൈകള്‍ ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8 മീറ്റര്‍ അകലത്തില്‍ മൂന്നടി (നീളം, വീതി, ആഴം) സമചതുരത്തിലുള്ള കുഴികള്‍ എടുത്ത് കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് മേല്‍മണ്ണ് നിറച്ചശേഷം നടാവുന്നതാണ്.

തൈകള്‍ നട്ട് ആദ്യവര്‍ഷംതന്നെ ചെടികള്‍ പുഷ്പാഭമായിത്തുടങ്ങുമെങ്കിലും ഇവയെ ആവശ്യത്തിന് ഉയരത്തില്‍ പ്രൂണ്‍ ചെയ്ത് ശിഖരിപ്പിച്ച് നിര്‍ത്തുന്നതാണ് ഉത്തമം.





Stories in this Section