ജൈവം, ജീവിതം

Posted on: 29 Jul 2011

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍



കൃഷി മാത്രമല്ല ജീവിതവും പ്രകൃതിയുടെ വഴിയേ കൊണ്ടുപോകുന്ന കര്‍ഷകനാണ് കെ.ബി.ആര്‍. കണ്ണന്‍. പച്ചക്കറിയും ഫലവൃക്ഷങ്ങളും ഇദ്ദേഹം ജൈവരീതിയില്‍ വിളയിക്കുന്നു.

കണ്ണൂരിലെ പയ്യന്നൂര്‍, കണ്ടോത്ത് സ്വദേശിയായ കണ്ണന് ജൈവകൃഷിയുടെ ആദ്യപാഠങ്ങള്‍ കിട്ടിയത് കൃഷിക്കാരിയായ അമ്മയില്‍നിന്ന്. ബാല്യത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. കണ്ണന്‍ ഗൗരവമായി ജൈവകൃഷിയിലേര്‍പ്പെട്ടിട്ട് കാല്‍നൂറ്റാണ്ടു പിന്നിടുന്നു. ഒരു ഹെക്ടര്‍ വ്യാപ്തിയുള്ള ഇദ്ദേഹത്തിന്റെ കൃഷിയിടം കണ്ടുപഠിക്കാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്.

സ്വന്തമായി പശുവളര്‍ത്തലുള്ള ഇദ്ദേഹത്തിന്റെ പ്രധാന ജൈവവളങ്ങള്‍ പച്ചച്ചാണകവും ബയോഗ്യാസ് പ്ലാന്റില്‍നിന്നു ലഭിക്കുന്ന ചാണകസ്ലറിയും കടലപ്പിണ്ണാക്കുമാണ്. വര്‍ഷങ്ങളായി ഇവ ഉപയോഗിക്കുന്നതിനാല്‍ കൃഷിയിടങ്ങളിലെ മണ്ണ് ജൈവസമ്പുഷ്ടവും ജലാഗിരണശേഷിയുള്ളതുമാണെന്ന് കണ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ വളരുന്ന വിളകള്‍ക്ക് രോഗകീടബാധ വളരെ കുറവായിരിക്കും. നല്ല വലിപ്പവും രുചിയുമുള്ള ഉത്പ്പനങ്ങള്‍തന്നെ ലഭിക്കുകയും ചെയ്യും.

കീടനിയന്ത്രണത്തേക്കാളേറെ പ്രതിരോധത്തിനാണ് കണ്ണന്‍ പ്രാധാന്യം നല്കുന്നത്. വെളുത്തുള്ളി, കാന്താരി, കായം തുടങ്ങി, കീടങ്ങളെ തുരത്താന്‍ കെല്പുള്ള വസ്തുക്കളുപയോഗിച്ച് ജൈവകീടനാശിനിയുണ്ടാക്കി തളിക്കുന്നു. ജൈവകൃഷിത്തോട്ടത്തില്‍ ചിത്രഷഡ്പദങ്ങള്‍ ധാരാളമുള്ളതിനാല്‍ കീടനിയന്ത്രണം പ്രകൃത്യാതന്നെ നടക്കുന്നുണ്ടെന്നാണ് കണ്ണന്റെ അനുഭവം.

35 വിവിധയിനം ഫലസസ്യങ്ങളാണ് കണ്ണന്റെ കൃഷിയിടത്തിലുള്ളത്. ഇതില്‍ പതിനൊന്നിനം മാവുകള്‍ക്ക് പുറമെ മുന്തിരിപ്പേര, കിലോപ്പേര, നീലപ്പേര, മലേഷ്യന്‍ പേര തുടങ്ങി പലയിനം പേരകളും സപ്പോട്ടയും ഫിലോസാനും പലയിനം ഓറഞ്ചുകളും മംഗോസ്റ്റിനും അത്തിയും ലൂബിക്കയുമൊക്കെ ഉള്‍പ്പെടും. അങ്ങനെ വര്‍ഷം മുഴുവന്‍ വ്യത്യസ്തഫലങ്ങള്‍ വിളവെടുക്കാനാകുന്നുണ്ട്. പഴങ്ങളില്‍ ഒരു പങ്ക് പക്ഷികള്‍ക്കും മറ്റും നല്കുന്നതില്‍ കണ്ണന്‍ സന്തോഷവാനുമാണ്. ശേഷിക്കുന്നതേ ശേഖരിച്ചുവെക്കുകയുള്ളൂ.

വ്യത്യസ്തമായ വിവിധയിനം പച്ചക്കറികള്‍ കണ്ണന്‍ വളര്‍ത്തുന്നു. ഇന്ത്യയിലൊട്ടാകെ യാത്ര ചെയ്യുന്നതിനാല്‍ അവിടങ്ങളില്‍നിന്നും ലഭിക്കുന്ന വിത്തുകള്‍ ശേഖരിക്കാന്‍ മറക്കാറില്ല. നന്നായി തോന്നുന്നവ തുടര്‍ന്നു കൃഷിചെയ്യും. ജൈവരീതിയില്‍ വിളയുന്ന കായ്കളിലെ വിത്തുകള്‍ക്ക് കരുത്തും പ്രതിരോധവും കൂടുമെന്നാണ് കണ്ണന്റെ അഭിപ്രായം. വേനലില്‍ ചെറുതൈകളെ കുടമുപയോഗിച്ചാണ് നനയ്ക്കുക. വേരിളക്കം വരാതിരിക്കാനാണിത്. വേര് ഉറച്ചുകഴിഞ്ഞാല്‍ ഹോസുപയോഗിച്ചാണ് നന. ചാണകത്തോടും സ്ലറിയോടുമൊപ്പം കപ്പലണ്ടിപ്പിണ്ണാക്ക് നല്‍കിയാല്‍ പച്ചക്കറി തഴച്ചുവളര്‍ന്ന് മികച്ച കായ്ഫലം തരുമെന്നാണ് കണ്ണന്റെ അനുഭവം തെളിയിക്കുന്നത്. വളം, മണ്ണിനു മീതെയിടുന്നതു തെറ്റാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചുവട്ടിലെ മണ്ണ് വകഞ്ഞുമാറ്റി വളമിട്ടുമൂടിയാലേ ചെടകള്‍ക്കതു ശരിയായി വലിച്ചെടുക്കാനാവൂ. പച്ചക്കറികള്‍ക്കു പുറമെ കൂവയും മറ്റു കിഴങ്ങളും ജൈവരീതിയില്‍ വിളയിക്കുന്നുണ്ട്. 60 സെന്റില്‍ ചീറ്റേനി നെല്ലിനവും ജൈവമാര്‍ഗത്തില്‍ കൃഷിചെയ്യുന്നു.

മത്തന്‍, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ വിളവെടുത്ത് കൃഷിയിടത്തില്‍ ഒരു ദിവസമിട്ടശേഷമേ ശേഖരിക്കുകയുള്ളൂ. ഇവ അടുക്കളയിലും മറ്റും ഓലക്കാലുപയോഗിച്ച് കെട്ടിത്തൂക്കിയിട്ടാല്‍ ഒരു വര്‍ഷം വരെ കേടാകാതിരിക്കുമത്രെ. തികഞ്ഞ സസ്യഭുക്കായ കണ്ണന്‍ പഴങ്ങളും പച്ചക്കറികളുമാണ് കൂടുതല്‍ ഭക്ഷിക്കുക. ഒരുനേരം മാത്രം ഒരു കപ്പു ചോറും. കുമ്പളങ്ങാദേശ ഉള്‍പ്പെടെ ഒട്ടേറെ പച്ചക്കറിവിഭവങ്ങള്‍ ഉണ്ടാക്കുന്നതിലും കണ്ണന്‍ വിദഗ്ധനാണ്. കണ്ണനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ആരോഗ്യനികേതന്‍ എന്ന പ്രകൃതിജീവനകേന്ദ്രത്തില്‍ ഇത്തരം വിഭവങ്ങളാണ് വിളമ്പുന്നത്. ജൈവകൃഷിയുടെ പ്രചാരകന്‍ കൂടിയായ കണ്ണന്‍ 'ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'യില്‍ അംഗമാണ്. കണ്ണനു കൃഷി കേവലം യാന്ത്രികമായ ഒന്നല്ല, മറിച്ച് ജീവിതവുമായി ഇഴചേര്‍ന്ന ഒരു ജൈവപ്രക്രിയയാണ്. ഫോണ്‍: 9895022658.


ജൈവകൃഷിക്ക് പൊടിക്കൈകള്‍


ജൈവകൃഷിയില്‍ കണ്ണന്‍ അനുവര്‍ത്തിക്കുന്ന ചില തന്ത്രങ്ങള്‍.
* പച്ചച്ചാണകം, കടലപ്പിണ്ണാക്ക് എന്നിവ അഞ്ചിനൊന്നെന്ന അനുപാതത്തില്‍ വെള്ളം ചേര്‍ത്ത് പായസരൂപത്തില്‍ കലക്കി 9 ദിവസം പുളിപ്പിച്ച് അതേ അളവുവെള്ളം ചേര്‍ത്ത് ചുവട്ടില്‍ വീഴ്ത്തിയാല്‍ പച്ചക്കറികള്‍ നന്നായി വളര്‍ന്നുകായ്ക്കും. ചാണകം ഇട്ട് ദിവസത്തിലധികം പഴകിയതാകരുത്.
* നാടന്‍പശുവിന്റെ മൂത്രം 8 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ചുവട്ടില്‍ വീഴ്ത്തുകയും തളിക്കുകയും ചെയ്താല്‍ വളര്‍ച്ച ത്വരിതപ്പെടും, കീടശല്യം കുറയും.
* 20 ഗ്രാം പച്ചമഞ്ഞള്‍ 200 ലിറ്റര്‍ ഗോമൂത്രത്തില്‍ കലക്കി തളിച്ച് കീടങ്ങളെ അകറ്റാം.
* ചെറുപ്രായത്തില്‍ ഇലകള്‍ വെട്ടുന്ന കീടങ്ങളെ അകറ്റാന്‍ രാവിലെ നനച്ചശേഷം ഇലകളില്‍ പൂഴിമണ്ണ് വിതറുക.
* 50 ഗ്രാം വെളുത്തുള്ളി 25 ഗ്രാം ഇഞ്ചി (കായം), 25 ഗ്രാം പച്ചമുളക് (കാന്താരി) എന്നിവ ഓരോ കപ്പുവെള്ളത്തില്‍ അരച്ചുണ്ടാക്കിയ ലായിനി 3 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് അരിച്ചുതെളിച്ച് കീടശല്യമകറ്റാം.
* പച്ചക്കറികള്‍ക്ക് വേപ്പിന്‍പിണ്ണാക്ക് ചുവട്ടില്‍ ചേര്‍ത്ത് നിമാവിരശല്യമില്ലാതാക്കാം.





Stories in this Section