പച്ചപ്പ് നിലനിര്‍ത്താന്‍ 'ജീവന്‍പച്ച'

Posted on: 28 Jul 2011

പി.ടി. സിറാജുദ്ദീന്‍



വര്‍ധിച്ചുവരുന്ന കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും നമുക്ക് അന്യം നിന്നുപോകുന്ന കൃഷിവിളകളെ സംരക്ഷിക്കാനും വിത്തുകളും മറ്റു നടീല്‍ വസ്തുക്കളും നമ്മുടെ സ്വന്തം സ്വത്തായി സംരക്ഷിക്കാനും പുരയിടകൃഷിരീതിയിലൂടെ ഒരു കാര്‍ഷിക നവോത്ഥാന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് കോഴിക്കോട് ജില്ലയില്‍ വേങ്ങേരിയിലെ 'നിറവ്'. പൊതുജന പങ്കാളിത്തത്തോടെ വിളകളുടെ വിത്ത് ഉത്പാദിപ്പിച്ചും തൈവളര്‍ത്തിയും വിതരണം ചെയ്ത് പ്രചരിപ്പിക്കുന്ന ഈ പദ്ധതിക്ക് 'ജീവന്‍ പച്ച' എന്ന പേരും നല്‍കി.

ആഗോള താപനത്തെ ചെറുക്കാന്‍ മരം മറുപടിയാകുമ്പോള്‍ മൂന്ന് സെന്റ് ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന വീട് മാത്രമുള്ള ഒരു കുടുംബത്തിന് മരം വെക്കാന്‍ ഇടമില്ല. എന്നാല്‍ ഒന്നോ രണ്ടോ ചതുരശ്രമീറ്ററില്‍ ചതുരപ്പയര്‍ പന്തലിടാന്‍ അവര്‍ക്കും കഴിയും. പതിനായരം ചതുരപ്പയര്‍ത്തൈകളാണ് ഈ പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്ത് വളര്‍ത്തുന്നത്. ഇതില്‍ നിന്നുള്ള വിത്തുകള്‍ സമീപ പഞ്ചായത്തുകളിലേക്കും തുടര്‍ന്ന് ജില്ല മുഴുവനും വ്യാപിപ്പിക്കാനും അതിലൂടെ ഈ പദ്ധതി പ്രചരിപ്പിക്കാനും ഇത് സഹായിക്കുമെന്ന് പദ്ധതിയുടെ കാര്യദര്‍ശി ബാബു പറയുന്നു.

നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും വേണ്ടത്ര മുറ്റത്ത് വളര്‍ത്തുന്ന കാര്‍ഷിക സംസ്‌കൃതി നമുക്കുണ്ടായിരുന്നു. അത് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെയും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ സ്വീകരിക്കാതെയും മണ്ണിന്റെ പച്ചപ്പ് നിലനിര്‍ത്തി ചൂടേറുന്ന ഭൂമിക്ക് തണുപ്പേകുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ ഹരിത പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളായ പാരമ്പര്യവിത്തുകളുടെ ഉത്പാദനവും ഉടമസ്ഥാവകാശവും സൂക്ഷിപ്പും ഓരോ കര്‍ഷകന്റെയും കൈയിലെത്തിക്കുന്നതിന് പദ്ധതി സഹായമാണ്.

വേങ്ങേരിയിലെ നൂറ്റൊന്ന് വീട്ടുകാരുടെ കൂട്ടായ്മയാണ് നിറവ്. അവരോടൊപ്പം ഗ്രീന്‍വേള്‍ഡ് നിവാസികളും പ്രോവിഡന്‍സ് വിമന്‍സ് കോളേജിലെ വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കാളികളായി. 2006ല്‍ പന്ത്രണ്ട് ഏക്കര്‍ തരിശുനിലത്ത് നെല്‍കൃഷി ചെയ്തായിരുന്നു ഹരിത മുന്നേറ്റത്തിന് തുടക്കം. നാടന്‍ വഴുതനയിനങ്ങളുടെ പ്രചാരണം, നാട്ടുമാവ് സംരക്ഷണം, നാടന്‍ പച്ചക്കറികളുടെ പുനരുദ്ധാരണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ജീവന്‍ പച്ച മുന്നേറുന്നത്. ഓരോവര്‍ഷവും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുകയും തുടര്‍ന്നു വരുന്ന വര്‍ഷങ്ങളില്‍ നിലനിര്‍ത്തുകയും വിലയിരുത്തുകയും ചെയ്താണ് കാര്‍ഷിക മേഖലയിലൂടെ വേങ്ങേരി ദേശത്തിന്റെ വന്‍ മുന്നേറ്റത്തില്‍ സംഘം ചുവടുറപ്പിക്കുന്നത്. ഫോണ്‍: 9447276177.





Stories in this Section